ബൈക്ക്‌ തടഞ്ഞുനിര്‍ത്തി ഫോട്ടോഗ്രാഫര്‍മാരെ മര്‍ദ്ദിച്ചു

Sunday 10 July 2011 11:43 pm IST

ചങ്ങനാശേരി: സംഘം ചേര്‍ന്നെത്തിയ അക്രമികള്‍ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ഫോട്ടോഗ്രാഫര്‍മാരെ മര്‍ദിച്ചതായി പരാതി. ഫൊട്ടോഗ്രഫര്‍മാരായ ഇത്തിത്താനം ഏനാച്ചിറ പാറച്ചിറയില്‍ പി.ആര്‍. മധു (33), പായിപ്പാട്‌ നാലുകോടി ഇച്ചിലോടില്‍ സാജന്‍ ജോസഫ്‌ (40) എന്നിവരെ പരിക്കുകളോടെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശേരി വാഴൂറ്‍ റോഡില്‍ കൂത്രപ്പള്ളിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ്‌ അക്രമം നടന്നത്‌. കാനത്തുനിന്നു ജോലികഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങുകയായിരുന്ന മധുവും സാജനും സഞ്ചരിച്ചിരുന്ന ബൈക്കിനെ ഒരു സംഘം ആളുകള്‍ പിന്നാലെ പിന്തുടരുകയായിരുന്നു. കൂത്രപ്പള്ളിയില്‍ എത്തിയപ്പോള്‍ ബൈക്കിന്‌ കുറുകെ ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയശേഷം അകാരണമായി മര്‍ദിക്കുകയാണ്‌ ഉണ്ടായതെന്നു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. നിങ്ങള്‍ക്ക്‌ ആളുമാറിയെന്നും തങ്ങള്‍ ഫൊട്ടോഗ്രഫര്‍ മാരാണെന്നു പറഞ്ഞെങ്കിലും മര്‍ദനം തുടര്‍ന്നെന്ന്‌ ഇരുവരും പറഞ്ഞു. സംഘത്തില്‍ പതിനഞ്ചോളം പേരുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കറുകച്ചാല്‍ പൊലീസ്‌ കേസെടുത്തു. അക്രമത്തില്‍ ഓള്‍ കേരള ഫൊട്ടോഗ്രഫേഴ്സ്‌ അസോസിയേഷന്‍ ചങ്ങനാശേരി മേഖലാ യോഗം പ്രതിഷേധിച്ചു.