സ്വകാര്യ വിദ്യാലയങ്ങള്‍ പ്ലസ് വണ്‍ പ്രവേശന വ്യാപാരം തുടങ്ങി

Sunday 11 June 2017 7:10 pm IST

  തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ അവസാനിക്കും മുമ്പേ സ്വകാര്യ വിദ്യാലയങ്ങള്‍ പ്ലസ് വണ്‍ പ്രവേശന കച്ചവടം തുടങ്ങി. വിദ്യാര്‍ത്ഥികളെ നിര്‍ബ്ബന്ധിച്ച് അപേക്ഷാ ഫോറം വാങ്ങിപ്പിക്കുന്ന നടപടി സ്‌കൂളുകളില്‍ ആരംഭിച്ചു. എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ച ശേഷമേ പ്ലസ്‌വണ്‍ പ്രവേശന നടപടിക്രമങ്ങള്‍ ആരംഭിക്കാവൂ. അപേക്ഷാ ഫോറം വിതരണം ചെയ്യുന്ന തീയതി മുതല്‍ പ്രവേശനം പൂര്‍ത്തിയാക്കുന്ന തീയതി വരെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതനുസരിച്ചായിരിക്കണം എയ്ഡഡ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശന നടപടി ആരംഭിക്കേണ്ടത്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവേശനത്തിനുള്ള ഫോം വില്‍പ്പന. നൂറ് രൂപ മുതല്‍ അഞ്ഞൂറ് രൂപ വരെയാണ് ഫോമിന് ഈടാക്കുന്നത്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളില്‍ ഇരുപത് ശതമാനം സീറ്റില്‍ മാനേജ്‌മെന്റിന് പ്രവേശനം നടത്താം. ഈ സീറ്റുകളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തലവരിപ്പണം വാങ്ങും. സയന്‍സ് വിഷയങ്ങള്‍ക്ക് 25,000 മുതല്‍ 50,000 രൂപ വരെയാണ്. ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് പതിനയ്യായിരത്തിനും ഇരുപത്തി അയ്യായിരത്തിനും ഇടയ്ക്കും. ഈ കച്ചവടം നേരത്തെ ഉറപ്പിക്കാനാണ് അപേക്ഷാ സര്‍ക്കാര്‍ ഉത്തരവിനു മുമ്പ് വിതരണം ചെയ്യുന്നത്. വിദ്യാര്‍ത്ഥിനികള്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലാണ് കൂടുതല്‍ വ്യാപാരം നടക്കുന്നത്. മെരിറ്റില്‍ മറ്റ് വിദ്യാലയങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചാലും വിദ്യാര്‍ത്ഥിനികളെ അയയ്ക്കാന്‍ ചില രക്ഷിതാക്കള്‍ തയ്യാറാകില്ല. ഈ അവസരം മാനേജ്‌മെന്റുകള്‍ മുതലെടുക്കുന്നു. കൂടാതെ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് സീറ്റ് നേരത്തെ ഉറപ്പിക്കാറുണ്ട്. ആ വിദ്യാര്‍ത്ഥികള്‍ക്ക് വെക്കേഷന്‍ ക്ലാസ്സുകളും ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ നടത്തും. ട്യൂഷന്‍ ഫീസ് വാങ്ങിയാണ് വേക്കേഷന്‍ ക്ലാസ്സുകള്‍ നടത്തുക. ഇത്തരത്തില്‍ ക്ലാസ്സൂകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചാലും പേകാറില്ല. ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് നടത്തുന്ന ഫോറം വിതരണം നിയമവിരുദ്ധമാണെന്ന് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.