മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുകള്‍ മുങ്ങി ഇരുനൂറോളം പേര്‍ മരിച്ചു

Sunday 11 June 2017 5:20 pm IST

മാഡ്രിഡ്: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുകള്‍ മുങ്ങി ഇരുനൂറോളം അഭയാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായി. ലിബിയയില്‍ നിന്ന് ഇറ്റലി ലക്ഷ്യമാക്കി സഞ്ചരിച്ച രണ്ട് ബോട്ടുകളാണ് അമിത ഭാരത്തെ തുടര്‍ന്ന് മറിഞ്ഞത്. ഇറ്റാലിയന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഞ്ചു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 15നും 25നും ഇടയില്‍ പ്രായമുള്ള ആഫ്രിക്കന്‍ വംശജരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ലിബിയന്‍ തീരത്തുനിന്നും 15 മൈല്‍ അകലെയാണ് അപകടമുണ്ടായത്.അപകടത്തില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ബോട്ടുകളിലുമായി ഇരുന്നൂറ്റിയമ്പതോളം അഭയാര്‍ത്ഥികള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലേയ്ക്ക് 2017വര്‍ഷത്തില്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ഥികള്‍ എത്തിയതായാണ് രാജ്യാന്തര അഭയാര്‍ഥി സംഘടനയുടെ (ഐഒഎം) കണക്ക്.  അതീവ ദുഷ്‌കരമായ കടല്‍ യാത്രകളില്‍ അറുനൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇറ്റലിയില്‍ എത്തിയത് 19,0000 അഭയാര്‍ഥികളാണ്. അതേസമയം, രാജ്യാന്തര സംഘടനകളുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബര്‍വരെ 4000ല്‍ അധികം അഭയാര്‍ഥികള്‍ക്ക് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള യാത്രയില്‍ ജീവന്‍ നഷ്ടമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.