ബജറ്റ് പൂര്‍ത്തീകരണത്തിന് കിഫ്ബിയുടെ സഹായം അഭ്യര്‍ത്ഥിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്

Friday 24 March 2017 9:45 pm IST

കണ്ണൂര്‍: കഴിഞ്ഞ വര്‍ഷത്തെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ കിഫ്ബി സഹായം പ്രതീക്ഷിച്ച് ജില്ലാ പഞ്ചായത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്. 2017-18 വര്‍ഷം 109 കോടി രൂപ ചെലവും 103 കോടിരൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ പി. പി.ദിവ്യ അവതരിപ്പിച്ചത്. സയന്‍സ് പാര്‍ക്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 9 ലക്ഷം രൂപ അനുവദിക്കും. ദാരിദ്ര ലഘൂകരണ യൂണിറ്റ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രാരംഭബാക്കിയായ 4,84,000 ഉള്‍പ്പടെ 158,61,81,750 വരുമാനം പ്രതീക്ഷിക്കുന്നു. പദ്ധതിയിനത്തില്‍ 153,52,22,750 രൂപ ചെലവ് കണക്കാക്കുന്നത്. ജില്ലയിലെ 11 ഗ്രാമങ്ങളെ കാര്‍ഷിക സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റും. ആറളം ഫാം മേഖലയെ പ്രൊഡക്ഷന്‍ ഹബ്ബായി ഉയര്‍ത്തി സ്വയംപര്യാപ്ത ജില്ലയാക്കി മാറ്റും. സ്ത്രീകള്‍ക്ക് കരുത്ത് പകരാന്‍ ജന്റില്‍ വുമണ്‍ പദ്ധതി, സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറികളും ഷീ-ടോയ്‌ലെറ്റും, വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പരിശീലനം, സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പ്രവര്‍ത്തന വിപുലീകരണം, ദുര്‍ഗ്ഗന്ധമില്ലാത്ത ശൗചാലയം പദ്ധതി, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ അറവ് മാലിന്യവിമുക്ത ജില്ലയാക്കി കണ്ണൂരിനെ മാറ്റാനുള്ള പദ്ധതിക്കായി 10 കോടി രൂപയാണ് വകയിരുത്തിയത്. അതിനായി ചട്ടുകപ്പാറയില്‍ റെന്ററിംഗ് പ്ലാന്റ് ആരംഭിക്കും. ജില്ലയിലെ പുഴ സംരക്ഷണത്തിനായി തുടങ്ങിയ 'അഴുക്കില്‍ നിന്ന് അഴകിലേക്ക്' പദ്ധതി തുടര്‍ന്ന് കൊണ്ടുപോകും. എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ച്ചെറി പരിശീലനവും സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിനും പദ്ധതിയുണ്ട്. ജില്ലാ ആശുപത്രിയോടൊന്നിച്ചുള്ള ഡയാലിസിസ് സെന്ററിന് ഒരുകോടി രൂപ, കാങ്കോല്‍ ഫാമില്‍ മോഡേണ്‍ റൈസ് മില്‍, പച്ചക്കറിയുടെ ഗുണനിലവാരം പരിശോധിക്കാന്‍ ക്വാളിറ്റി ചെക്കിംഗ് മൊബൈല്‍ യൂണിറ്റ്, തേന്‍ കൃഷി പ്രോല്‍സാഹിപ്പിച്ച് കണ്ണൂരിനെ തേന്‍ജില്ലയാക്കാനുള്ള പദ്ധതി, കുറുമാത്തൂര്‍ ട്രൈനിംഗ് സെന്ററില്‍ ഡോര്‍മെറ്ററി സൗകര്യം, പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ഹാച്ചറി പൂര്‍ത്തീകരിച്ച് ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുക, യുവാക്കള്‍ക്കായി വാട്ടര്‍ സ്‌പോര്‍ട്ട്‌സ് പരിശീലനം, 1000 യുവതീ യുവാക്കള്‍ അംഗങ്ങളാകുന്ന ദ്രുതകര്‍മ്മസേനയുടെ രൂപീകരണം, ജില്ലാപഞ്ചായത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സ്വയം പര്യാപ്തതക്ക് വേണ്ടി സോളാര്‍പ്ലാന്റുകള്‍ എന്നിവ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ആസ്തികള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന ബജറ്റില്‍ നിന്ന് ജില്ലാപഞ്ചായത്തിലേക്ക് ജനറല്‍ വിഭാഗത്തില്‍ 36 കോടി 69 ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തില്‍ 6 കോടി 26 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗവിഭാഗത്തില്‍ ഒരുകോടി 96 ലക്ഷവും ലഭിക്കും. 2017-18 വര്‍ഷത്തില്‍ പ്രാരംഭ ബാക്കിയുള്‍പ്പെടെ 117,23,14,225 രൂപ ലഭിക്കുമെന്നാണ് ബജറ്റ് പ്രതീക്ഷ. കൃഷി, വിദ്യാഭ്യാസം, യുവജനകാര്യം, ആരോഗ്യം, ശുചിത്വം, പ്രാദേശിക വികസനം, വനിതാ വികസനം തുടങ്ങി വിവിധ മേഖലകളില്‍ വികസനത്തിനായി 109,40,45,340 രൂപയും ചെലവ് പ്രതീക്ഷിക്കുന്നു. അതേസമയം പൊതുമരാമത്ത് വകുപ്പില്‍ കാര്യമായ സംഭാവനകളില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 37 കോടിരൂപയും ജില്ലാപഞ്ചായത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 7 കോടിരൂപയും മാത്രമാണ് ബജറ്റിലുള്ളത്. പൊതുകുടിവെള്ള പദ്ധതിക്കായി 50 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ നടപടിക്കായി ഇത്തവണയും തുക വകയിരുത്തിയിരിക്കുന്നു. സംസ്ഥാന ധനമന്ത്രിയുടെ മാതൃകയില്‍ സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ബജറ്റ് തയ്യാറാക്കിയതെന്ന് അവകാശപ്പെടുമ്പോഴും അവയില്‍ എത്രയെണ്ണം ബജറ്റില്‍ ഉള്‍പ്പെടുത്തി എന്നതും ചര്‍ച്ച ചെയ്യണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.