കോതമംഗലം പീഡനം: മുഖ്യപ്രതി അറസ്റ്റില്‍

Monday 11 July 2011 10:28 am IST

കോതമംഗലം: നെല്ലിക്കുഴിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി നെല്ലിക്കുഴി മൂശാരിക്കുടി ബക്കര്‍ എന്ന അജാസിനെ(27) പോലീസ്‌ അറസ്റ്റു ചെയ്‌തു. നേര്യമംഗലത്ത്‌ നിന്ന്‌ പിടികൂടിയ ഇയാള്‍ക്കെതിരെ കോതമംഗലം പോലീസ്‌ ലുക്ക് ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവും സമീപവാസിയുമാണ് ബക്കര്‍‍. ആദ്യമായി പീഡിപ്പിച്ചത്‌ ബക്കറാണെന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളോടൊപ്പം പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ച രണ്ട് സഹപാഠികളും അറസ്റ്റിലായിട്ടുണ്ട്. കേസിലെ 22 പ്രതികളില്‍ പത്ത് പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ ബക്കര്‍ പോലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങാന്‍ ശ്രമിച്ചെങ്കിലും മുഖ്യപ്രതിയാണെന്ന്‌ അറിഞ്ഞതോടെ പിന്‍മാറിയതായി പറയപ്പെടുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരവധി പ്രാവശ്യം ലൈംഗിക പീഡനത്തിനിരയാക്കിയതും പലര്‍ക്കായി നിരവധി തവണ പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥിയായി ബക്കര്‍ മത്സരിച്ചിരുന്നു.