എ ഗ്രൂപ്പിന് ആധിപത്യം ഐ ഗ്രൂപ്പ് തകര്‍ന്നടിഞ്ഞു

Friday 24 March 2017 10:33 pm IST

തൃശൂര്‍: കൂറുമാറിയും കൂറുമാറ്റിയും നേതാക്കളും കുട്ടിനേതാക്കളും മത്സരിച്ച കെഎസ്‌യു ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെ നിലംപരിശാക്കി എ ഗ്രൂപ്പിന് ആധിപത്യം. എ ഗ്രൂപ്പിലെ മിഥുന്‍ മോഹന്‍ ജില്ലാപ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ഐ ഗ്രൂപ്പ് രണ്ട് പാനലായാണ് മത്സരിച്ചത്. ഇന്നലെവരെ ഐ ഗ്രൂപ്പുകാരനായിരുന്ന മിഥുന്‍ മോഹനെ എ ഗ്രൂപ്പ് റാഞ്ചി സ്വന്തംപാനലില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയായിരുന്നു. എ ഗ്രൂപ്പിന്റെ വിജയം ഉറപ്പാക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ഡിസിസി പ്രസിഡണ്ട് പി.എ.മാധവന്‍ തുടങ്ങിയവര്‍ തന്നെ കളത്തിലിറങ്ങി. കെഎസ്‌യു മുന്‍ ജില്ലാപ്രസിഡണ്ട് ഐ ഗ്രൂപ്പുകാരനായിരുന്ന ശോഭ സുബിന്‍ ഉള്‍പ്പടെയുള്ളവര്‍ കൂറുമാറി എ ഗ്രൂപ്പിനെ സഹായിച്ചു. ഇതോടെ ജില്ലയില്‍ ഐ ഗ്രൂപ്പ് തകര്‍ന്നടിഞ്ഞു. ഐ ഗ്രൂപ്പിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നിഖില്‍ ജോണിന് 263 വോട്ടാണ് ലഭിച്ചത്. വിജയിയായ മിഥുന്‍ മോഹന് 404 വോട്ട് ലഭിച്ചു. ഐ ഗ്രൂപ്പില്‍ നിന്നുതന്നെ കെ.മുരളീധരന്റെ പ്രതിനിധിയായി മത്സരിച്ച ഫെബിന്‍ അലക്‌സിന് 24ഉം ഡേവിഡ് കുര്യന് 52വോട്ടും മാത്രമാണ് ലഭിച്ചത്. സംവരണസീറ്റില്‍ മത്സരിച്ച എ.എസ്.ശ്രീജിലിന് 15 വോട്ടും ലഭിച്ചു. ജനറല്‍ സെക്രട്ടറി, സെക്രട്ടറി പോസ്റ്റുകള്‍ ഉള്‍പ്പടെ 22 സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 13 എണ്ണം എ ഗ്രൂപ്പ് നേടി. ഏഴെണ്ണം ഐ ഗ്രൂപ്പിനും ഓരോന്നുവീതം മുരളീധരന്‍ വിഭാഗവും പത്മജവിഭാഗവും സ്വന്തമാക്കി. പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തി തെളിയിക്കാനുള്ള വേദിയായി കെഎസ്‌യു തെരഞ്ഞെടുപ്പിനെ കാണണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു എ ഗ്രൂപ്പ്. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇതിനായി തന്ത്രങ്ങള്‍ മെനഞ്ഞതോടെ ഐ ഗ്രൂപ്പ് തകര്‍ന്നടിയുകയായിരുന്നു. കെഎസ്‌യു തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടാനായതോടെ ഡിസിസി പ്രസിഡണ്ട് ടി.എന്‍.പ്രതാപനെതിരായ നീക്കം ഉമ്മന്‍ചാണ്ടി വിഭാഗം ശക്തമാക്കും. ഇന്നലെ രാവിലെ പത്തുമണിയോടെയാരംഭിച്ച തെരഞ്ഞെടുപ്പ് വന്‍ പോലീസ് സന്നാഹത്തോടെയാണ് നടന്നത്. സിസിടിവി ക്യാമറ ഉള്‍പ്പടെ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.