മീനഭരണി മഹോത്സത്തിന് തുടക്കം: കോഴിക്കല്ല് മൂടല്‍ ഭക്തിസാന്ദ്രം

Friday 24 March 2017 10:38 pm IST

കൊടുങ്ങല്ലൂര്‍: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മീനഭരണി മഹോത്സത്തിന് തുടക്കം കുറിച്ച് കോഴിക്കല്ലുകള്‍ മൂടി.ദേവി സ്തുതികള്‍ അലയടിച്ച ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് ചടങ്ങ് നടന്നത്. ദേവി ദാരികയുദ്ധം തുടങ്ങുന്നതിനെ അനുസ്മരിച്ചാണ് മുന്‍ കാലത്ത് കോഴിവെട്ട് നടത്തിയിരുന്നത്. കോഴി വെട്ട് നിരോധിച്ചതോടെ കോഴിക്കല്ലുകള്‍ മൂടി ചെമ്പട്ടു വിരിച്ച് കോഴിയെ സമര്‍പ്പിക്കല്‍ ആരംഭിച്ചു.ഇന്നലെ രാവിലെ പത്തു മണിയോടെ വലിയ തമ്പുരാന്റെ അനുമതി വാങ്ങിയെത്തിയ ഭഗവതി വീട്ടുകാര്‍ ക്ഷേത്രത്തിന്റെ വടക്ക മുറ്റത്തെ വലിയ ദീപസ്തംഭത്തിനടുത്തുള്ള വൃത്താകൃതിയിലുള്ള രണ്ടു. കോഴിക്കല്ലുകളും തിരുമുറ്റത്തു കുഴിച്ചുമൂടി.തുടര്‍ന്ന് മണ്‍തിട്ടയുണ്ടാക്കി ചെമ്പട്ടു വിരിച്ചു.തച്ചോളി തറവാട്ടിലെ കോഴി ഹാജരുണ്ടോ എന്നു വിളിച്ചു ചോദിച്ചു.ഈ സമയത്ത് തച്ചോളി തറവാട്ടില്‍ നിന്നുള്ള അവകാശികള്‍ ചെമ്പട്ടിനു മുകളില്‍ കോഴികളെ സമര്‍പ്പിച്ചു.തിങ്ങി നിറഞ്ഞ ഭക്തജനങ്ങള്‍ ശരണം വിളികള്‍ മുഴക്കി ദേവിസ്തുതികള്‍ പാടി. ഭഗവതി വീട്ടിലെ പടനായകന്‍ ഗിരീഷ്, രാകേഷ്, സുജയ്, സുജി, അനന്തകൃഷ്ണന്‍ ,ദേവ ദേവന്‍ എന്നിവരും തച്ചോളി തറവാട്ടിലെ മീത്തല മാണിക്കോത്ത് വിജയരാഘവന്‍, പറമ്പത്ത് ബാല കുറുപ്പ്, പറമ്പത്ത് രാധാകൃഷ്ണന്‍ ,തന്ത്രപിളളി ജയചന്ദ്രന്‍ ,ശന്തനു എന്നിവരാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ: എം.കെ.സുദര്‍ശനന്‍, സെക്രട്ടറി ഹരി.അര്‍, ഡെപ്യൂട്ടി സെക്രട്ടറി രാജേന്ദ്രപ്രസാദ്, അസി.കമ്മീഷണര്‍ വി.ജി.വിദ്യാസാഗര്‍, ദേവസ്വം മാനേജര്‍ ഉഷാകുമാരി, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.ജി.ശശിധരന്‍, സെക്രട്ടറി ഇറ്റിത്തറ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.