കൈയേറ്റങ്ങള്‍ മൂന്നാറിനെ നശിപ്പിക്കുന്നു; സ്ഥിതി അതീവ ഗുരുതരം

Sunday 11 June 2017 2:26 pm IST

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങള്‍ അതീവ ഗുരുതരമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്നാറിനെ നശിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. ടി. ജെയിംസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 21 ശുപാര്‍ശകളും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്. കണ്ണന്‍ദേവന്‍ ഹില്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ കൈയേറ്റം വ്യാപകമാണ്. പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും കള്ളപ്പട്ടയങ്ങളും പരിശോധിക്കാന്‍ സാധിക്കുന്നില്ല. അനധികൃത ഭൂമി കൈയേറ്റവും അനധികൃത നിര്‍മ്മാണവും വ്യാപകമായി തുടരുകയാണ്. ഇവിടത്തെ പരിസ്ഥിതിയും അതീവ ഗുരുതരാവസ്ഥയിലാണ്. ഏലമലക്കാടുകളില്‍ കൈയേറ്റത്തിന് പുറമേ ഖനനവും നടക്കുന്നു. അത് പരിസ്ഥിതിക്ക് അതീവ ദോഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനഭൂമിയുടെ സ്വഭാവമുള്ളതിനാല്‍ ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനം അടിയന്തിരമായി തടയണം. ഏലത്തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും എ. ടി. ജെയിംസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കൈയേറ്റങ്ങള്‍ ഫലപ്രദമായി തടയാന്‍ ദേവികുളം കളക്ടര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. എആര്‍ ക്യാമ്പില്‍ നിന്നുള്ള പോലീസ് സംഘത്തെ ക്രമസമാധാന പാലനത്തിന് നിയോഗിക്കാന്‍ കളക്ടറുടെ കീഴില്‍ കൊണ്ടുവരണം. കൈയേറ്റം തടയാനും കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനും രൂപീകരിച്ച ഭൂസംരക്ഷണ സേനയിലെ അംഗങ്ങളുടെ എണ്ണം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അതോറിറ്റി രൂപീകരിക്കണം. ജില്ലാ കളക്ടര്‍ക്കുള്ള അധികാരങ്ങള്‍ അതോറിറ്റിക്ക് നല്‍കണം. കൈയേറ്റങ്ങള്‍ പരിശോധിക്കാനും ഒഴിപ്പിക്കാനുമുള്ള അധികാരം അതോറിറ്റിക്കുണ്ടാകണം. പരിസ്ഥിതി സ്‌നേഹികള്‍, കൃഷി, റവന്യൂ, വനം എന്നീ വകുപ്പുകളിലെ പ്രതിനിധികളും അതോറ്റിയിലുണ്ടാകണം. ഭൂമി സംരക്ഷണസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമനിര്‍മ്മാണം നടത്തണം. മൂന്നാറില്‍ യൂക്കാലിപ്‌സ് മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് നിര്‍ത്തലാക്കണം. മൂന്നാറിനെ സ്‌പെഷ്യല്‍ ടൂറിസം സോണായി പ്രഖ്യാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. സബ് കളക്ടറെ മാറ്റില്ലെന്ന് മന്ത്രി തിരുവനന്തപുരം: കൈയേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സബ് കളക്ടറെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം ശക്തമായി ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. പ്രാദേശിക എതിര്‍പ്പുകളുടെ പേരില്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റില്ല. കൈയേറ്റ ഭൂമി തിരികെ പിടിക്കുക എന്നത് സര്‍ക്കാര്‍ നയമാണ്. അനധികൃത നിര്‍മാണവും കയ്യേറ്റവും പരിശോധിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ തടസ്സം നില്‍ക്കുന്നുവെന്ന ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.