മദ്യലോബിക്ക് സര്‍ക്കാര്‍  കീഴടങ്ങിയെന്ന്

Saturday 25 March 2017 1:03 am IST

കൊച്ചി: കേരളസര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ നേതൃയോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു. സര്‍ക്കാരിന്റെ മദ്യനയം പറയണം, നിലവില്‍ അടച്ചിട്ടിരിക്കുന്ന ബാറുകള്‍ക്കും അനുമതി കൊടുക്കുവാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. എല്ലാ ബസ്‌സ്‌റ്റോപ്പിലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള നീക്കവും ജനവഞ്ചനയാണ്. ഘട്ടംഘട്ടമായ മദ്യവര്‍ജനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 
ഏറ്റവും വലിയ ജലദൗര്‍ലഭ്യം നേരിടുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ മഴക്കാടുകള്‍ക്കുവേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിക്കുകയാണ് വേണ്ടത്. മരം നശിപ്പിക്കുകയല്ല വേണ്ടത്. വിവരക്കേടുകളുടെ പര്യായമായി കേരള മന്ത്രിമാര്‍ മാറിയിരിക്കുകയാണെന്നും  രാധാകൃഷ്ണന്‍ പറഞ്ഞു.
ജില്ലാ ഉപാധ്യക്ഷന്‍ ടി.പി. മുരളി അധ്യക്ഷനായി. ജില്ലാ അധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസ്, സംഘടനാ സെക്രട്ടറി ജി. കാശിനാഥ്, ജില്ലാ ജന.സെക്രട്ടറിമാരായ അഡ്വ. കെ.എസ്. ഷൈജു, എം.എന്‍. മധു, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, നാഷണല്‍ കൗണ്‍സില്‍ അംഗം നെടുമ്പാശ്ശേരി രവി, എം.കെ. ധര്‍മ്മരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.