ലഹരി കവരുന്ന കൗമാരം

Thursday 16 June 2011 5:31 pm IST

അറബിക്കടലിന്റെ റാണി ഇന്ന്‌ ലഹരിയുടെ തലസ്ഥാനം കൂടി ആവുകയാണ്‌. ഓരോ ദിവസവും ദിനപത്രം എടുത്താല്‍ കഞ്ചാവ്‌ കടത്തുകാരേയോ മയക്കുമരുന്ന്‌ വിതരണക്കാരേയോ പിടിച്ചുവെന്ന വാര്‍ത്തയാണ്‌ വായിക്കേണ്ടിവരുന്നത്‌. കഞ്ചാവും മയക്കുമരുന്നുമെല്ലാം ഉപയോഗിക്കുന്നവരില്‍ ഭൂരിപക്ഷവും കേരളത്തിന്റെ ഇളം തലമുറയാണെന്ന്‌ തിരിച്ചറിയുമ്പോള്‍ കേരള യുവത്വത്തിന്റെ ഭാവി എന്ത്‌ എന്ന ചോദ്യം ന്യായമായി ഉയരുന്നു. പാന്‍പരാഗിലും ഹാന്‍സിലും തുടങ്ങി വൈറ്റ്നര്‍, പശ എന്നിവയ്ക്കുശേഷം കഞ്ചാവിലേക്കും വേദനസംഹാരി ഗുളികകളുടെ ലഹരിയിലേക്കും മദ്യോപയോഗത്തിലേക്കും കുതിക്കുന്നു. ഇളം തലമുറയുടെ തെറ്റായ പോക്കിനെ തിരിച്ചറിയാന്‍ കൂടി കഴിയാത്ത മാതാപിതാക്കളാണ്‌ ഇന്ന്‌ കേരളത്തില്‍ സ്നേഹം നല്‍കുന്നതിന്‌ പകരം ഇഷ്ടംപോലെ പോക്കറ്റ്മണി നല്‍കുന്നത്‌. അച്ഛനമ്മമാര്‍ മക്കള്‍ക്ക്‌ ഒരു ദിവസം നൂറും ഇരുന്നൂറും രൂപയാണ്‌ പോക്കറ്റ്മണി നല്‍കുന്നതത്രെ. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും തൊഴിലാളികളും ശാരീരികമായും മാനസികമായും ആത്മീയമായും അധഃപതിക്കുന്നതിനെതിരെ സമൂഹവും മനുഷ്യസ്നേഹികളും ഉണരേണ്ട സമയമാണിത്‌. മനഃശാസ്ത്രജ്ഞര്‍ ഒറ്റസ്വരത്തില്‍ പറയുന്നത്‌ അവരുടെ അടുത്തുവരുന്ന ലഹരിക്കടിമപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നുവെന്നാണ്‌. അസോസിയേറ്റ്സ്‌ ചേംബര്‍ ഓഫ്‌ കൊമേഴ്സ്‌ ആന്റ്‌ ഇന്‍ഡസ്ട്രീസ്‌ നടത്തിയ പഠനവും തെളിയിച്ചത്‌ 45 ശതമാനം കുട്ടികളും ലഹരി ഉപയോഗിക്കുന്നു എന്നാണ്‌. ലഹരി ഉപയോഗത്തില്‍ ഇന്ത്യയിലെ മെട്രോകളില്‍ കൊച്ചി അഞ്ചാം സ്ഥാനത്താണ്‌ എന്നാണ്‌. വിനോദത്തിനും ആഘോഷത്തിനും ദുഃഖത്തിനും മാത്രമല്ല തങ്ങള്‍ എന്തിനും പോന്നവരാണെന്ന്‌ സ്വയം വിശ്വസിപ്പിക്കാനാണ്‌ ഇവര്‍ ലഹരിക്കടിമപ്പെടുന്നത്‌. ആണ്‍-പെണ്‍ ഭേദമില്ലാതെയാണ്‌ ഇന്ന്‌ കുട്ടികളിലെ മദ്യ ഉപയോഗം. വീടുകളില്‍നിന്നുള്ള അവഗണന, സ്കൂളിലെ ടീച്ചറിന്റെ ശകാരം, പ്രണയനൈരാശ്യം തുടങ്ങി ഒരു പുതിയ പരീക്ഷണമെന്ന നിലയിലാണ്‌ ലഹരി ഉപയോഗിക്കുന്നത്‌. ഇതിന്‌ പ്രധാന കാരണം പണലഭ്യതതന്നെ എന്നാണ്‌ മനഃശാസ്ത്രജ്ഞന്‍ ഡോ. എസ്‌.ഡി.സിംഗ്‌ പറയുന്നത്‌. ദിവസേന 200 രൂപയും വരാന്ത്യത്തില്‍ 4000 രൂപയും പോക്കറ്റ്മണി ലഭിക്കുന്ന കുട്ടികള്‍ വഴിതെറ്റുന്നതില്‍ എന്താണ്‌ അത്ഭുതമെന്ന്‌ അദ്ദേഹം ചോദിക്കുന്നു. കുമളിയില്‍ 13 വയസുകാരന്‍ നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത്‌ കൊന്നതില്‍ നടുക്കം പ്രകടിപ്പിച്ച എന്നോട്‌ ഡോ. സിംഗ്‌ പറഞ്ഞത്‌ 13 വയസുകാരന്‌ 35 വയസുകാരന്റെ ചിന്താശൈലിയാണെന്നാണ്‌. സ്റ്റേഷനറി കടയില്‍ കയറി വൈറ്റ്നര്‍ വാങ്ങി വലിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പിന്നീട്‌ പാന്‍പരാഗ്‌, ചിനി മുതലായവയിലേക്ക്‌ കടക്കും. സ്ഥിരമായി ഉപയോഗിച്ചുതുടങ്ങുമ്പോള്‍ സാമൂഹ്യവിരുദ്ധ മാനസികാവസ്ഥയുണ്ടാകുമെന്ന്‌ ധാരാളം പ്രശ്നബാധിതരായ കുട്ടികളെ ചികിത്സിക്കുന്ന ഡോ. പ്രകാശ്‌ ചന്ദ്രനും പറയുന്നു. മോഷണവും കൊലപാതകവും ബലാത്സംഗവുമെല്ലാം ഇവര്‍ നടത്തുന്നത്‌ ഇവരുടെ വികാരങ്ങള്‍ മരവിച്ചതിനാലാണത്രെ. നിബന്ധനകളില്ലാതെ കുട്ടികള്‍ വളരുമ്പോള്‍, വീടുകളില്‍ മാതൃകകളില്ലാതാകുമ്പോള്‍, സമപ്രായക്കാര്‍ അപഥസഞ്ചാരികളാകുമ്പോള്‍ കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നു. അവരുടെ സ്വഭാവമാറ്റത്തോട്‌ രക്ഷിതാക്കള്‍ പൊരുത്തപ്പെടുകപോലും ചെയ്യുന്നുണ്ടത്രെ. കുടുംബത്തില്‍പ്പോലും ആഘോഷമെന്നാല്‍ ലഹരി എന്നാകുമ്പോള്‍ ആ വീടുകളിലെ കുട്ടികള്‍ സ്കൂളില്‍ കൊണ്ടുപോകുന്ന വാട്ടര്‍ബോട്ടിലില്‍ മദ്യം കലര്‍ത്തിക്കൊണ്ടുപ്പോകുന്നതില്‍ അതിശയിക്കാനില്ല. ഇപ്പോള്‍ നിറമുള്ള വാട്ടര്‍ബോട്ടില്‍ സ്കൂള്‍ വിലക്കുന്നു. പക്ഷേ നിറമില്ലാത്ത മദ്യവും നിറയ്ക്കാമല്ലോ. സ്കൂളിന്റെ മുമ്പിലെ പെട്ടിക്കടകളില്‍ പാന്‍പരാഗ്‌ മുതല്‍ അശ്ലീല പുസ്തകങ്ങള്‍വരെ വില്‍ക്കുമ്പോള്‍ കുട്ടികള്‍ ഇതെല്ലാം ശീലമാക്കുന്നു. പാന്‍മസാല നിരോധനാവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പാന്‍മസാല ഉപയോഗംകൊണ്ട്‌ വായില്‍വരുന്ന ക്യാന്‍സര്‍ വര്‍ധിക്കുന്ന കാരണം ഇത്‌ നിരോധിക്കണമെന്ന്‌ റീജണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മാര്‍ പ്രധാനമന്ത്രിക്ക്‌ കത്തെഴുതുകപോലും ചെയ്തു. പ്രതിവര്‍ഷം 75,000 മുതല്‍ 80,000 പേര്‍ക്ക്‌ പാന്‍മസാല മൂലം വായില്‍ ക്യാന്‍സര്‍ വരുന്നുണ്ടത്രെ. പാന്‍മസാലകളെക്കുറിച്ച്‌ പഠനം നടത്തിയ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്ത്‌ പറയുന്നത്‌ പാന്‍മസാലയില്‍ മനുഷ്യജീവന്‌ ഹാനികരമായ പോളിസൈക്ലിക്‌ ആര്‍മോ, ആറ്റിക്‌ ഹൈഡ്രോ കാര്‍ബണ്‍, ലെഡ്‌, കാഡ്മിയം, കഞ്ചാവെണ്ണയില്‍ വറുത്ത അടയ്ക്ക, ഉറക്ക ഗുളികകളും മയക്കുമരുന്നും പൊടിച്ചത്‌, ചില്ലുപൊടി, ഡിഡിടി, ബിഎച്ച്സി തുടങ്ങിയവ കാണപ്പെട്ടുവെന്നാണ്‌. കേരളത്തില്‍ ഒരുമാസം 35,000 കിലോ പാന്‍മസാല ചെലവാകുന്നുണ്ടത്രെ. ഇന്ത്യയില്‍ ഇത്‌ ആയിരംകോടി രൂപയുടെ ബിസിനസാണ്‌. പാന്‍മസാല നിര്‍മാതാക്കള്‍ മയക്കുമരുന്ന്‌ കച്ചവടക്കാരുമാണത്രെ. കേരളത്തിലേക്ക്‌ കഞ്ചാവും മയക്കുമരുന്നും ഇന്ന്‌ ഒഴുകുകയാണ്‌. 15 ലക്ഷത്തോളം രൂപ വിലവരുന്ന 5000 ആംപ്യൂള്‍ മയക്കുമരുന്നുമായി രണ്ടുപേരെ പോലീസ്‌ പിടിച്ചപ്പോള്‍ ഇത്‌ വരുന്നത്‌ ബംഗാളില്‍നിന്നാണെന്നും 2000 ആംപ്യൂളുകള്‍ കൊച്ചിയില്‍ വില്‍ക്കുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഇടുക്കിയിലെ കഞ്ചാവിന്‌ മേന്മക്കൂടുതലാണെന്ന്‌ കണ്ടെത്തി എണ്‍പതുകളില്‍ ഇടുക്കിയിലേക്ക്‌ വിദേശസഞ്ചാരികള്‍ ഒഴുകിയിരുന്നു. ഇടുക്കി കഞ്ചാവ്‌ ഇന്ന്‌ കൊച്ചിയിലും സുലഭമാണത്രെ. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ്‌ കഞ്ചാവ്‌-മയക്കുമരുന്ന്‌ മാഫിയ പ്രവര്‍ത്തിക്കുന്നത്‌. ലഹരിക്കടിമപ്പെടുമ്പോള്‍ ഏത്‌ കുറ്റകൃത്യം ചെയ്യാനും ഇവര്‍ മടിക്കുന്നില്ല; മോഷണം മുതല്‍ കൊലപാതകം വരെ. മരവിച്ച മനോഭാവമുള്ള ഇവരെ ചികിത്സിച്ചാലും ഭേദപ്പെടാന്‍ വിഷമമാണത്രെ. മറ്റാരെങ്കിലും ഇത്‌ ഉപയോഗിക്കുന്നത്‌ കണ്ടാല്‍ ഇവര്‍ രണ്ടാമതും തുടങ്ങുന്നു. വിദ്യാഭ്യാസം മുടങ്ങി സാമ്പത്തികപ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ആരോഗ്യം നഷ്ടപ്പെട്ട്‌ ഒരു തലമുറ കേരളത്തില്‍ രൂപപ്പെടുന്നുവെന്ന സത്യം സമൂഹം എന്തുകൊണ്ട്‌ തിരിച്ചറിയുന്നില്ല. "തിരിച്ചറിയുമ്പോള്‍ ഒരു ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുമെന്നല്ലാതെ മേറ്റ്ന്ത്‌ നടപടിയാണ്‌ ഇവിടെ കൈക്കൊള്ളുന്നത്‌?" എന്ന്‌ ഒരു മനഃശാസ്ത്രജ്ഞന്‍ ചോദിച്ചു. ഇതിന്‌ പുറമെയാണ്‌ അശ്ലീല പുസ്തകങ്ങളും നീല സിഡികളും കുട്ടികള്‍ കണ്ട്‌ അനുകരിക്കാന്‍ ശ്രമിക്കുന്നത്‌. കുമളിയിലെ 13കാരന്‍ ജ്യേഷ്ഠന്റെ നീല സിഡികള്‍ കണ്ടാണത്രെ നാലര വയസുകാരിയില്‍ പരീക്ഷണം നടത്തിയത്‌. മൂല്യങ്ങള്‍ നഷ്ടപ്പെട്ട യുവതലമുറ ഗ്രൂപ്പ്‌ സെക്സിനും തയ്യാറാകുന്നുണ്ടെന്നും മനഃശാസ്ത്രജ്ഞര്‍ പറയുന്നു. അച്ഛനും അമ്മയും ജോലിക്ക്‌ പോയാല്‍ വീട്ടില്‍ കുട്ടികള്‍ സമ്മേളിച്ചാണ്‌ ഈ വിധം വിക്രിയകള്‍ നടത്തുന്നത്‌. ഇതുപോലൊരു കേസ്‌ പോലീസ്‌ പിടിച്ചത്‌ അയല്‍പക്കക്കാര്‍ പരാതിപ്പെട്ടാണ്‌. കേരളത്തിലെ മൂല്യങ്ങള്‍ അസ്തമിച്ചുകഴിഞ്ഞുവെന്നാണ്‌ ഈ തലമുറയുടെ പെരുമാറ്റ രീതി തെളിയിക്കുന്നത്‌. ലക്ഷ്യബോധമില്ലാതെ ലഹരിക്കടിമപ്പെട്ട്‌ സദാചാരമൂല്യങ്ങള്‍ നഷ്ടപ്പെട്ട്‌, മാനസികവൈകല്യങ്ങളും കുറ്റവാസനകളും കുട്ടികളില്‍ വളരുന്നത്‌ ശ്രദ്ധിക്കാന്‍പോലും കഴിയാത്ത രക്ഷിതാക്കളാണ്‌ കേരളത്തിലുള്ളത്‌. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ അകാരണമായ സന്തോഷവും ഒപ്പം ദുഃഖവും അനുഭവപ്പെടുന്നു. ദേഷ്യം, വെറുപ്പ്‌, നിരാശ മുതലായവയ്ക്കടിമപ്പെട്ട്‌ തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ ലൈംഗികശേഷി കുറഞ്ഞ്‌ ആത്മധൈര്യം നശിച്ച്‌ ആത്മഹത്യാ ചിന്തപോലും ഉദിച്ച്‌ സ്വവര്‍ഗരീതി, കുട്ടികളോടുള്ള ലൈംഗികവാസന മുതലായ മാനസികവൈകല്യങ്ങള്‍ക്ക്‌ ഇവര്‍ അടിമപ്പെടുന്നു. കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളും സുലഭമാണല്ലോ. എന്തുകൊണ്ട്‌ സമൂഹം ഇതേപ്പറ്റി നിസ്സംഗത പുലര്‍ത്തുന്നു!  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.