യോഗി ചെയ്യുന്നത് നിലവിലെ നിയമം കര്‍ശനമാക്കല്‍ മാത്രം

Sunday 11 June 2017 10:34 am IST

ലക്‌നൗ:  അനധികൃത കശാപ്പുശാലകളും മാംസ സംസ്‌ക്കരണ ശാലകളും പൂട്ടുന്നതിനോടുള്ള എതിര്‍പ്പുകളിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപഹസിക്കുന്നതിലും ഒരര്‍ഥവുമില്ല. യോഗി പുതിയ നിയമം ഒന്നും കൊണ്ടുവന്നിട്ടില്ല, അനധികൃത കശാപ്പുശാലകള്‍ക്കെതിരെ നിലവിലുണ്ടായിരുന്ന നിയമം ശക്തമായി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. കശാപ്പ്, മൃഗക്കടത്ത് എന്നിവ സംബന്ധിച്ച് യുപിയില്‍ കടുത്ത നിയമമുണ്ട്, 1959ലെ ഉത്തര്‍പ്രദേശ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ട്. പുതിയ, വൃത്തിയുള്ള ഇറച്ചി ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കശാപ്പുശാലകളുടെ നിര്‍മ്മാണവും മറ്റും നിയന്ത്രിക്കാനും ഇതില്‍ വ്യവസ്ഥയുണ്ട്. നിയമത്തിലെ 421 മുതല്‍ 430 വരെയുള്ള വ്യവസ്ഥകള്‍ കശാപ്പുശാലകളുടെ പ്രവര്‍ത്തനം, സ്വകാര്യകശാപ്പുശാലകളുടെ നിയന്ത്രണം, മൃഗങ്ങളുടെ വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ യുപിയിലെ മിക്ക കശാപ്പുശാലകള്‍ക്കും ലൈന്‍സില്ല. ഈ അനധികൃത കശാപ്പുശാലകളാണ് യോഗി സര്‍ക്കാര്‍ പൂട്ടിച്ചത്. നിയമം ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയതാണ് അനധികൃത കച്ചവടക്കാരെ പ്രകോപിപ്പിച്ചത്. യുപി നഗര്‍ പാലിക പരിഷത്തുകളുടെ കണക്കു പ്രകാരം 140 ലേറെ കശാപ്പുശാലകളും അരലക്ഷത്തിലേറെ ഇറച്ചിക്കടകളും അനധികൃതമാണ്. ഇവര്‍ കൈമടക്ക് നല്‍കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവയ്‌ക്കെതിരെ ഒരു നടപടിയും എടുക്കാറില്ല. ലക്ഷ്മി നാരായണ്‍ മോദിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 2012ലെ കേസിനു ശേഷം അറവുശാലകള്‍ നിയന്ത്രിക്കാനും അവയിലെ മാലിന്യം സംസ്‌ക്കരിക്കാന്‍ കൃത്യമായ നടപടികള്‍ എടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മലിനീകരണ നിയന്ത്രണബോര്‍ഡ് 140 കശാപ്പുശാലകള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയിരുന്നു.2012ലെ ഈ ഉത്തരവിനു ശേഷവും അവയൊന്നും അടച്ചുപൂട്ടിയില്ല. ഈ നിയമം ശക്തമായി നടപ്പാക്കിക്കുകയാണ് യുപി സര്‍ക്കാര്‍ ചെയ്തത്. ഇതിനകം നൂറിലേറെ അനധികൃത കശാപ്പുശാലകളും നൂറു കണക്കിന് ഇറച്ചിവെട്ടു കേന്ദ്രങ്ങളും പൂട്ടിക്കഴിഞ്ഞു. ലക്‌നൗവില്‍ മാത്രം ആയിരത്തിലേറെ അനധികൃത ഇറച്ചിക്കടകളുണ്ട്. ഇവയില്‍ ഇരുനൂറെണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ പൂട്ടിച്ചു. ലൈസന്‍സില്ലാത്ത ഇറച്ചിക്കടകള്‍ മാത്രമാണ് പൂട്ടിക്കുന്നത്. പക്ഷെ നിലവിലുള്ളവയുടെ പകുതിക്കും ലൈസന്‍സില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനധികൃത അറവുശാലകളും ഇറച്ചിക്കടകളും വലിയ പരിസ്ഥിതി പ്രശ്‌നമാണ് ഉണ്ടാക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മീററ്റ്, സംഭാല്‍, അലിഗഡ്, ആഗ്ര, ബുലന്ദ് ഷഹര്‍ തുടങ്ങിയവയാണ് പ്രധാന ഇറച്ചിയുല്പ്പാദന, കയറ്റുമതി കേന്ദ്രങ്ങള്‍. സകല നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ വലിയ പരിസ്ഥിതി പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. 27 കശാപ്പുശാലകള്‍ക്കു മാത്രമേ മാലിന്യ സംസ്‌ക്കരണ സംവിധാനമുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.