മോദി-അമിത് ഷാ ലക്ഷ്യം ഇനി ത്രിപുര

Sunday 11 June 2017 8:01 am IST

ന്യൂദല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആസാമും അരുണാചലും മണിപ്പൂരും പിടിച്ചടക്കിയ ബിജെപിയുടെ അടുത്ത ലക്ഷ്യം ഇടത്‌കോട്ടയായ ത്രിപുര. പതിറ്റാണ്ടുകളായി ഭരണത്തിലുള്ള സിപിഎമ്മിനെ പുറത്താക്കി ത്രിപുരയിലും താമര വിരിയിക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും പണിതുടങ്ങി. കഴിഞ്ഞ ദിവസം നാനൂറിലേറെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് ഗെയിം പ്ലാന്‍ ത്രിപുരയിലും പ്രവര്‍ത്തിച്ച് തുടങ്ങിയതിന്റെ സൂചനയാണ്. അടുത്ത വര്‍ഷം ആദ്യമാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ്.

ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സ്വീകരിക്കുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് ലഭിച്ചിരുന്നില്ല. അമ്പത് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് 49 ഇടത്ത് കെട്ടിവച്ച കാശ് നഷ്ടപ്പെടുകയും ചെയ്തു. പിന്നെങ്ങനെ ബിജെപി ഭരിക്കുമെന്ന് അത്ഭുതപ്പെടാന്‍ വരട്ടെ. 2012ല്‍ ഒറ്റ സീറ്റില്‍പ്പോലും ജയിക്കാതിരുന്ന മണിപ്പൂര്‍ ഇപ്പോള്‍ ബിജെപിയാണ് ഭരിക്കുന്നത്. അഞ്ച് സീറ്റില്‍ നിന്നാണ് ആസാം പിടിച്ചെടുത്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാകെ ബിജെപി മുന്നേറ്റമുണ്ടാക്കുന്നുണ്ട്. ത്രിപുരയില്‍ അടുത്തിടെയുണ്ടായ ഉപതെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഈ മുന്നേറ്റം അടയാളപ്പെടുത്തുന്നതാണ്. നോട്ട് റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ നവംബറില്‍ ബര്‍ജാല നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതെത്തിയിരുന്നു. വെറും 3,374 വോട്ടിനായിരുന്നു ബിജെപി തോറ്റത്. 2013ല്‍ 511 വോട്ട് മാത്രം ലഭിച്ച ബിജെപിക്ക് ഇത്തവണ ലഭിച്ചത് 12,395 വോട്ട്. ബിജെപിയുടെ മുന്നേറ്റത്തിന് ഇതിലും വലിയ തെളിവെന്തിന്?. അസാധ്യമായത് സാധ്യമാക്കുകയെന്നതാണ് മോദിയുടെയും അമിത് ഷായുടെയും രാഷ്ട്രീയ മന്ത്രം.

ക്രമസമാധാന തകര്‍ച്ചക്കെതിരെ ബിജെപി നടത്തിയ പ്രക്ഷോഭത്തിനെതിരായ പോലീസിന്റെ അക്രമത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റുന്നു

രാജ്യത്ത് കേരളത്തിലും ത്രിപുരയിലും മാത്രമാണ് ഇടത് ഭരണമുള്ളത്. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന പരസ്യവാചകം പോലെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി. നോട്ടയോടാണ് പ്രധാന മത്സരം. 1998 മുതല്‍ സിപിഎമ്മിലെ മണിക് സര്‍ക്കാരാണ് ത്രിപുരയിലെ മുഖ്യമന്ത്രി. അഴിമതിയും ക്രമസമാധാനത്തകര്‍ച്ചയും വികസനമുരടിപ്പുമാണ് മുഖമുദ്ര. ഭരണവിരുദ്ധ വികാരം ആവോളമുണ്ട്. കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സുമായിരുന്നു ഇതുവരെ പ്രധാന പ്രതിപക്ഷം. എന്നാല്‍ സിപിഎമ്മിനെ മറികടക്കാനുള്ള സംഘടനാ ശേഷിയോ രാഷ്ട്രീയ തന്ത്രമോ ഇരുപാര്‍ട്ടികള്‍ക്കുമില്ല. ബംഗാളില്‍ സിപിഎമ്മിനെ തറപറ്റിച്ചതിലെ ആവേശവുമായി കോണ്‍ഗ്രസ്സിനെ മറികടന്ന ത്രിപുരയില്‍ ബദലാകാനുള്ള ശ്രമത്തിലായിരുന്നു മമതയുടെ തൃണമൂല്‍. നിരവധി കോണ്‍ഗ്രസ് നേതാക്കളെ തൃണമൂലിലെത്തിക്കാന്‍ മമതക്ക് സാധിച്ചിരുന്നു. ഇതേ തന്ത്രമാണ് ബിജെപിയും ത്രിപുരയില്‍ പയറ്റുന്നത്.

രാം മാധവ്

ഭരണത്തിലെത്തണമെങ്കില്‍ സിപിഎമ്മിനെതിരായ വോട്ടുകള്‍ വിഭജിക്കുന്നതിന് തടയിടണമെന്ന് ബിജെപി കരുതുന്നു. അതിന് പ്രധാന പ്രതിപക്ഷമാകണം. കോണ്‍ഗ്രസ്സിനെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും മറികടക്കണം. കഴിഞ്ഞ തവണ പത്ത് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ചിത്രത്തിലില്ല. സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ ബിജെപിക്ക് മാത്രമാണ് സാധിക്കുകയെന്ന് ത്രിപുര തിരിച്ചറിയുന്നു. ഇതാണ് തൃണമൂലില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കിന് കാരണം. 16 സംസ്ഥാന കമ്മറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളായ സുരജിത് ദത്ത, രത്തന്‍ ചക്രവര്‍ത്തി എന്നിവരും ബിജെപിയിലെത്തി. വരുംദിവസങ്ങളില്‍ ഇതിന്റെ തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി നല്‍കുന്ന സൂചന.

ഹിമാന്ത ബിശ്വ ശര്‍മ്മ

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യം (എന്‍ഇഡിഎ) രൂപീകരിച്ചാണ് ബിജെപി വന്‍വിജയങ്ങള്‍ കൊയ്യുന്നത്. സംസ്ഥാന ഭരണത്തിലെ അഴിമതിയും വികസനമുരടിപ്പും കേന്ദ്രഭരണത്തിലെ നേട്ടങ്ങളുമാണ് പ്രധാന പ്രചാരണ ആയുധങ്ങള്‍. നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ താല്‍പ്പര്യവും എടുത്തുപറയേണ്ടതാണ്. മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി അറിയുന്ന ആസാം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മയാണ് സഖ്യത്തിന്റെ കണ്‍വീനര്‍. ആര്‍എസ്എസ് നിയോഗിച്ച ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണ് രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപീകരിച്ച് നടപ്പാക്കുന്നത്. കശ്മീരില്‍ ബിജെപിയെ വിജയത്തിലെത്തിച്ചതിലും രാം മാധവിന് പ്രധാന പങ്കുണ്ട്. സംസ്ഥാനഭരണത്തിനെതിരെ ത്രിപുരയിലും ബിജെപി പ്രക്ഷോഭത്തിന്റെ പാതയിലാണ്. മണിപ്പൂരില്‍ നിന്നും ഇനി അധിക ദൂരമില്ല ത്രിപുരയിലേക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.