ബോട്ടുകള്‍ വൈകുന്നു; കുട്ടനാട്ടില്‍ യാത്രാ ദുരിതം

Saturday 25 March 2017 7:50 pm IST

കുട്ടനാട്: ആലപ്പുഴയില്‍നിന്ന് കുട്ടനാട്ടിലേക്കുള്ള ബോട്ടുകള്‍ പതിവായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. വാടക്കനാലില്‍ നടത്തുന്ന ഡ്രഡ്ജിങ് വേഗത്തില്‍ പൂര്‍ത്തിയാക്കാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു. കനാല്‍ ഡ്രഡ്ജിങ് നടക്കുന്നതിനാല്‍ മാത ജെട്ടിയില്‍നിന്നാണ് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നത്. ഇതുമൂലം കുട്ടനാട്ടില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്നവര്‍ ബോട്ടുകയറാന്‍ ഓട്ടോകളെ ആശ്രയിക്കണം. മാത ജെട്ടിയില്‍ കാത്തുനില്‍ക്കാനോ വിശ്രമിക്കാനോ സൗകര്യമില്ല. മഴ പെയ്താല്‍ യാത്രക്കാരുടെ ദുരിതം വര്‍ധിക്കും. പ്രായമായ യാത്രക്കാര്‍ക്ക് ജെട്ടിയില്‍നിന്ന് ബോട്ടില്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. കുട്ടനാട്ടില്‍നിന്ന് എത്തുന്ന ബോട്ടുകള്‍ മാത ജെട്ടിയില്‍ വേഗത്തില്‍ തിരിക്കാന്‍ കഴിയാത്തതും വൈകുന്നതിന് കാരണമാകുന്നു. കനാലിലെ കോണ്‍ക്രീറ്റ് കുറ്റികളും കൂടാതെ സ്വകാര്യ ബോട്ടുകള്‍ പോകുന്നതും യഥാസമയം തിരിക്കാന്‍ തടസ്സമാകുന്നു. യാത്രക്ലേശം രൂക്ഷമായതിനെത്തുടര്‍ന്ന് കൈനകരി, ചേന്നങ്കരി ഭാഗങ്ങളിലെ യാത്രക്കാര്‍ കെഎസ്ആര്‍ടിസി സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ബോട്ട് സര്‍വിസ് മാത്രമാണ് ഏക ആശ്രയം. ഇവരാണ് കൂടുതല്‍ യാത്രദുരിതം അനുഭവിക്കുന്നത്. വെള്ളക്കുറവ് മൂലം ബോട്ട്‌സര്‍വ്വീസ് നിര്‍ത്തിവച്ചിരുന്ന വാടക്കനാലില്‍ നടക്കുന്ന ഡ്രഡ്ജിങ് ദുഷ്‌കരമാകുന്നു. മണ്ണ് മാറ്റി ആഴംകൂട്ടാനും തുടര്‍ന്ന് വേനല്‍ക്കാലത്ത് സുഗമമായി ബോട്ട് സര്‍വ്വീസ് നടത്താനുമായിരുന്നു ഡ്രഡ്ജിങ് ആരംഭിച്ചത്. ഡ്രഡ്ജിങ് ആരംഭിച്ച് 15 ദിവസമായിട്ടും ഇതുവരെ 200 മീറ്റര്‍ മാത്രമാണ് നടന്നത്. യന്ത്രത്തിന്റെ പ്രൊപ്പല്ലറില്‍ തോട്ടിലെ പ്ലാസ്റ്റിക് കുപ്പികളും ചാക്കുകളും കുടുങ്ങുന്നത് ഇതിന്‍രെ പ്രവര്‍ത്തനത്തെ ബാധികുനു. ഇത് യന്ത്രം പലതവണ നിര്‍ത്തിവയ്‌ക്കേണ്ടിവരുന്നത് കാലതാമസമുണ്ടാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.