കോട്ടയം: ഉമ്മന്‍ ചാണ്ടി ഇന്ന് വീണ്ടും മുഖ്യമന്ത്രിയാകും. രാവിലെ പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷമായിരിക്കും ചുമതലയേല്‍ക്കുക. തളര്‍ച്ചയിലും ഉയര്‍ച്ചയിലും ചാണ്ടിക്ക് എന്നും തുണയായിട്ടുള്ളത് പുതുപ്പള്ളി വലിയപള്ളിയാണ്. അതുകൊണ്ട് അവിടെ നിന്നുതന്നെയാണ് എല്ലാ കാര്യങ്ങളുടെയും തുടക്കം. ഇത്തവണയും ഇക്കാര്യങ്ങളിലൊന്നും മാറ്റമില്ല.
ഒന്നിലധികം തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി പക്ഷേ, ഇന്ന് മുഖ്യമന്ത്രിയായി എത്തുന്നത് സിനിമയില്‍ ആണെന്ന് മാത്രം. സണ്‍പിക്ച്ചേഴ്സിന്റെ ബാനറില്‍ സൈമണ്‍, അജ്ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘പീറ്റര്‍’ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഇതിനൊപ്പം തന്നെ ചാണ്ടിയുടെ പുതുപ്പള്ളി വീട്ടില്‍ ഞായറാഴ്ചകളില്‍ അനുഭവപ്പെടുന്ന നിവേദനത്തിരക്കുകളും കാമറ ഒപ്പിയെടുക്കും.
ഇന്ന് രാവിലെ പുതുപ്പള്ളി പള്ളിയുടെ മുന്പിലെ കല്‍ക്കുരിശിങ്കല്‍ മെഴുകുതിരി തെളിച്ചായിരിക്കും സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക.
ന്യൂജനറേഷന് സിനിമായാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവ് കുഞ്ഞൂഞ്ഞ് ശൈലിയില്‍ തന്നെയായിരിക്കും. പരാതികളും വിഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്, ഡല്‍ഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിങ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇടയ്ക്കിടെ മുഖ്യമന്ത്രി വേഷം അദ്ദേഹത്തിന് അണിയേണ്ടതായി വരും.
ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ വനിതാ കമ്മീഷനംഗം ഡോ. പ്രമീളാദേവിയുടേതാണ്. രാഹുല്‍ നായര്‍ മുംബൈയാണ് സംഗീതം. എബ്രഹാം മാത്യു, സി.കെ. ശശി എന്നിവരുടെയാണ് തിരക്കഥ. രണ്ട് കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം ഓണത്തോടനുബന്ധിച്ച് പുറത്തിറക്കും. പുതുപ്പള്ളിയിലെ വീട്ടിലും പരിസരങ്ങളിലുമായി ഷൂട്ടിങ് അഞ്ച് ദിവസത്തോളം നീണ്ടുനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: