ഭരണം ഇന്നും അന്നും

Sunday 11 June 2017 10:08 am IST

ആദ്യ മന്ത്രിസഭ രൂപംകൊണ്ടിട്ട് വര്‍ഷം അറുപതായി. ബുള്ളറ്റിലൂടെ അധികാരം ലക്ഷ്യമിട്ടിറങ്ങിയതാണല്ലൊ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ബാലറ്റിലൂടെ അധികാരത്തിലെത്തുക എന്നത് ചില്ലറ കാര്യമൊന്നുമില്ല. സംസ്ഥാനത്ത് അധികാരത്തിലെത്തുന്നതിന് മുന്‍പ് കണ്ണൂരിലെ ചിറക്കല്‍ താലൂക്കില്‍ ഭരണം പിടിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കത് ആഗോളവാര്‍ത്തയായിരുന്നു. മോസ്‌ക്കോ റേഡിയോ അതാഘോഷമാക്കി എന്നും കേട്ടിട്ടുണ്ട്. മുക്കൂട്ടും മുന്നണിയുമില്ലാതെ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ജയിക്കുകയും ഭരിക്കുകയും ചെയ്ത ആ ഭൂതകാലം മധുര മനോജ്ഞം തന്നെ. മുക്കൂട്ടും മുന്നണിയുമില്ലാതെ ഇന്ന് ജയിക്കുന്നതും ഭരിക്കുന്നതും പോയിട്ട് മത്സരിക്കുന്നതിനെക്കുറിച്ചു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആലോചിക്കാന്‍പോലും സാധിക്കില്ല. യുപിയില്‍ മത്സരിക്കാന്‍ സിപിഎം, സിപിഐ കക്ഷികള്‍ക്ക് ആശ്രയിക്കേണ്ടിവന്നു കെ.കെ. രമയുടെ പാര്‍ട്ടിയെപോലും. എന്നിട്ടും കിട്ടിയതോ പൂജ്യം വോട്ടും സീറ്റും. മാനവന്‍ നെല്ലുണക്കുമ്പോള്‍ വാനരന്‍ വാലുണക്കും എന്നുപറയുംപോലെയാണിപ്പോള്‍ സിപിഎമ്മിന്റെ കാര്യം. യുപിയിലെ പുതിയ മന്ത്രിസഭയെക്കുറിച്ച് സീതാറാം യച്ചൂരി തലയില്‍ കൈവച്ചാണ് വിലപിക്കുന്നത്. അവിടെ മതന്യൂനപക്ഷങ്ങള്‍ക്ക് ഒട്ടും രക്ഷയില്ലെന്നാണ് തട്ടി മൂളിച്ചത്. ന്യൂനപക്ഷങ്ങള്‍ വേട്ടയാടയപ്പെടുകയാണത്രെ. മലപ്പുറം ജില്ലയിലെ താനൂരില്‍ ന്യൂനപക്ഷങ്ങളെ സിപിഎം അടിച്ചോടിക്കുകയും വീടുകള്‍ ചാമ്പലാക്കുകയും ചെയ്തിട്ട് ആഴ്ചകളായില്ല. താനൂര്‍ യുപിയിലല്ലല്ലൊ. വിഷയത്തിലേക്ക് വരാം. 1850 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചത് ആദ്യമന്ത്രിസഭയുടെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ പേരിലാണ്. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നീ ആഘോഷദിനങ്ങള്‍ വരുമ്പോള്‍ അര്‍ഹിക്കുന്ന തടവുകാര്‍ക്ക് മോചനം ലഭിക്കുന്നത് അവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസകരമാണ്. അര്‍ഹിക്കുന്നവരെ മോചിപ്പിക്കുകതന്നെ വേണം. എന്നാലിപ്പോള്‍ അനര്‍ഹരെപ്പോലും മോചിപ്പിക്കാന്‍ തീരുമാനിച്ചതാണ് വിവാദത്തില്‍ പെട്ടുഴലുന്നത്. ആദ്യ മന്ത്രിസഭ പട്ടാപ്പകല്‍ ഒരു പോലീസുകാരനെ കുത്തികൊന്ന കേസില്‍ തടവുശിക്ഷ അനുഭവിച്ചുവന്ന വേലായുധന്‍ തമ്പിയും മോപിപ്പിക്കപ്പെട്ടു. ആ അവസരത്തില്‍ മോചിപ്പിക്കപ്പെട്ടവരില്‍ 56 പേര്‍ കൊലപ്പുള്ളികളായിരുന്നു. കേസുകള്‍ പിന്‍വലിച്ചതു നൂറുക്കണക്കിനാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ വിചാരണയിലിരുന്ന കേസുകള്‍ മാത്രമല്ല, കമ്മ്യൂണിസ്റ്റുകളുടെമേല്‍ പിന്നീട് എടുത്ത കേസുകളും ഗവണ്‍മെന്റ് തുടര്‍ച്ചയായി പിന്‍വലിച്ചുകൊണ്ടിരുന്നു. 1958 ജൂലൈ 5ന് ഒരു ചോദ്യത്തിനുത്തരമായി 354 കേസുകള്‍ പിന്‍വലിക്കുകയും 326 പേരുടെ പിഴ ഇളവുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് നിയമമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചു. അവയില്‍ ഭൂരിപക്ഷം കേസുകളിലെയും പ്രതികള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും സമ്മതിക്കേണ്ടിവന്നു. 1957 ഏപ്രിലില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി അധികാരം ഏറ്റെടുത്തതിനുശേഷം ആദ്യത്തെ രണ്ടുമാസങ്ങള്‍ക്കകം ഗവണ്‍മെന്റ് പിന്‍വലിച്ച 119 കേസുകളില്‍ 106 കേസുകളും കമ്മ്യൂണിസ്റ്റുകാര്‍ പ്രതികളായിട്ടുള്ളവയായിരുന്നു. അവയില്‍ ആകെ 1076 പേരായിരുന്നു പ്രതികള്‍. ബാക്കി 13 എണ്ണത്തില്‍ രണ്ടെണ്ണം 17 ഐഎന്‍ടിയുസിക്കാരുടെയും അഞ്ചെണ്ണം 51 ആര്‍എസ്പിക്കാരുടെയും ആറെണ്ണം 122 പിഎസ്പിക്കാരുടെയും പേരിലുള്ള തൊഴില്‍ത്തര്‍ക്കങ്ങളോ രാഷ്ട്രീയപ്രക്ഷോഭങ്ങളോ സംബന്ധിച്ച കേസുകളായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രതികളായുള്ള കേസുകളില്‍ രണ്ടെണ്ണം കൊലപാതകങ്ങളേയും മറ്റു പലതും മോഷണം, തീവയ്പ് തുടങ്ങിയ കുറ്റങ്ങളെയും സംബന്ധിച്ചുള്ള ക്രിമിനല്‍ കേസുകളുമായിരുന്നു. ക്രിമിനല്‍ പുള്ളികളോടു കമ്മ്യണിസ്റ്റു മന്ത്രിസഭ അവലംബിച്ച ഈ രക്ഷാകര്‍തൃഭാവം പൊതുജനങ്ങളുടെയും പത്രങ്ങളുടെയും കഠിനമായ ആക്ഷേപത്തിനു പാത്രമായി. എന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം അതു ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ട ഒരു പദ്ധതിയായിരുന്നു. പൊതുജനങ്ങളെ പ്രീതിപ്പെടുത്തുവാന്‍വേണ്ടി അത് ഉപേക്ഷിക്കുന്നതിന് അവര്‍ തയ്യാറായിരുന്നില്ല. വെങ്ങക്കോട്ട എസ്റ്റേറ്റില്‍ നടന്ന കൈയേറ്റത്തിനു കമ്മ്യൂണിസ്റ്റു നേതൃത്വത്തിലുള്ള വയനാട്ട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയുള്‍പ്പെടെ 15 ആളുകള്‍ പ്രതികളായുള്ള കേസില്‍ 12 പേര്‍ക്ക് നല്‍കപ്പെട്ട ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെയുള്ള തടവുശിക്ഷ അപ്പീല്‍ പരിഗണനയിലിരിക്കുമ്പോഴാണ് ഗവണ്‍മെന്റ് പ്രതികളെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടത്. തൃശൂരിലെ ഒരു കോണ്‍ഗ്രസുകാരനെ കൈയേറ്റം ചെയ്തതിന് കമ്മ്യൂണിസ്റ്റു പ്രവര്‍ത്തകനായ പുഷ്പാംഗദനെ കീഴ്‌കോടതി ശിക്ഷിച്ചു. അപ്പീല്‍ക്കോടതി അതു ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഗവണ്‍മെന്റ് ആ ശിക്ഷ ഇളവുചെയ്തു. ലഹള നടത്തിയതിന് അന്തിക്കാട് പോലീസ് എട്ടു കമ്യൂണിസ്റ്റുകളെ പ്രതികളാക്കി ചാര്‍ജുചെയ്തിരുന്ന കേസില്‍ സബ് മജിസ്‌ട്രേറ്റ് പ്രതികള്‍ക്ക് 20 രൂപാവീതം പിഴ ശിക്ഷിച്ചു. പ്രതികള്‍ അതിന്മേല്‍ അപ്പീല്‍ ബോധിപ്പിച്ചു. ഇതിനിടെ പ്രതികളുടെ ഒരു മെമ്മോറാണ്ടത്തെ അടിസ്ഥാനമാക്കി ഗവണ്‍മെന്റ് പിഴ പത്തുരൂപയായി കുറവുചെയ്തു. കേസിന് അപ്പീല്‍ കൊടുത്തിട്ടുണ്ടെന്നു ഗവണ്‍മെന്റ് പിന്നീടാണ് അറിഞ്ഞത്. എന്നാല്‍ സ്വീകരിച്ച പരിഹാരമാര്‍ഗം ശിക്ഷ മുഴുവനും റദ്ദാക്കുകയായിരുന്നു. ഈ രീതി അവസാനംവരെ അവര്‍ തുടര്‍ന്നു. മന്ത്രിസഭയുടെ അവസാനകാലത്തു നിയമസഭയില്‍ നല്‍കിയ ഒരു ഉത്തരത്തില്‍നിന്ന് അതുവരെയായി വിചാരണയിലിരുന്ന 1170 കേസുകള്‍ പിന്‍വലിച്ചെന്നു വെളിപ്പെടുകയുണ്ടായി.ന്യായാസനത്തില്‍നിന്നുപോലും നീതി ലഭിക്കുവാനുള്ള വഴി അടഞ്ഞിരിക്കുന്നെന്നും ഭരണഘടന വാഗ്ദാനം ചെയ്യുന്ന നിയമത്തിന്റെ സംരക്ഷണം നഷ്ടമായിരിക്കുന്നെന്നും വ്യക്തമായി. ജനമദ്ധ്യത്തില്‍ ഒരു അശരണത ജനിപ്പിക്കുകയാണ് ഈ നടപടി ചെയ്തത്. പങ്കിലമായ കൈകള്‍ നീതിയുടെ ഉറവിടത്തില്‍ തൊടരുതെന്നുള്ളത് നീതിന്യായ നിര്‍വഹണത്തിന്റെ പ്രാഥമികോപാധിയാണ്. എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുവാഴ്ചയില്‍ നടന്നത് അതുതന്നെയാണ്. ഭ്രാന്തമായ പാര്‍ട്ടി ഭക്തിയൊഴിച്ചു മറ്റൊരു ധര്‍മ്മനീതിയും അംഗീകരിക്കാത്ത ഒരു ഭരണകൂടത്തിന് നിയമനിര്‍വഹണത്തിന്റെ നേര്‍വഴി മറന്നു, നീതിയുടെ നിര്‍മ്മലമായ ഉറവിടത്തില്‍ത്തന്നെ,അവരുടെ കറുത്ത കൈകള്‍ വയ്ക്കുവാന്‍ മടിക്കേണ്ടതില്ല. ഇതര വ്യക്തികളില്‍നിന്നു മാത്രമല്ല, സമൂഹത്തില്‍നിന്നോ രാഷ്ടത്തില്‍നിന്നുതന്നെയോ ഉണ്ടാകുന്ന കൈയേറ്റങ്ങളില്‍നിന്ന് ഒരു പൗരനുള്ള അവസാനത്തെ അഭയസ്ഥാനമായ ജൂഡീഷ്യറിയെ, ആ പൗരസഞ്ചയത്തിന്റെ മുന്‍പില്‍ അപഹാസ്യമാക്കുകയാണ് കമ്മ്യൂണിസ്റ്റു മന്ത്രിസഭ ചെയ്തത്. 'ജൂഡീഷ്യറി എന്ത് ഉത്തരവുകള്‍ പുറപ്പെടുവിച്ചാലും അതു നടത്തേണ്ടത് എക്‌സിക്യൂട്ടീവാണ്. കേസുകള്‍ പിന്‍വലിക്കാനും ശിക്ഷ ഇളയ്ക്കാനും പിഴ കുറയ്ക്കുകയോ തിരിച്ചു കൊടുക്കുകയോ ചെയ്യാനും ഒരു ഗവണ്‍മെന്റിനുള്ള അധികാരം അസാധാരണ സന്ദര്‍ഭങ്ങളില്‍മാത്രം പ്രയോഗിക്കുവാനുള്ള അസാധാരണ അധികാരമാണ്. ആ അധികാരത്തിന്റെ വിവേചനരഹിതമായ പ്രയോഗം അന്നും ഇന്നും നടക്കുന്നു. ഇപ്പോള്‍ ജയില്‍ വകുപ്പ് ശിക്ഷാ ഇളവിനായി നല്‍കിയവരുടെ പട്ടികയില്‍ കൊടുംകുറ്റവാളികളും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളും പെടുന്നു. ഈ 11 പ്രതികള്‍ക്കു പുറമെ സിപിഎം നേതാക്കളുടെ പിരിവ് ലിസ്റ്റ് കൈവശമുണ്ടായിരുന്ന കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്‍, സിപിഎം ഗുണ്ടകളായ ഓംപ്രകാശ്, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ നിസാം, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരും ഉള്‍പ്പെടുന്നു. ജയില്‍ ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ നല്‍കിയ മറുപടിയില്‍ ശിക്ഷാ ഇളവിനായി സര്‍ക്കാരിനു സമര്‍പ്പിച്ച 1,911 തടവുകാരുടെ പട്ടികയിലാണ് കൊടുംകുറ്റവാളികള്‍. ടി.പി വധക്കേസ് പ്രതികള്‍ കെ.സി. രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, മനോജ്, റഫീക്ക്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുണ്ടെന്നാണ് വിശദീകരണം. പട്ടികയില്‍ ടി.പി കേസ് പ്രതികളുണ്ടോയെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ചോദിച്ചപ്പോള്‍ ഇക്കാര്യം ഓര്‍മ്മയില്ലെന്നും ഇവര്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ ഇടയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പച്ചുവെന്ന് ഇതോടെ വ്യക്തമായി. ജയില്‍വകുപ്പ് നല്‍കിയ ലിസ്റ്റില്‍നിന്ന് 1850 പേരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുവെങ്കിലും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ലിസ്റ്റ് മടക്കി. പട്ടികയില്‍പ്പെട്ട ഭൂരിഭാഗം പേരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചത്. കൊടുംകുറ്റവാളികളെ ഒഴിവാക്കി പുതിയ ലിസ്റ്റ് നല്‍കിയില്ലെങ്കില്‍ അര്‍ഹരായ പാവപ്പെട്ട തടവുകാര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. ഇപ്പോള്‍ വിവാദം കൊടുമ്പിരിയാക്കാന്‍ നോക്കുന്നവര്‍ അറുപത് വര്‍ഷം മുമ്പത്തെ ചരിത്രവും ഓര്‍ക്കണം. ആദ്യമന്ത്രിസഭ കൊടും കുറ്റവാളികളെ പുറത്തുവിട്ടത് ഒരാഘോഷത്തിന്റെയും പുറത്തല്ല. വെറും പാര്‍ട്ടി താല്‍പര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.