കാര്‍ഷിക ആരോഗ്യ മേഖലകള്‍ക്ക് പ്രാമുഖ്യം നല്‍കികണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Saturday 25 March 2017 9:40 pm IST

കണ്ണൂര്‍: കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുളള 9,27,96,800 രൂപയുടെ ബജറ്റിന് ഭരണസമിതി അംഗീകാരം നല്‍കി. കാര്‍ഷിക മേഖല, ആരോഗ്യ മേഖല, ഭവനരഹിതര്‍ക്ക് ഭവന പദ്ധതി, സമ്പൂര്‍ണ്ണ ശുചിത്വം, വ്യവസായ അഭിവൃദ്ധി എന്നിവയ്ക്കാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. വാര്‍ഷിക അടങ്കല്‍ 9,27,96,800 രൂപയും പ്രതീക്ഷിത ചെലവ് 91,86,420 രൂപയുമാണ്. 9,32,600 രൂപ മിച്ചവും ബജറ്റ് പ്രതീക്ഷിക്കുന്നു. കണ്ണൂര്‍ ബ്ലോക്ക് പരിധിയിലെ കര്‍ഷകര്‍ക്ക് ഏറ്റവും മികച്ച ഗുണമേന്മയുളള തൈകളും വിത്തുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി ഒരു കൃഷി ഫാം ആരംഭിക്കുന്നതിന് ഒന്നാം ഘട്ടമായി 50 5ക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ബ്ലോക്ക് പരിധിയിലെ രണ്ട് ആശുപത്രികള്‍ ഏറ്റവും മികച്ച ആതുര ശുശ്രൂഷാ കേന്ദ്രങ്ങളാക്കുന്നതിനും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനും 43 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് പദ്ധതിയും കേന്ദ്ര സര്‍ക്കാരിന്റെ പി.എം.എ.വൈ.യും ഉള്‍പ്പെടുത്തിക്കൊണ്ട് വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിന് 76 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. പട്ടികജാതി വികസനത്തിന് 94.84 ലക്ഷം എസ്.സി കോളനികളില്‍ സമഗ്ര കുടിവെളള പദ്ധതി, വൈഫൈ സൗകര്യം, വൈദ്യുതി-പഠന വീട് അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. വൃദ്ധരുടെയും വികലാംഗരുടെയും ക്ഷേമത്തിന് 14,57,350 രൂപ, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് 21 ലക്ഷം, വനിതാ ശിശു വികസനത്തിന് 37,14,700 രൂപയും ബഡ്ജറ്റില്‍ വകയിരുത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.സപ്‌ന ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ചാര്‍ജ് ആയിഷ സ്വാഗതം പറഞ്ഞു. ചര്‍ച്ചയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.നാരായണന്‍, എ.സോമന്‍, പി.മനോരമ, സി.പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, നിര്‍വഹണ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.