ദേവികുളത്തെ സമരം അവസാനിപ്പിക്കാന്‍ വഴി തേടി സിപിഎം

Saturday 25 March 2017 9:25 pm IST

സ്വന്തം ലേഖകന്‍ മൂന്നാര്‍: ദേവികുളം ആര്‍ഡിഒ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ദേവികുളത്ത് സിപിഎം കര്‍ഷക സംഘത്തെ മുന്നില്‍ നിര്‍ത്തി നടത്തുന്ന  സമരം അവസാനിപ്പിച്ച് മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങി. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേവികുളം  സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘം മൂന്നാഴ്ചയായി ആര്‍ഡിഒ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. നിയമം ലംഘിച്ചാണ് ഇവിടെ മൈക്ക് ഉപയോഗിച്ചുള്ള സമരം. വാഹനത്തില്‍ മൈക്ക്  ഉപയോഗിക്കാന്‍ മാത്രമെ അനുമതിയുളളൂ എന്നിരിക്കെ പൊതുയോഗ സ്ഥലത്തും മൈക്ക് ഉപ യോഗിക്കുകയാണ്. നിയമലംഘനത്തിന് പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സമരം മുന്നോട്ടുപോകുമ്പോഴും റവന്യൂവകുപ്പ് സമരത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്. മൂന്നാര്‍ ഇക്കാ നഗറില്‍ സിപിഎം എംഎല്‍എയുടെ വീട് പോലും കയ്യേറ്റഭൂമിയിലാണ് എന്ന വസ്തുത സിപിഎം സംസ്ഥാന ഘടകത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. സിപിഎം സ്ഥലം മാറ്റണമെന്നാവശ്യപ്പെടുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി തന്നെ പറഞ്ഞതോടെ സമരത്തിന്റെ പ്രസക്തി ഇല്ലാതായി. മാത്രവുമല്ല മുഖ്യമന്ത്രിയും സബ് കളക്ടറുടെ നിലപാട് ശരിവയ്ക്കുന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ ഇനി എങ്ങിനെ സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം-കര്‍ഷകസംഘം നേതാക്കള്‍ക്ക് ഒരു എത്തുംപിടിയുമില്ല. പാറമാഫിയക്കാരും റിസോര്‍ട്ടുകാരുമാണ് സമരത്തിന് പിന്നിലെന്ന ആക്ഷേപവും സിപിഎമ്മിനെ വിഷമത്തിലാക്കുന്നു. എങ്ങിനെയും സമരം ഒത്തു തീര്‍പ്പാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം ആലോചിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.