മരങ്ങാട്ടുപിള്ളിയില്‍ 8.84 കോടി രൂപയുടെ ബജറ്റ്

Saturday 25 March 2017 10:12 pm IST

മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്തിലെ 2017-18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ജോര്‍ജ് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. റാണി ജോസഫ് അധ്യക്ഷത വഹിച്ചു. 8,84,19,000 രൂപ വരവും 43, 05, 055 രൂപ പ്രാരംഭ ബാക്കിയുമുള്‍പ്പെടെ 9,27,24,055 രൂപ ആകെ വരവും 9,18,00,000 രൂപ ചെലവും 9,24,055 രൂപ നീക്കിബാക്കിയും ഉള്‍പ്പെടുന്ന ബജറ്റാണ് അവതരിപ്പിച്ചത്. നവകേരള മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ മിഷനുകളിലായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ബജറ്റ് പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. ഇതില്‍ തന്നെ ഹരിതകേരളം പദ്ധതിക്ക് പ്രഥമ പരിഗണന നല്‍കി. നെല്‍കൃഷി വികസനം, തരിശുഭൂമി വികസനം, മണ്ണ് - ജല സംരക്ഷണം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നീ മേഖലകള്‍ക്കു ബജറ്റില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. ദേശീയ തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് നെല്‍കൃഷി വികസനം, തരിശു ഭൂമി വികസനം, തോടുകളുടെ ശുചീകരണം, മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി 49,00,000 രൂപയും മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്കായി 12,00,000 രൂപയും വകയിരുത്തി. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് ഗാര്‍ഹിക മാലിന്യം, സമൂഹമാലിന്യം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് 20 ലക്ഷം രൂപയും ലൈഫ് മിഷനുമായി സഹകരിച്ച് ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 30 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ, വൃദ്ധ, വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 11 ലക്ഷം രൂപയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏഴുലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.വനിതാ ക്ഷേമത്തിനായി 13 ലക്ഷം, ശിശുക്ഷേമം, അംഗന്‍വാടികള്‍ എന്നിവയ്ക്കായി 22 ലക്ഷം, പട്ടികജാതി- പട്ടികവര്‍ഗ ക്ഷേമത്തിന് 18.13 ലക്ഷം, റോഡുകളുടെ പരിപാലനത്തിനും പുനരുദ്ധാരണത്തിനുമായി 1.16 കോടി , തെരുവുവിളക്കുകള്‍ക്കായി പത്തു ലക്ഷം, ഐ.എസ്.ഒ സദ്ഭരണം എന്നിവയ്ക്കായി 7.45 ലക്ഷം രൂപയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദേശീയ തൊഴിലുറപ്പു പദ്ധതി, വിവിധ സര്‍ക്കാര്‍ ഭവനപദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള ജില്ലാതല തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കുന്നത് പത്തുലക്ഷം രൂപ വകയിരുത്തി. ഗ്രാമപഞ്ചായത്തിലുടനീളം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇല്ലിക്കല്‍ ഭാഗത്ത് നാലുമണിക്കാറ്റ് മോഡല്‍ സൗന്ദര്യവത്കരണ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് അഞ്ചു ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.