കോടികള്‍ കയ്യിലിരുന്നിട്ടും കൂലി കൊടുത്തില്ല

Sunday 11 June 2017 9:08 am IST

തിരുവനന്തപുരം: ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ അക്കൗണ്ടില്‍ കോടികളുണ്ടായിരുന്നപ്പോഴും കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. പകര്‍ച്ചപ്പനി പ്രതിരോധത്തിനായി ഡിഎംഒ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ ശമ്പളം നല്‍കാതെ വട്ടംകറക്കി രസിച്ചവര്‍ നാലു വര്‍ഷം കൊണ്ട് പൊടിച്ചത് കോടികള്‍. 2015 ആഗസ്റ്റ് 20 ന് കരാര്‍ ജീവനക്കാരുടെ ശമ്പള കുടിശിക നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് 7.7 കോടി. 2016 ജൂണില്‍ അഡീഷണല്‍ ഗവണ്‍മെന്റ് സെക്രട്ടറിയുടെ കത്തു പ്രകാരം ഹെഡ് ഓഫ് അക്കൗണ്ടില്‍ ആകെയുള്ളത് ഏഴ് കോടി. അതിനാല്‍ 7.7 കോടി അധിക തുക വോട്ട് ഓണ്‍ അക്കൗണ്ടില്‍ നിന്ന് അനുവദിക്കാന്‍ സാധ്യമല്ലെന്ന് പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ ആറു മാസത്തെ ശമ്പള കുടിശികയാണ് കരാര്‍ ജീവനക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. അപ്പോഴും 221006101, 49, 34 (ഒസി) എന്ന ആരോഗ്യ വകുപ്പിന്റെ ഹെഡ് ഓഫ് അക്കൗണ്ടില്‍ ഏഴ് കോടി ചിലവഴിക്കാതെ കിടപ്പുണ്ടായിരുന്നു. ഓണത്തിന് എല്ലാ വകുപ്പുകളിലേയും താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിയപ്പോള്‍ ആരോഗ്യ വകുപ്പിലെ കരാര്‍ ജീവനക്കാര്‍ക്ക് നയാപൈസ നല്‍കിയില്ല. ഗവ.സെക്രട്ടറിയുടെ കത്തിന്റെ പകര്‍പ്പുമായി കരാര്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങി. അക്കൗണ്ടില്‍ ശേഷിക്കുന്ന ഏഴു കോടിയില്‍ നിന്ന് ഓരോ മാസത്തെ ശമ്പളമെങ്കിലും നല്‍കണമെന്ന് യാചിച്ചായിരുന്നു അത്. അതിനു മറുപടിയെന്നോണം 2016 ഒക്ടോബറില്‍ പിരിച്ചുവിടല്‍ ഉത്തരവായിരുന്നു ജീവനക്കാര്‍ക്ക് കിട്ടിയത്. പുറത്താക്കുമ്പോള്‍ പത്തുമാസത്തെ ശമ്പള കുടിശികയായിരുന്നു 510 കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്നത്. ആരോഗ്യ വകുപ്പിന്റെ പകര്‍ച്ച പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഏഴ് കോടി അധികൃതര്‍ വകമാറ്റി ചെലവഴിച്ചുവെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. വകുപ്പിലെ ചില ഉന്നതരില്‍ നിന്നാണ് ഇതറിഞ്ഞതെന്നും അവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.