ബെയ്‌ലി പാലം നിര്‍മാണത്തിന് തുടക്കമായി

Sunday 26 March 2017 12:02 pm IST

കൊട്ടാരക്കര: ഏനാത്ത് പട്ടാളമിറങ്ങി ബെയ്‌ലിപാല നിര്‍മ്മാണത്തിന് അനൗദ്യോഗിക തുടക്കം. ഔദ്യോഗികമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കരസേന വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥലം പൂര്‍ണ്ണമായും കരസേന ഏറ്റെടുത്തു. ഈ ഭാഗത്തേക്ക് നാട്ടുകാര്‍ക്ക് ഉള്‍പ്പടെ അനുവാദമില്ലാതെ പ്രവേശിക്കാന്‍ കഴിയില്ല. ബെയ്‌ലി പാലം നിര്‍മ്മാണത്തിനായ ഏറ്റെടുത്ത അപ്രോച്ച്‌റോഡും, അബട്ട്‌മെന്റും സൈന്യം പരിശോധിച്ച് തൃപ്തി രേഖപെടുത്തി. നിര്‍മ്മാണത്തിനായ എത്തിച്ച സാധനങ്ങള്‍ എല്ലാം പെയിന്റടിച്ച് വൃത്തിയാക്കുകയും, സ്ഥലം ലെവല്‍ ചെയ്യുന്ന നടപടികളാണ് നടന്നുവരുന്നത്. പാലത്തിനായ എത്തിച്ച വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. രണ്ടാഴ്ചക്കകം നിര്‍മ്മാണം പൂര്‍ത്തിയാക്കി ബെയ്‌ലി പാലം സംസ്ഥാനസര്‍ക്കാരിന് കൈമാറും. സെക്കന്തരബാദില്‍ നിന്നുള്ള 14 എഞ്ചിനീയറിങ് റെജിമെന്റാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം. അടൂര്‍ പഴകുളത്തുള്ള അഗ്രിക്കള്‍ച്ചറല്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ (പാസ്) പ്രധാന ക്യാമ്പ് ഓഫിസ് തുറന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഏകോപിപ്പിക്കുന്നത്. മെയിന്‍ക്യാമ്പ് കൂടാതെ പാലം നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളില്‍ പ്രത്യേകം ടെന്‍ഡുകളും ക്രമീകരിക്കും. കരസേന എത്തി നിയന്ത്രണം ഏറ്റെടുത്തതോടെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാന്‍ ധാരാളം ആളുകളാണ് എത്തുന്നത്. ഏനാത്ത് കല്ലട ആറ്റിന് കുറുകെയാണ് എംസി റോഡുവഴിയുള്ള ഗതാഗത കാല്‍നട പ്രശ്‌നത്തിന് പരിഹാരമായി സൈന്യം ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.