കണ്ണൂര്‍: സംസ്ഥാനത്ത് ആയുര്‍വ്വേദ ഫാര്‍മസി കോഴ്സ് പരീക്ഷ മുടങ്ങിയിട്ട് രണ്ട് വര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ കോഴ്സിന് വേണ്ടി തയ്യാറായി നില്‍ക്കുമ്പോഴാണ് ആയുര്‍വ്വേദ വകുപ്പിന്റെ അനാസ്ഥകാരണം കോഴ്സ് മുടങ്ങിക്കിടക്കുന്നത്. 2013-14 അധ്യയനവര്‍ഷത്തിന് ശേഷം ആയുര്‍വ്വേദ ഫാര്‍മസി കോഴ്സിന് അപേക്ഷ ക്ഷണിക്കുകയോ പരീക്ഷ നടത്തുകയോ ചെയ്തിട്ടില്ല.
ആയുര്‍വ്വേദ ഹോസ്പിറ്റലുകളിലും ഡിസ്പെന്‍സറികളിലും ആയുര്‍വ്വേദ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും അസംസ്കൃത വസ്തുക്കളും മരുന്നുകളും സൂക്ഷിക്കുന്ന സ്റ്റോറുകള്‍ കൈകാര്യം ചെയ്യുന്നതും ആയുര്‍വ്വേദ ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കിയവരാണ്. പത്താം ക്ലാസ്സാണ് കോഴ്സിന് വേണ്ട അടിസ്ഥാന യോഗ്യത. ഒരുവര്‍ഷം കേരളത്തില്‍ 199 സീറ്റിലേക്കാണ് അപേക്ഷ വിളിക്കുന്നത്. ഇതില്‍ 75 സീറ്റ് തിരുവനന്തപുരത്തെ ഗവണ്മെന്റ് ആയുര്‍വ്വേദ കോളേജിലും ബാക്കിവരുന്ന സീറ്റുകള്‍ സ്വകാര്യ ആയുര്‍വ്വേദ ആശുപത്രികളിലുമാണ്.
നിലവില്‍ തെറാപ്പിസ്റ്റ്, നഴ്സിങ് തുടങ്ങിയ കോഴ്സുകള്‍ നടന്നു വരുന്നുണ്ടെങ്കിലും ഫാര്‍മസി കോഴ്സുകള്‍ നടത്തുന്ന കാര്യത്തില്‍ മാത്രമാണ് അധികൃതര്‍ വീഴ്ചവരുത്തുന്നത്. ആയുര്‍വ്വേദ ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരികയാണ്. മികച്ച ജോലിസാധ്യതയുള്ളതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കോഴ്സിന് തയ്യാറായി വരുന്നത്. കോഴ്സ് നടത്താത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നല്കാന് വകുപ്പ് അധികൃതരും തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: