രാജ്യത്തിനാവശ്യം ദേശീയ കാഴ്ചപ്പാടിലുള്ള വിദ്യാഭ്യാസ സമ്പ്രദായം: സര്‍സംഘചാലക്

Sunday 11 June 2017 4:18 am IST

 

ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച പ്രജ്ഞാ പ്രവാഹിന്റെ ജ്ഞാന സംഗമം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: ദേശീയ കാഴ്ചപ്പാടോടു കൂടിയ വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിനാവശ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത്. വിദ്യാര്‍ത്ഥികളിലും വിദ്യാഭ്യാസ വിചക്ഷണരിലും യഥാര്‍ത്ഥ ദേശീയ കാഴ്ചപ്പാട് സൃഷ്ടിക്കുകയെന്ന ദൗത്യമാണ് നിര്‍വഹിക്കപ്പെടേണ്ടതെന്നും സര്‍സംഘചാലക് പറഞ്ഞു. പ്രജ്ഞാ പ്രവാഹിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാഭ്യാസ വിദഗ്ധരുടെ സമ്മേളനമായ ജ്ഞാന സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

രാജ്യത്തെ വിവിധ കേന്ദ്രസര്‍വ്വകലാശാലകളിലെയും സംസ്ഥാന സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും രണ്ടു ദിവസം നീണ്ടുനിന്ന ജ്ഞാനസംഗമത്തില്‍ പങ്കെടുത്തെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. ദേശീയതയിലൂന്നിയുള്ള സമാന്തര വിദ്യാഭ്യാസ സമ്പ്രദായം ശക്തമായ ഭാരതത്തില്‍ പാഠ്യപദ്ധതികളിലും ദേശീയബോധം ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കഴിഞ്ഞ 1000 വര്‍ഷങ്ങളില്‍ എന്താണോ ഭാരത വിദ്യാഭ്യാസ രംഗത്ത് നഷ്ടമായത് അവയെല്ലാം പുനസൃഷ്ടിക്കപ്പെടണം. സാംസ്‌ക്കാരികമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് മിക്കതും സംസ്‌ക്കാര വിരുദ്ധമായ കാലത്താണ് ഭാരതീയ പാരമ്പര്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത. വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് ഒരു ഏകീകൃത രൂപവും മേഖലയും വേണമെന്ന ബോധ്യത്തിലാണ് ജ്ഞാനസംഗമങ്ങള്‍ നടത്തുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

വിവിധ മേഖലകളിലെ വിദഗ്ധരായ 721 പേരാണ് ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുത്തത്. 29 സംസ്ഥാനങ്ങളില്‍ നിന്നായി കേന്ദ്ര സര്‍വ്വകലാശാലകളിലെ 20 വൈസ് ചാന്‍സിലര്‍മാരും സംസ്ഥാന സര്‍വ്വകലാശാലകളിലെ 31 വി.സിമാരും ശില്‍പ്പശാലയുടെ ഭാഗമായി.

ബനാറസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗിരീഷ് ചന്ദ്ര ത്രിപാഠി, എസ്. ഗുരുമൂര്‍ത്തി, ആചാര്യ വാംദേവ് ശാസ്ത്രി(ഡേവിഡ് ഫ്രോലി) തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കിയ വിവിധ സെഷനുകളില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവതും സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാലും മുഴുവന്‍ സമയവും ഭാഗഭാക്കായി.

സംസ്ഥാന തലങ്ങളിലും സര്‍വ്വകലാശാല തലങ്ങളിലും ജ്ഞാനസംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരതീയതയ്ക്ക് നേരേ നടക്കുന്ന സാംസ്‌ക്കാരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദേശീയതയില്‍ അധിഷ്ടിതമായ പുതിയ വിദ്യാഭ്യാസ ചിന്ത രൂപപ്പെടേണ്ടതുണ്ടെന്നും പ്രജ്ഞാപ്രവാഹ് സംയോജകന്‍ ജെ. നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്ത് സമൂഹത്തില്‍ വരുത്തേണ്ട വലിയ മാറ്റങ്ങളാണ് ജ്ഞാനസംഗമത്തിന്റെ ലക്ഷ്യമെന്നും നന്ദകുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.