ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം: ജയരാജന്റെ പങ്ക്‌ അന്നേ ചര്‍ച്ചാവിഷയം

Sunday 10 June 2012 9:41 am IST

തിരുവനന്തപുരം: ഒരു പ്രമുഖ സിപിഎം നേതാവിന്റെ ആവശ്യപ്രകാരമാണ്‌ കെ.ടി.ജയകൃഷ്ണനെ വധിച്ചതെന്ന ടി.കെ.രജീഷിന്റെ മൊഴി നിര്‍ണായകം. ജയകൃഷ്ണന്റെ വധത്തില്‍ നേരിട്ടു പങ്കെടുത്തു എന്ന്‌ ഏറ്റു പറഞ്ഞ പ്രതിയാണ്‌ രജീഷ്‌. ജയകൃഷ്ണന്‍ വധത്തിന്റെ സൂത്രധാരന്‍ പി.ജയരാജന്‍ എംഎല്‍എ ആണെന്ന്‌ അന്നുതന്നെ ചര്‍ച്ച ചെയ്തിരുന്നു. അക്കാര്യം പി.ജയരാജന്‍ തന്റെ "സംഘര്‍ഷങ്ങളുടെ രാഷ്ട്രീയം" എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുമുണ്ട്‌. അതിന്‍ പ്രകാരം "ജയകൃഷ്ണന്‍ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക്‌ പല കേന്ദ്രങ്ങളില്‍ നിന്നും പലതവണ ആരോപിക്കപ്പെട്ടതാണ്‌. തെളിവുകളെല്ലാം തന്നെ വിരല്‍ ചൂണ്ടുന്നത്‌ സിപിഎം നേതൃത്വം നേരിട്ടു പദ്ധതിയിട്ടാണ്‌ വകവരുത്തിയത്‌ എന്നാണ്‌. പ്രത്യേകിച്ചും ഇപ്പോഴത്തെ കൂത്തുപറമ്പ്‌ എംഎല്‍എ ജയരാജന്‌ ഗൂഢാലോചനയിലുള്ള പങ്കിനെ കുറിച്ച്‌ വെളിച്ചത്തു വരേണ്ട വസ്തുത ഏറെയാണ്‌. കണ്ണൂരിലെ മാര്‍ക്സിസ്റ്റ്‌ ക്രിമിനല്‍ നായകനായ, ജയരാജന്‍ എംഎല്‍എ ഇപ്പോഴും സുരക്ഷിതനാണ്‌. കണ്ണൂരിലെ സാധാരണ ജനങ്ങളെല്ലാം തന്നെ ജയകൃഷ്ണന്‍ കൊലപാതകത്തില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനും പി.ജയരാജനും ഉള്ള പങ്കിനെ കുറിച്ച്‌ ഇപ്പോഴും ബലമായി സംശയിക്കുന്നുണ്ട്‌. ജില്ലാ കോടതിയില്‍ വധശിക്ഷ വിധിച്ച ക്രിമിനലുകള്‍ക്ക്‌ വീര്യം പകര്‍ന്നും പിന്തുണയേകിയും കൊണ്ടുള്ള പി.ജയരാജന്റെ മണിക്കൂറുകള്‍ നീളുന്ന സാന്നിധ്യം ഇതിന്റെ തെളിവുകളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌...." അന്നു വന്ന വാര്‍ത്തകളും നോട്ടീസുകളും ഒക്കെയാണ്‌ ജയരാജന്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത്‌.
ചോടോന്‍ ഉത്തമന്റെ മരണത്തിനു പിന്നിലും ജയരാജനാണെന്ന്‌ അന്ന്‌ വാര്‍ത്ത പരന്നിരുന്നു. അത്‌ പച്ചക്കള്ളമാണെന്ന്‌ പുസ്തകത്തില്‍ ആവര്‍ത്തിച്ച ജയരാജന്‍ ആ സമയത്തിറങ്ങിയ നോട്ടീസിലെ ഒരു വാചകവും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്‌. "ഉത്തമന്റെ കൊലപാതകം ആസൂത്രണം ചെയ്തത്‌ കൂത്തുപറമ്പിലെ സിപിഎം ഓഫീസില്‍ പി.ജയരാജന്റെയും പാനോളി വത്സന്റെയും നേതൃത്വത്തിലാണെന്ന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും അവരെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ തയ്യാറാകുന്നില്ല."
ജയകൃഷ്ണന്‍ വധക്കേസില്‍ പിടിയിലായവരില്‍ ഒരാള്‍ മാത്രമാണ്‌ യഥാര്‍ഥ പ്രതിയെന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ രജീഷിന്റെ മൊഴി. ആ കേസ്‌ പുനരന്വേഷണത്തിന്റെ സാധ്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഒന്നാം പ്രതി അച്ചാരുപറമ്പത്ത്‌ പ്രദീപ്‌ മാത്രമാണ്‌ ജയകൃഷ്ണനെ വെട്ടിക്കൊന്ന സംഘത്തില്‍ ഉണ്ടായിരുന്നതെന്നും താനും സംഘത്തിലുണ്ടായിരുന്നുവെന്നുമാണ്‌ രജീഷ്‌ മൊഴി നല്‍കിയത്‌.
1999 ഡിസംബര്‍ ഒന്നിന്‌ പാനൂര്‍ ഈസ്റ്റ്‌ മൊകേരി യുപി സ്കൂളില്‍ ക്ലാസെടുത്തു കൊണ്ടിരിക്കെയാണ്‌ യുവമോര്‍ച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ.ടി.ജയകൃഷ്ണനെ വിദ്യാര്‍ഥികളുടെ മുന്നിലിട്ട്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കെ.ടി. ജയകൃഷ്ണനെ വെട്ടിക്കൊന്ന കേസില്‍ പ്രദീപ്‌ അടക്കം അഞ്ചുപേരെ തലശേരി സെഷന്‍സ്‌ കോടതി വധശിക്ഷയ്ക്ക്‌ വിധിക്കുകയായിരുന്നു. പിന്നീട്‌ ഹൈക്കോടതിയും വധശിക്ഷ ശരിവച്ചതോടെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. നാലുപ്രതികളെയും വെറുതെവിട്ട സുപ്രീംകോടതി അച്ചാരുപറമ്പത്ത്‌ പ്രദീപിന്റെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. അറസ്റ്റിലാവുമ്പോള്‍ സിപിഎം മൊകേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു പ്രദീപ്‌. പിന്നീട്‌ 2011ല്‍ ഇടതുഭരണകാലത്തു ജയില്‍ മോചിതനായ പ്രദീപ്‌ ഇപ്പോള്‍ പാനൂര്‍ ഏരിയ കമ്മറ്റി അംഗമായി. ജയകൃഷ്ണന്‍ വധക്കേസില്‍ ഏഴ്‌ പ്രതികളാണ്‌ നിയമനടപടികള്‍ക്ക്‌ വിധേയരായത്‌. ഈ കേസ്‌ അന്വേഷിച്ച രീതിയെക്കുറിച്ചും അന്വേഷണ സംഘത്തിനു നേരെയും അന്ന്‌ കോടതി വിമര്‍ശനമുയര്‍ന്നിരുന്നു. കേസില്‍ ഡമ്മി പ്രതികളെയാണ്‌ പിടിച്ചതെന്ന ആരോപണവും അന്ന്‌ ഉയര്‍ന്നിരുന്നു. കോടതി നിര്‍ദേശാനുസരണം നടപടി സ്വീകരിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സിപിഎം നേതൃത്വവും യുഡിഎഫും അന്നുണ്ടാക്കിയ അവിഹിത ബാന്ധവമായിരുന്നു അതിനു കാരണം.
സ്വന്തം ലേഖകന്‍പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.