ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമില്ല: കോടതി

Sunday 11 June 2017 1:54 am IST

ന്യൂദല്‍ഹി: ക്ഷേമപദ്ധതികള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. എന്നാല്‍ ആധാര്‍ നിര്‍ത്തലാക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ ആധാര്‍ തുടരാം. ബാങ്ക് അക്കൗണ്ടിന് ആധാര്‍ വേണമെന്ന നിബന്ധന തുടരാമെന്നും കോടതി അഭിപ്രായപ്പെട്ടു.ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി ആധാറിന്റെ കാര്യത്തില്‍ കോടതി വ്യക്തത വരുത്തണമെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ട കേസില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് പ്രശ്നത്തില്‍ വ്യക്തത വരുത്താന്‍ ഉപകരിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട കേസ് ഉടന്‍ തീര്‍പ്പാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി പറഞ്ഞു. ആധാര്‍ നിര്‍ബന്ധമല്ലെന്നും ജനങ്ങള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം എടുത്താല്‍ മതിയാകുമെന്നും 2013 സെപ്തംബറില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ ഭേദഗതി വരുത്തി 2015 ആഗസ്റ്റ് 11ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് എല്‍.പി.ജി സബ്‌സിഡി, മണ്ണെണ്ണ, പൊതുവിതരണ സമ്പ്രദായത്തിലെ ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് വേണമെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്യാമെന്ന് ഉത്തരവിട്ടു. എന്നാല്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ആധാര്‍ പൗരന്മാരുടെ സ്വകാര്യത കവര്‍ന്നെടുക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതിയിലെ മുന്‍ ജഡ്ജി കെ.എസ്. പുട്ടുസ്വാമിയാണ് 2012ല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.