ഭൂ മാഫിയയ്ക്ക് സര്‍ക്കാര്‍ ഒത്താശ; സബ്‌കളക്ടര്‍മാരുടെ അധികാരം വികേന്ദ്രീകരിക്കുന്നു

Sunday 11 June 2017 1:32 am IST

തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ വീട് നിര്‍മാണത്തിന് അനുമതി വാങ്ങുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സബ്കലക്ടര്‍മാരുടെ അധികാരം വികേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവീകുളം സബ്കലക്ടറെ മാറ്റുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂമാഫിയയ്ക്കെതിരെ ശക്തമായ നടപടി എടുത്ത ഉദ്യോഗസ്ഥനാണ് ദേവികുളത്തെ സബ്‌കളക്ടര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്നാറില്‍ കുടിയേറിയവരെ ഇറക്കിവിടാനാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ തന്നെ മുറിച്ചു മാറ്റാനായി കണ്ടെത്തിയിരുന്ന 28 മരങ്ങള്‍ മുറിച്ചുമാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് നിയമതടസമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ മൂന്നാറിലുള്ള വീട് പട്ടയഭൂമിയിലാണ്. രാജേന്ദ്രനെതിരെ മുമ്പും ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള കയ്യേറ്റവും അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇടുക്കിയിലെ ഭൂ മാഫിയയെ ഒതുക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ക്കെതിരെ സിപി‌എം കഴിഞ്ഞ കുറച്ചു നാളുകളായി സമരത്തിലാണ്. പാറമാഫിയയ്ക്കും കയ്യേറ്റക്കാര്‍ക്കും അനധികൃത കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്കുമെതിരെ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെയാണ് സിപിഎം സബ് കളക്ടര്‍ക്കെതിരെ തിരിഞ്ഞത്. സബ്‌കളക്ടറുടെ അധികാരം വികേന്ദ്രീകരിക്കുന്നതിലൂടെ ഭൂ മാഫിയയ്ക്ക് ഒത്താശ ചെയ്യുകയാണ് സര്‍ക്കാരെന്ന ആരോപണം ശക്തമായിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പാറ മോഷ്ടിച്ചിരുന്ന ചതുരങ്കപ്പാറിലെയും ശാന്തന്‍പാറയിലെയും പാറമട സബ്‌കളക്ടര്‍ പൂട്ടിയതാണ് സിപിഎമ്മിന് കനത്ത ആഘാതമേല്‍പ്പിച്ചത്. രണ്ട് പാറമടകളും ഇടുക്കിയില്‍ ഉഷ്ണക്കാറ്റിന് കാരമണാകുന്ന വിധമാണ് പാറ പൊട്ടിയ്ക്കുന്നതെന്നും സര്‍ക്കാരിന്റെ ഭൂമിയില്‍ നിന്നും മൂന്ന് കോടിയോളം രൂപയുടെ പാറപൊട്ടിച്ചെടുത്തിട്ടുണ്ടെന്നും കാട്ടി സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാറമട പൂട്ടിയതോടെ സബ് കളക്ടറെമാറ്റണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘത്തെ മുന്‍ നിര്‍ത്തിയാണ് സിപിഎം പ്രത്യക്ഷ സമരം ആരംഭിച്ചത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ നിന്ന് വ്യക്തികള്‍ക്ക് കരം അടയ്ക്കുന്നതിന് റവന്യൂ വകുപ്പ് ബുദ്ധിമുട്ടുണ്ടാക്കുന്നു, കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകള്‍ തടഞ്ഞുവച്ചിരിക്കുന്നു എന്നീ കാര്യങ്ങള്‍ നിരത്തിയായിരുന്നു സമരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.