കുടിവെള്ള വിതരണം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാന്‍ അനുമതി

Monday 27 March 2017 6:52 pm IST

കണ്ണൂര്‍: കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനതലത്തില്‍ കുടിവെള്ള വിതരണത്തിന് സംവിധാനമൊരുക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനാവശ്യമായ പണം കോര്‍പറേഷന്‍-നഗരസഭ- ഗ്രാമപഞ്ചായത്തുകളുടെ തനത്/പ്ലാന്‍ ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ മാര്‍ച്ച് ഒന്‍പതിലെ തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പിന്റെ 662/2017 നമ്പര്‍ ഉത്തരവ് അനുമതി നല്‍കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. മെയ് 31 വരെ ഈ ആവശ്യത്തിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് 15 ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 25 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 35 ലക്ഷവുമാണ് ചെലവഴിക്കാന്‍ അനുമതിയുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനായുള്ള നടപടിക്രമങ്ങള്‍ നേരത്തേ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേനയാണ് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സ്വീകരിക്കുന്നത്. തഹസില്‍ദാര്‍ വഴി ലഭിക്കുന്ന അപേക്ഷകളില്‍ ദ്രുതഗതിയില്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. ഇതിനായി കലക്ടറേറ്റില്‍ പ്രത്യേക സംവിധാനമൊരുക്കിയതായും അദ്ദേഹം പറഞ്ഞു. പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി പദ്ധതി ആസൂത്രണത്തില്‍ ജില്ലയുടെ മുന്‍ഗണനകള്‍ തീരുമാനിക്കുന്നതിന്റെ മുന്നോടിയായി തങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മെയ് 15നകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ആസൂത്രണ സമിതി യോഗം ജില്ലാതല വകുപ്പ് നിര്‍വണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സമഗ്ര പദ്ധതി രൂപീകരണത്തിന് ഉപകാരപ്രദമാവും വിധം ജില്ലയുടെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ സവിശേഷതകള്‍ പരിഗണിച്ചുകൊണ്ടുള്ളതാവണം റിപ്പോര്‍ട്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി, ജില്ലാ വികസന സമിതി പോലുള്ള സുപ്രധാന യോഗങ്ങളില്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഹാജരാവാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ നടപടികളെടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ മേയര്‍ ഇ.പി.ലത, കെ.പി.ജയബാലന്‍ മാസ്റ്റര്‍, കെ.ശോഭ, ടി.ടി.റംല, എം.സുകുമാരന്‍, പി.കെ.ശ്യാമള ടീച്ചര്‍, അജിത് മാട്ടൂല്‍, കെ.വി.ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.