സര്‍ക്കാര്‍ ചെലവില്‍ മോദി വിരുദ്ധ പരിപാടി

Saturday 10 June 2017 11:18 pm IST

കൊല്ലം: സര്‍ക്കാര്‍ ചെലവില്‍ കൊല്ലത്ത് മോദിവിരുദ്ധ പ്രചാരവേല. മീഡിയ അക്കാദമിയും പിആര്‍ഡിയും ചേര്‍ന്ന് കൊല്ലം പ്രസ്‌ക്ലബിന്റെ സഹകരണത്തോടെ നടത്തുന്ന അന്താരാഷ്ട്ര വാര്‍ത്താചിത്രമേളയും മാധ്യമ സെമിനാറുമാണ് ഇടത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാകുന്നത്. ഒന്നര കോടിയോളം രൂപയാണ് ഖജനാവില്‍ നിന്നും ചെലവാക്കുന്നത്. ദേശസ്‌നേഹം, ജനാധിപത്യം, മാധ്യമം എന്ന വിഷയത്തില്‍ ഇന്നലെ നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയവരത്രയും മോദിവിരുദ്ധ പ്രചാരകരാണ്. അസഹിഷ്ണുതാവിവാദവും ദളിത്‌വേട്ടയും ആരോപണമാക്കി വലിയ പ്രചാരവേല നയിച്ച കുമാര്‍ സാഹ്നിയായിരുന്നു ഉദ്ഘാടകന്‍. ആദ്യപരിപാടി തന്നെ തുടങ്ങിയത് പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളേ എന്ന ഗാനം ആലപിച്ചായിരുന്നു. ദേശീയതയല്ല, അന്താരാഷ്ട്രദേശീയതയെയാണ് ഇന്ത്യാക്കാര്‍ സ്വന്തം ദേശീയതയായി ഉയര്‍ത്തിപിടിക്കേണ്ടതെന്ന് സാഹ്‌നി ആവശ്യപ്പെട്ടു. ദേശീയത എന്നത് കാപട്യമാണെന്ന് വരുത്താന്‍ ഒരുമണിക്കൂറോളം സമയമാണ് പ്രസംഗത്തില്‍ അദ്ദേഹം ചിലവിട്ടത്. പിന്നാലെ സംസാരിച്ച ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം.മനോജ് ആര്‍എസ്എസിനെ അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ദേശാഭിമാനി മുന്‍ രാഷ്ട്രീയലേഖകന്‍ കൂടിയായ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവായിരുന്നു അധ്യക്ഷത വഹിച്ചത്. വെങ്കിടേശ് രാമകൃഷ്ണന്‍, ബര്‍ഖാദത്ത്, ജോണ്‍ ബ്രിട്ടാസ്, പി.എം.മനോജ് തുടങ്ങിയ മോദിവിരുദ്ധ പ്രചാരവേലക്കാരുടെ സംഗമമാണ് പിആര്‍ഡിയും മീഡിയാ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ഇറോം ശര്‍മിളയെയും പരിപാടിയില്‍ പങ്കെടുപ്പിച്ചു. ഇന്ന് ആശ്രാമത്തെ യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.