ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു; ഓവര്‍സിയറുടെ വീഴ്ചയെന്ന് ആക്ഷേപം

Saturday 10 June 2017 11:32 pm IST

സജി

വെള്ളനാട്(തിരുവനന്തപുരം): വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. ഓവര്‍സിയറുടെ വീഴ്ചയാണ് അപകട കാരണമെന്ന് ആക്ഷേപം. കെഎസ്ഇബി വെള്ളനാട് സെക്ഷനിലെ ലൈന്‍മാന്‍ ചാങ്ങ കമ്പനിമുക്ക് കാവുംകുഴി മേലെ പ്ലാവിള വീട്ടില്‍ സജി(43) ആണ് 110 കെവി ലൈനിലെ ജോലിക്കിടെ ഷോക്കേറ്റ് നിലത്തുവീണു മരിച്ചത്.

ഇന്നലെ രാവിലെ 10 ന് ഉറിയാക്കോട് അരുവിക്കാമൂഴി നെടുമാനൂര്‍ റോഡില്‍ സ്വകാര്യ വ്യക്തിയുടെ ആഞ്ഞില്‍ മരം മുറിച്ചു നീക്കാന്‍ 110 കെവി ലൈന്‍ അഴിച്ചുമാറ്റാനാണ് സജിയും ഓവര്‍സിയര്‍ ഷാജിറാമും എത്തിയത്. ഇതിനായി ഈ ഭാഗത്തേക്കുള്ള ഫ്യൂസിനു പകരം മറ്റൊരിടത്തെ ഫ്യൂസാണ് മദ്യ ലഹരിയിലായിരുന്ന ഓവര്‍സിയര്‍ ഊരി മാറ്റിയതെന്ന് പറയപ്പെടുന്നു. സപ്ലൈ നിലച്ചുവെന്ന് കരുതി വൈദ്യുത തൂണില്‍ കയറി കമ്പികള്‍ അഴിക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ് നിലത്തുവീണ സജിയെ ഉടന്‍ വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിച്ചു. സജി അപകടത്തില്‍ പെട്ടതോടെ ഓവര്‍സിയര്‍ സ്ഥലത്തുനിന്ന് മുങ്ങി.

എട്ട് മാസം മുന്‍പാണ് സജി വൈദ്യുതി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. ആറു മാസമായി വെള്ളനാട് സെക്ഷനിലാണ് ജോലി ചെയ്യുന്നത്. ഭാര്യ സിന്ധു. പ്ലസ് ടു വിദ്യാര്‍ത്ഥിനി കാവ്യ സജി, പത്താം ക്ലാസുകാരി ആര്യ സജി എന്നിവര്‍ മക്കളാണ്. നിര്‍ധന കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ് സജിയുടെ മരണത്തോടെ ഇല്ലാതായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.