ധര്‍മ്മടത്ത് സിപിഎമ്മിനകത്ത് കലാപം: ബാങ്ക് പ്രസിഡണ്ടിനെ പുറത്താക്കി : ഗ്രൂപ്പ് പോര് ശക്തം

Monday 27 March 2017 10:27 pm IST

ധര്‍മ്മടം: സിപിഎം ധര്‍മ്മടം ലോക്കല്‍ കമ്മറ്റിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പാര്‍ട്ടി നിയന്ത്രണത്തിലുളള ധര്‍മ്മടം ബാങ്ക് പ്രസിഡണ്ടിനെ പുറത്താക്കി. ബാങ്ക് പ്രസിഡണ്ടും പിണറായി ഏരിയാ കമ്മറ്റിയംഗവുമായ ടി.പ്രസാദിനെയാണ് കഴിഞ്ഞ ദിവസം പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഏതാനും നാളുകളായി പാര്‍ട്ടിക്കുളളില്‍ ഒരുവിഭാഗം തുടര്‍ച്ചയായി ആരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. ബാങ്കില്‍ നിന്നും പലരീതിയില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നും വായ്പ അനുവദിക്കുന്നതില്‍ കമ്മീഷന്‍ പറ്റിയെന്നുമായിരുന്നു ആരോപണമുയര്‍ന്നത്. പ്രസാദിനെ പുറത്താക്കിയതിനെ തുടര്‍ന്ന് മേഖലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടയില്‍ ശക്തമായ വിഭാഗീയത രൂപം കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറില്‍ ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് ഒരുവിഭാഗം ഇയാള്‍ക്കെതിരെ പരസ്യമായി നോട്ടീസ് അടിച്ച് ആരോപണവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിതലത്തില്‍ അന്വേഷണ നടത്തിയിരുന്നു. പ്രസിഡണ്ടിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളടക്കം പരിശോധനക്ക് വിധേയമാക്കിയിരുന്നു. ലോണ്‍ നല്‍കുന്നതില്‍ ഈടിന്റെ വിലനിര്‍ണയത്തില്‍ കണിശത പാലിക്കാനായില്ലെന്ന് കണ്ടെത്തിയിരുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്ക് വിധേയമായി പ്രസാദിനെ പാര്‍ട്ടിക്കകത്ത് താക്കീത് ചെയ്യാനും പ്രസിഡണ്ട് സ്ഥാനത്തുനിന്നും നീക്കം ചെയ്യാനും തീരുമാനിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും ബാങ്ക് ഡയറക്ടറുമായ സി.ഭാസ്‌കരനെ പുതിയ പ്രസിഡണ്ടാക്കാനാണ് തീരുമാനമെന്നറിയുന്നു. അതിനിടെ അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷ് കുമാറിന്റെ കൊലപാതകത്തിനെതിരേയും മേഖലയിലെ സിപിഎമ്മിനത്ത് അഭിപ്രായ വ്യത്യാസം രൂക്ഷമായിരുന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മേഖലയില്‍ ബാങ്കുമായി ബന്ധപ്പെട്ട് പുതിയ അഭിപ്രായവ്യത്യാസം പാര്‍ട്ടിക്കുളളില്‍ ഉടലെടുത്തിരിക്കുന്നത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന സ്ഥിതി പാര്‍ട്ടിക്കകത്തെ ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്ന പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയാണ്. ധര്‍മ്മടത്തെ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്താനുള്ള കുറുക്കവഴി തേടിയ നേതൃത്വം പ്രസാദിനെ ബലിയാടാക്കിയതാണെന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രശ്‌നം പാര്‍ട്ടിക്കുളളില്‍ പോര് രൂക്ഷമാക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.