കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ ഉത്സവം ഏപ്രില്‍ 1 മുതല്‍, പൊങ്കാല 7ന്‌

Monday 27 March 2017 11:32 pm IST

തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ ഒന്നു മുതല്‍ ഏഴ് വരെ. വിശിഷ്ടമായി പൂജകള്‍, അന്നദാനസദ്യ, പുറത്തെഴുന്നളളത്ത്, പൊങ്കാല, കുരുതി എന്നിവയും വിവിധ കലാപരിപാടികളും ഉത്സവത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്. ഉത്സവത്തിന്റെ ഏഴാം ദിനമായ ഏപ്രില്‍ ഏഴിനു പൊങ്കാല നടക്കും. രാവിലെ 10.15ന് ആരംഭിക്കുന്ന പൊങ്കാല ഉച്ചയ്ക്കു 2.15ന് തര്‍പ്പണത്തോടു കൂടി അവസാനിക്കും. ഒന്നാം ഉത്സവ ദിവസം വൈകുന്നേരം 5 മണിക്കു ദേവിയെ ആദ്യമായി കുടിയിരുത്തിയ ഗുരുമന്ദിരത്തില്‍ ദേവിയെ പ്രതിഷ്ഠ നടത്തിയ ഗുരുവിനും മന്ത്ര മൂര്‍ത്തിയ്ക്കുമുളള ഗുരുപൂജയോടു കൂടി ഉത്സവ ചടങ്ങുകള്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ പന്തീരടി പൂജ, നവകം, കലശാഭിഷേകം എന്നിവയും വൈകുന്നേരം ഭഗവതി സേവയും, പുഷ്പാഭിഷേകവും ഉണ്ടായിരിക്കുന്നതും ഏപ്രില്‍ 5,6 ബുധന്‍, വ്യാഴം തിയതികളില്‍ രാവിലെ 9 മണി മുതല്‍ ദേവി തങ്കരഥത്തില്‍ പുറത്തെഴുന്നെളളുന്ന ചടങ്ങും നടത്തുമെന്നു ട്രസ്റ്റ് ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രശസ്ത വ്യക്തികള്‍ക്കായി കരിക്കകം ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുളള ഈ വര്‍ഷത്തെ കരിക്കകത്തമ്മ പുരസ്‌കാരത്തിനു കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി. 25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരം. ഏപ്രില്‍ ഒന്നിനു വൈകിട്ടു 6 മണിക്കു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനവും, കരിക്കകത്തമ്മ പുരസ്‌കാര സമ്മര്‍പ്പണവും മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം നെടുമുടി വേണു നിര്‍വഹിക്കും. സമ്മേളനത്തില്‍ മേയര്‍ വി.കെ.പ്രശാന്ത്, മുഖ്യമന്ത്രി വി.എസ് ശിവകുമാര്‍ എംഎല്‍എ, ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍ എന്നിവര്‍ പങ്കെടുക്കും. 7നു രാവിലെ 10.15നു ക്ഷേത്ര തന്ത്രി പുലിയനൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്കു 2.15നു ദേവിയുടെ ഉടവാള്‍ പൊങ്കാല കളത്തില്‍ എഴുന്നെളളിപ്പിച്ചു പൊങ്കാല തര്‍പ്പണം നടത്തും. പൊങ്കാല തര്‍പ്പണത്തിനായി 150 ഓളം പൂജാരിമാരെ നിയോഗിച്ചു. പൊങ്കാല അര്‍പ്പിക്കുന്നതിനായി 15 ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി ജി.ശ്രീകുമാരന്‍ നായര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.മുരളീധരന്‍ നായര്‍, സെക്രട്ടറി എം.ഭാര്‍ഗവന്‍ നായര്‍, ട്രഷറര്‍ എം.ജനാര്‍ദനന്‍ നായര്‍, വൈസ്പ്രസിഡന്റ് ജി.എന്‍.സാജു, ജോയിന്റ് സെക്രട്ടറി ജെ.ശങ്കരദാസന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.