കുടിവെള്ളത്തിന് 2020 വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ച് കോര്‍പ്പറേഷന്‍ ബജറ്റ്

Tuesday 28 March 2017 2:45 pm IST

കൊല്ലം: നഗരത്തിന്റെ സമഗ്രമായ വികസനവും കുടിവെള്ളലഭ്യതയും ഉറപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കോര്‍പ്പറേഷന്‍ ബജറ്റ് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അവതരിപ്പിച്ചു. ഇന്നലെ രാവിലെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ കൂടിയ ബജറ്റ് യോഗത്തില്‍ മേയര്‍ വി.രാജേന്ദ്രബാബു ആമുഖപ്രസംഗം നടത്തി. 550.29 കോടി രൂപ വരവും 562.01 കോടി രൂപ ചിലവും 18.57 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. മുന്‍ബാക്കിയായി 30.29 കോടി രൂപ ഉള്‍പ്പെടെയാണിത്. കണ്‍വന്‍ഷന്‍സെന്റര്‍, മൊബിലിറ്റി ഹബ്ബ്, പാര്‍ക്കിങ് കം ഷോപ്പിങ് കോംപ്ലക്‌സ്, ഓപ്പണ്‍എയര്‍ ഓഡിറ്റോറിയം, ഫുട്ട്ഓവര്‍ ബ്രിഡ്ജ്, ഫ്‌ളൈഓവര്‍ നിര്‍മാണം, ബസ് ഷെല്‍ട്ടര്‍, അന്താരാഷ്ട്രനിലവാരമുള്ള മാര്‍ക്കറ്റ്, തീരദേശറോഡില്‍ സൈക്കിള്‍ ട്രാക്ക് തുടങ്ങി നിരവധി സ്വപ്‌നപദ്ധതികളും ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ളപ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ഞാങ്കവില്‍ നിന്നുള്ള വെള്ളം വസൂരിച്ചിറയില്‍ എത്തിച്ച് ശുദ്ധീകരിച്ച് കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഈ പദ്ധതി 2020ല്‍ യഥാര്‍ത്ഥ്യമാക്കും. കൊല്ലം നഗരത്തില്‍ പൊതുപരിപാടികള്‍ക്കും മറ്റും ഉപയോഗിക്കാന്‍ കൊല്ലം ഡവലപ്‌മെന്റ് അതോറിറ്റി വിട്ടുനല്‍കുന്ന സ്ഥലത്ത് കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കാന്‍ ഒരുകോടി രൂപ വകയിരുത്തി. മൊബിലിറ്റി ഹബ്ബിനായി 4 കോടിയും പാര്‍ക്കിങ് കം ഷോപ്പിങ് കോംപ്ലക്‌സിനായി 1.75 കോടിയും പ്രസ് ക്ലബിന് മുന്നിലും ലിങ്ക്‌റോഡിന് സമീപവും ഓപ്പണ്‍ എയര്‍ഓഡിറ്റോറിയം നിര്‍മിക്കാനായി 50 ലക്ഷം രൂപയും ഫുട്ട്ഓവര്‍ ബ്രിഡ്ജിനായി 3.20 കോടി രൂപയും വകയിരുത്തി. അയത്തില്‍, കല്ലുംതാഴം, കപ്പലണ്ടിമുക്ക്, ആനന്ദവല്ലീശ്വരം എന്നിവിടങ്ങളില്‍ ഫ്‌ളൈഓവര്‍ നിര്‍മിക്കാന്‍ 60 ലക്ഷം രൂപ വകയിരുത്തി. മലിനമായിരിക്കുന്ന കൊല്ലംതോട്, മണിച്ചിത്തോട് എന്നിവ ശുദ്ധീകരിക്കാന്‍ 1.30 കോടി ചിലവിടാനും പദ്ധതിയുണ്ട്. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം നല്‍കുന്ന നിലാവ് പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി. 55 ഡിവിഷനിലെയും തെരുവ് വിളക്കുകള്‍ എല്‍ഇഡിയാക്കാന്‍ ഒരു കോടി രൂപ വകയിരുത്തി. സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി. വിവിധ ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്നും ഓഫീസ് സംവിധാനം പൂര്‍ണമായും കമ്പ്യൂട്ടല്‍വരിക്കുമെന്നും ബജറ്റ് പറയുന്നു. 41204 പേരാണ് വിവിധ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍. നഗരത്തിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസത്തിന് സമഗ്രപദ്ധതി തയ്യാറാക്കും. ടി.എം.വര്‍ഗീസ് സ്മാരകലൈബ്രറി പഠനഗവേഷണകേന്ദ്രമാക്കും. ബീച്ചിലെ ലൈഫ് ഗാര്‍ഡുകള്‍ക്കായി റെസ്റ്റ് ഹൗസ് നിര്‍മിക്കും. കോര്‍പ്പറേഷന്‍ സോണല്‍ ഓഫീസുകള്‍ ക്യാമറനിരീക്ഷണത്തിലാക്കും. അയത്തില്‍, മങ്ങാട് എന്നിവിടങ്ങളില്‍ മാര്‍ക്കറ്റിന് ആവശ്യമായ സ്ഥലം വാങ്ങി മാര്‍ക്കറ്റ് ആന്റ് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ 11 കോടി രൂപ വകയിരുത്തി. ബജറ്റിന്‍മേലുള്ള ചര്‍ച്ച നാളെ രാവിലെ 11ന് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.