പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

Tuesday 28 March 2017 9:50 pm IST

പാനൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2017-18 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പതിനേഴ് കോടി അറുപത്തിയാറ് ലക്ഷത്തി എഴുപത്താഞ്ചായിരത്തി അറുനൂറ്റി മുപ്പത്തിയേഴ് രൂപ വരവും പതിനേഴ് കോടി എട്ട് ലക്ഷത്തി എട്ടായിരം രൂപ ചെലവും അന്‍പത്തിയെട്ട് ലക്ഷത്തി അറുപത്തിയേഴായിരത്തി അറുനൂറ്റി മുപ്പത്തിയേഴ് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ കെ.ഷിമി അവതരിപ്പിച്ചത്. കാര്‍ഷിക മേഖലക്കും പശ്ചാത്തല സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം കടുത്ത വരള്‍ച്ച മുന്‍നിര്‍ത്തി ബ്ലോക്ക് പരിധിയിലെ മുഴുവന്‍ വറ്റുന്ന കിണറുകളും റീചാര്‍ജ് ചെയ്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുവാനും ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ മണ്ണ്-ജല സംരക്ഷണത്തിനായി നാല് കോടി ഒന്‍പത് ലക്ഷവും, കാര്‍ഷിക മൃഗസംരക്ഷണ മേഖലയ്ക്കായി അഞ്ച് കോടി പതിമൂന്ന് ലക്ഷവും പാശ്ചാത്തല സൗകര്യ വികസനത്തിനായി രണ്ട് കോടി ഇരുപത്തി ഒന്‍പത് ലക്ഷത്തി നാല്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയും ഗ്രാമീണ റോഡുകള്‍ക്കായി മൂന്ന് കോടി രൂപയും വകയിരുത്തിയതുമാണ് ബഡ്ജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍.അനൂപ്, പി.മനോജ്, കെ.സുഗീഷ്, കെ.ഉഷ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ എ.ശൈലജ, വി.കെ.രാഗേഷ്, എം.ഷീബ, ടി.വിമല എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.