പാരമ്പര്യ വഴികളിലെ സുധീര്‍ കുമാര്‍ ഷെട്ടി

Thursday 25 May 2017 5:59 pm IST

                            സുധീര്‍കുമാര്‍ ഷെട്ടി തെയ്യത്തില്‍ നിന്ന് അനുഗ്രഹം തേടുന്നു

എന്മകജെ ഗ്രാമത്തില്‍ തെയ്യങ്ങള്‍ ഉറയാന്‍ തുടങ്ങുന്നതോടെ, ലോകത്തിന്റെ ഏതുകോണിലായാലും സ്വന്തം മണ്ണുതേടി വരാതിരിക്കാനാവില്ല സുധീര്‍ ഷെട്ടിക്ക്. ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തലവനാണെങ്കിലും ഒരു നിമിഷംപോലും പാഴാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും നാല് ദിവസം പൂര്‍ണമായും തെയ്യക്കാഴ്ചകളില്‍ നിറഞ്ഞ്, അനുഗ്രഹം തേടി സുധീര്‍ഷെട്ടി എന്മകജെയിലുണ്ടാകും.

ഗുളികനും കാളിയും ചാമുണ്ഡിയുമെല്ലാം അനുഗ്രഹം ചൊരിഞ്ഞ് തുള്ളിയുറയുമ്പോള്‍ ഭക്തിയോടെ ,ആദരവോടെ അനുഗ്രഹം തേടിയെത്തുന്ന ആയിരക്കണക്കിന് നാട്ടുകാര്‍ക്കൊപ്പം അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേര്‍ന്ന് ആണ്ടിലൊരിക്കല്‍ തനി നാട്ടിന്‍പുറത്തുകാരനാകും സുധീര്‍ഷെട്ടി.

എന്മകെജയുടെ പാരമ്പര്യ ആചാരങ്ങളില്‍ അതിപ്രധാനമാണ് ആണ്ടിലൊരിക്കല്‍ നടക്കുന്ന തെയ്യം. തറവാട്ട് ദോഷങ്ങള്‍ തീരാന്‍ ദേവഗണങ്ങള്‍ തെയ്യങ്ങളായി അവതരിച്ചെത്തുന്നുവെന്നാണ് എന്മകെജയുടെ സങ്കല്‍പം. സുധീര്‍ഷെട്ടിയുടെ തറവാടിന്റെ പേരും ആ ഗ്രാമത്തിന്റെ പേരും ആ പഞ്ചായത്തിന്റെ പേരും എന്മകജെ എന്നുതന്നെ. ചുരുങ്ങിയത് അഞ്ഞൂറ് വര്‍ഷമെങ്കിലും ആയിട്ടുണ്ടാകും എന്മകജെയില്‍ തെയ്യങ്ങള്‍ അനുഗ്രഹം ചൊരിയാന്‍ തുടങ്ങിയിട്ട്.

ഒരുക്കങ്ങള്‍ തുടങ്ങുന്ന അന്നുമുതല്‍ ഒരാഴ്ചക്കാലം എന്‍മകജെ ഗ്രാമവാസികള്‍ ഭക്തിയുടേയും വിശ്വാസത്തിന്റേയും നിറവിലാണ്. ഷെട്ടിയുടെ തറവാടിനോട് ചേര്‍ന്ന് പ്രത്യേകമായി പണിതീര്‍ത്തിട്ടുള്ള തെയ്യസ്ഥാനത്താണ് തെയ്യം അരങ്ങേറുക. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത കെട്ടിടങ്ങള്‍ അതേ വാസ്തുവിദ്യയോടെ ഇന്നും സംരക്ഷിക്കപ്പെടുന്നു. പടിപ്പുരയും നാലുകെട്ടും എല്ലാമായി ഉത്തരകേരളത്തിന്റേയും ദക്ഷിണ കന്നടയുടേയും സമ്മിശ്ര വാസ്തു വിദ്യ ശൈലിയോടെ.

വിശ്വാസങ്ങളും ആചാരങ്ങളും അത്രമേല്‍ ഭക്തിയും ഇഴചേര്‍ന്നതാണ് എന്മകജെയുടെ തെയ്യക്കാഴ്ചകള്‍. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും യുവാക്കളുമെല്ലാം തെയ്യം ഉറയുന്ന നാളുകളില്‍ ഷെട്ടിയുടെ തറവാട്ടുമുറ്റത്തെത്തും. ഒരാഴ്ചക്കാലം ഇവര്‍ക്ക് സുഭിക്ഷമായ ഭക്ഷണവും മറ്റുസൗകര്യങ്ങളും ഒരുക്കുന്നതും ഷെട്ടിയുടെ കുടുംബമാണ്.

വിശ്വാസമാണ് എന്മകജെയുടെ ശക്തി. വീട്ടിലെ ദോഷങ്ങള്‍ തീരാനും സങ്കടങ്ങള്‍ മാറാനും ചാമുണ്‌ഡേശ്വരിയുടെ അനുഗ്രഹം വേണം. ചാമുണ്‌ഡേശ്വരിയാണ് പ്രധാനതെയ്യം. പിന്നെ ഗുളികനുണ്ട്, കാളിയുണ്ട്. അസുഖങ്ങള്‍ മാറാന്‍, ശത്രുബാധയൊഴിയാന്‍, വിവാഹം നടക്കാന്‍, ജോലി ലഭിക്കാന്‍. ഇങ്ങനെ സാധാരണക്കാരായ നാട്ടുകാര്‍ക്ക് തെയ്യങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ സങ്കടങ്ങള്‍ ഏറെയാണ്.

ഓരോരുത്തരായി വരിവരിയായി എത്തി തെയ്യത്തിന് മുന്നില്‍ നമസ്‌കരിച്ച് അനുഗ്രഹം തേടുന്നു. ഇലക്കീറില്‍ മഞ്ഞളും ചന്ദനവും കുങ്കുമവും പൂവും പ്രസാദമായി നല്‍കി ശിരസ്സില്‍തൊട്ട് അനുഗ്രഹം ചൊരിഞ്ഞ് ഭക്തരെ യാത്രയാക്കും തെയ്യങ്ങള്‍. എല്ലാ സങ്കടങ്ങളും തീര്‍ന്ന് ജീവിതത്തില്‍ സന്തോഷത്തിന്റെ ദിവസങ്ങള്‍ വരുമെന്ന് അനുഗ്രഹിക്കും.

നാട്ടുകാരില്‍ ഒരാളായി തെയ്യത്തിന്റെ എല്ലാ ഒരുക്കങ്ങള്‍ക്കും മുന്നിലുണ്ടാകും സുധീര്‍ ഷെട്ടിയും കുടുംബവും. പന്തലിടാന്‍, പ്രസാദ ഊട്ടിന് വേണ്ട വിഭവങ്ങളൊരുക്കാന്‍, നിലം ചാണകം മെഴുകി വൃത്തിയാക്കാന്‍ എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം ഷെട്ടിതന്നെ. കുടുംബകാരണവന്മാരും ബന്ധുക്കളും എല്ലാവരും ഈ ദിവസങ്ങളില്‍ എന്മകജെയിലെത്തും. അമേരിക്കയിലും യൂറോപ്പിലും വടക്കെ ഇന്ത്യയിലുമൊക്കെ ബിസിനസ്, കുടുംബ കാര്യങ്ങളുമായി തിരക്കിലായ ഷെട്ടികുടുംബാംഗങ്ങളെല്ലാം തെയ്യം നടക്കുന്ന ദിവസങ്ങളില്‍ എന്മകജെയിലുണ്ടാകും.

തെയ്യം വെറുമൊരു അനുഷ്ഠാനം മാത്രമല്ല. നൂറ്റാണ്ടുകള്‍ തുടര്‍ച്ചയായി കൈമാറിവരുന്ന ചരിത്രത്തിന്റെ ശേഷിപ്പുകൂടിയാണ്. മദ്ധ്യഇന്ത്യയില്‍ നിന്നു ദക്ഷിണ കന്നടത്തിലേക്ക് പറിച്ചുനടപ്പെട്ടവരുടെ പ്രവാസത്തിന്റെ ആകുലതകള്‍ ഇതിനു പിന്നിലുണ്ടാകാം. തെയ്യദിവസങ്ങളില്‍ ഭക്തര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണം തിരുപ്പതി വെങ്കടേശ്വര ഭഗവാനുള്ളതാണ്.

തിരുപ്പതി ഭഗവാന് കാണിക്കയര്‍പ്പിച്ച് തൊഴുതാല്‍ ദാരിദ്ര്യദുഃഖം ശമിക്കുമെന്നാണ് എന്മകജെ വാസികളുടെ വിശ്വാസം. നേരിട്ട് തിരുപ്പതിക്ക് പോകാന്‍ കഴിവില്ലാത്ത പാവങ്ങളാണ് ഏറെ. അതുകൊണ്ട് അവര്‍ തങ്ങളുടെ ചെറിയ ചെറിയ തുകകള്‍ തെയ്യത്തിന്റെ കയ്യില്‍ ഏല്‍പിക്കുന്നു. എന്മകജെ തറവാട്ടിലെ മുതിര്‍ന്ന കാരണവര്‍ ഈ പണം ശേഖരിച്ചുവെച്ച് വര്‍ഷത്തിലൊരിക്കല്‍ തിരുപ്പതിയില്‍ എത്തിക്കുന്നു. ഇത് നൂറ്റാണ്ടുകളായി തുടര്‍ന്നുവരികയാണ്.

ഒരുപക്ഷെ ആന്ധ്രയില്‍ നിന്നോ സമീപ സ്ഥലങ്ങളില്‍ നിന്നോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദക്ഷിണ കന്നടയിലേക്ക് കുടിയേറിയവര്‍ തുടങ്ങിവെച്ച ആചാരമാകാം ഇത്. എന്തായാലും അതീവ ഭക്തിയോടെയും വിശ്വാസത്തോടെയും എന്മകജെ വാസികള്‍ ഇന്നും തുടരുന്നു ഈ ആചാരങ്ങള്‍.

തെയ്യത്തിനുള്ള ഒരുക്കങ്ങള്‍ വളരെ നേരത്തെ ആരംഭിക്കും. കോലം കെട്ടുന്ന തെയ്യക്കാര്‍ മാസങ്ങള്‍ക്ക് മുമ്പേ ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. വ്രതം നോറ്റ് ശരീര മനഃശുദ്ധിവരുത്തിയാണ് തെയ്യക്കോലമണിയുക. തെയ്യക്കോലമണിഞ്ഞാല്‍ പിന്നെ അയാള്‍ മനുഷ്യനല്ല. ദേവതയാണ്. കിലോമീറ്ററുകള്‍ അപ്പുറത്തുമുതല്‍ അലങ്കാരങ്ങള്‍ തുടങ്ങും. നാടെങ്ങും കാവിക്കൊടികള്‍ നിറയും. ഗ്രാമവാസികള്‍ ഉത്സാഹത്തിമിര്‍പ്പിലാകും.

ആണ്ടിലൊരിക്കല്‍ ഈ ഉത്സാഹത്തിന്റെ ഭാഗമാകാനാണ് കോടികളുടെ ബിസിനസ് സാമ്രാജ്യത്തെപ്പോലും മറന്ന് സുധീര്‍കുമാര്‍ ഷെട്ടി സ്വന്തം ഗ്രാമത്തിലെത്തുന്നത്. തെയ്യത്തിന് അണിയാനുള്ള ആഭരണങ്ങളും ആയുധങ്ങളും മുഖങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഇവ ഇപ്പോഴും സുരക്ഷിതമായി എന്മകജെ തറവാട്ടിലെ തെയ്യപ്പുരകളില്‍ സൂക്ഷിക്കുന്നു. ചരിത്രത്തില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് ഇതിനുപിന്നിലെ ഒട്ടേറെ സാമൂഹ്യ – ചരിത്ര സംഭവപരമ്പരകള്‍ കണ്ടെത്താനായേക്കും.

                          തെയ്യത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ക്കിടയില്‍

സപ്തഭാഷകളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ വടക്കെ അറ്റത്തുള്ള ഈ പ്രദേശം. കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തുള്ള പഞ്ചായത്താണ് എന്മകജെ. മലയാളവും തുളുവും കന്നടവും കൊങ്കിണിയും ഒരുപോലെ വഴങ്ങുന്ന ജനത. മറ്റിടങ്ങളില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കൃതി ഇവിടെ ഇപ്പോഴുമുണ്ട്. കൃഷിയുടെ സമയം തെറ്റാതെയുള്ള വിത്തിറക്കലും വിളവെടുപ്പുമൊക്കെ എന്മകജെക്ക് ഉത്സവങ്ങള്‍ തന്നെ.

ലോകമറിയുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ തലവനായിട്ടും മണ്ണിന്റെ മണമുള്ള ആചാരങ്ങളോടും ആഘോഷങ്ങളോടും ചേര്‍ന്നു നില്‍ക്കാനാണ് സുധീര്‍കുമാര്‍ ഷെട്ടിയും കുടുംബവും ആഗ്രഹിക്കുന്നത്. സ്വന്തം തറവാട്ടുവളപ്പില്‍ നെല്ല്, കവുങ്ങ്, വാഴ, നാളികേരം തുടങ്ങിയവ സമൃദ്ധമായി കൃഷി ചെയ്യുന്നു. വീടിന് മുന്നില്‍ വലിയ ഗോശാലയില്‍ ഇപ്പോഴുമുണ്ട് വിവിധയിനം പശുക്കള്‍.

കൃഷിയാണ് ഭൂമിയേയും മനുഷ്യരേയും നിലനിര്‍ത്തുന്നത്. കൃഷിയേയും മണ്ണിനേയും മറന്നാല്‍ മനുഷ്യന് അധികകാലം നിലനില്‍ക്കാനാകില്ല; അതുപോലെതന്നെയാണ് പരമ്പരാഗതമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും. അതില്‍ നിന്നു വേര്‍പെട്ടാല്‍ മനുഷ്യന്‍ സ്വയം നഷ്ടപ്പെട്ടവനായിത്തീരും. അതാണ് ഷെട്ടിയുടെ വിശ്വാസം. അതുകൊണ്ടുതന്നെ മഹിതമായ ഈ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ചേര്‍ത്തുപിടിക്കുന്നു സുധീര്‍കുമാര്‍ ഷെട്ടി.