കക്കൂസ് മാലിന്യം ശ്വസിച്ച് ആറ് തോട്ടം തൊഴിലാളികള്‍ ആശുപത്രിയില്‍

Tuesday 28 March 2017 8:18 pm IST

മൂന്നാര്‍:  കക്കൂസ് മാലിന്യം തേയിലത്തോട്ടത്തിലേക്ക് തളളി റിസോര്‍ട്ട് മാഫിയയുടെ ക്രൂരത. മൂന്നാറിലും പരിസരങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടുകളാണ് ഇതിനു പിന്നില്‍. മാലിന്യത്തിന്റെ ദുര്‍ഗന്ധം മൂലം അവശതയിലായ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളികളായ അമുത(37), പിച്ചത്തായി(36), ജീവാ(43), മുനിയമ്മാ(40), പാപ്പാ(40), രമണി(38) എന്നിവര്‍ക്ക് ശര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതോടെ മറ്റു തൊഴിലാളികളുടെ നേതൃത്വത്തില്‍ പള്ളിവാസല്‍ എസ്റ്റേറ്റില്‍ എത്തിച്ച് ചികിത്സ നല്‍കി.  കൊച്ചി-മധുര ദേശീയ പാതയോരത്തായി ടാറ്റാ ടീയുടെ പള്ളിവാസല്‍ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിലെ ഫീള്‍ഡ് നമ്പര്‍ 12/എ യില്‍ രണ്ടിടത്തായാണ് കക്കൂസ് മാലിന്യം ഒഴുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് മാലിന്യം ടാങ്കറിലെത്തിച്ച് തോട്ടത്തില്‍ ഒഴുക്കിയത്. ഇന്നലെ രാവിലെ തോട്ടങ്ങളിലെത്തിയ തൊഴിലാളികള്‍ക്ക് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. മാലിന്യത്തില്‍ നിന്നും പടര്‍ന്ന വിഷവാതകം ശ്വസിച്ച് തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചിലര്‍ തളര്‍ന്നു വീഴുകയും ചെയ്തു. 36 സ്ത്രീ തൊഴിലാളികളും സൂപ്പര്‍വൈസറുമാണ് ഫീല്‍ഡ് നമ്പര്‍ 12ല്‍ ജോലിക്കെത്തിയത്. ഇതില്‍ ആറ് സ്ത്രീ തൊഴിലാളികള്‍ക്കാണ് അവശത അനുഭവപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.