പുനര്‍ജന്മ കാരണമായ കര്‍മ്മങ്ങള്‍

Thursday 25 May 2017 7:33 pm IST

സതിമൂലേ തദ്വിപാകോ ജാത്യായുര്‍ഭോഗാഃ (പാ.യോ.സൂ.2:13) ക്ലേശത്തിന്റെ (ദുഃഖം) കാരണം നിലനില്‍ക്കുന്നിടത്തോളം കാലം അതിന്റെ ഫലം, ജാതി, ആയുസ്സ്, ഭോഗം എന്നീ ത്രിവിധ ദുഃഖരൂപത്തില്‍ കടന്നുവരും. ''താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ'' എന്നതാണ് ഈ സൂത്രത്തിന്റെ അര്‍ത്ഥം. സംസ്‌കാരങ്ങള്‍ക്ക് കാരണമായ വാസനകള്‍ അനുകൂലസാഹചര്യത്തില്‍ കര്‍മ്മങ്ങളായി മാറുകയും വീണ്ടും അത് സൂക്ഷ്മരൂപത്തെ പ്രാപിച്ച് കാര്യത്തിന് കാരണമായി നിലകൊള്ളുകയും ചെയ്യുന്നു. ആല്‍മരത്തിന്റെ വിത്തില്‍ മരം സൂക്ഷ്മരൂപത്തിലിരിക്കുകയും അനുകൂല സാഹചര്യത്തില്‍ വളര്‍ന്നുപന്തലിക്കുകയും വീണ്ടും ആ മരത്തില്‍ ബീജരൂപത്തില്‍ വിത്തായി മാറുകയും കര്‍മ്മകാരണമായി അവശേഷിക്കുകയും ചെയ്യുന്നപോലെ (മരത്തില്‍നിന്നും വിത്തും വിത്തില്‍നിന്നും മരവും എന്നപോലെ) കര്‍മ്മകാരണമായ സംസ്‌കാരത്തില്‍നിന്നും കര്‍മ്മങ്ങളും അവ സൂക്ഷ്മരൂപത്തെ പ്രാപിച്ച് വീണ്ടും കര്‍മ്മ കാരണമായി അവശേഷിക്കുന്നതിനെയാണ് കര്‍മ്മഗതി എന്നുപറയുന്നത്. കര്‍മ്മഗതിക്ക് കാരണം അവിദ്യയാണെന്ന് മുന്‍ സൂത്രങ്ങളിലൂടെ മഹര്‍ഷിമാര്‍, പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരുന്നു. കാരണം ഇല്ലാതായാല്‍ മാത്രമേ കാര്യം ഇല്ലാതാകൂ എന്നും ഇതിനു ധ്യാനം സഹായിക്കുന്നുവെന്നും മുന്‍ സൂത്രങ്ങളില്‍നിന്നും വ്യക്തമാണ്. ഈ സൂത്രത്തിലൂടെ കര്‍മ്മാശയ ഫലം മൂന്നുവിധത്തില്‍ നാം അനുഭവിക്കേണ്ടിവരും എന്ന് പതഞ്ജലി മഹര്‍ഷി പറയുന്നു. ജാതി, ആയുസ്സ്, ഭോഗം എന്നിവയാണ് അവ.

ജാതിരൂപമായ ഫലം

കര്‍മ്മഫലം അനുസരിച്ച് ആത്മാവ് പുതിയ ശരീരം സ്വീകരിക്കുന്നതാണ് ജാതി ഫലം. പുതിയ ശരീരം മനുഷ്യന്റെയോ ജന്തുജാലങ്ങളുടെയോ കൃമി കീടങ്ങളുടെയോ ആകാം. അത് കര്‍മ്മത്തെ ആശ്രയിച്ചാണിരിക്കുന്നത്. ജ്ഞാനപ്പാനയില്‍ പൂന്താനം 'ജീവഗതിയെ' കുറിച്ച് പറയുന്നത്. ചണ്ഡകര്‍മ്മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍ ചണ്ഡാല കുലത്തിങ്കല്‍ പിറക്കുന്നു അസുരന്മാര്‍ സുരന്മാരായീടുന്നു അമരന്മാര്‍ മരങ്ങളായീടുന്നു അജം ചത്തു ഗജമായ് പിറക്കുന്നു ഗജം ചത്തങ്ങജവുമായീടുന്നു നരി ചത്ത് നരനായ് പിറക്കുന്നു നാരി ചത്തുടനോരിയായ് പോകുന്നു കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ... ആയുസ്സ്:- ജനനം തുടങ്ങി മരണംവരെയുള്ള കാലമാണ് ആയുസ്സ് അഥവാ ശരീരത്തില്‍ ജീവന്‍ ഇരിക്കുന്നിടത്തോളം കാലം. ഇത് ഓരോ ജീവിയിലും വ്യത്യസ്തമാണ്. എലി, മുയല്‍ ഇവയുടെ ആയുസ്സ് 7-8, വര്‍ഷം ആണെങ്കില്‍ നായകള്‍ക്ക് 14-15 വര്‍ഷവും കുതിരകള്‍ക്ക് 24-25 വര്‍ഷവും മനുഷ്യര്‍ക്ക് 100 വര്‍ഷവും ആനയ്ക്ക് 150 ഉം ആമയ്ക്ക് 300 വര്‍ഷവും ആയുസ്സ് പറയുന്നു. മനുഷ്യായുസ്സ് 100 വര്‍ഷം എന്നു പറയുമ്പോള്‍ എല്ലാവരും ഇത്രകാലം ജീവിക്കണം എന്നില്ല. ഇതും കര്‍മ്മഫലത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും ഈ തത്ത്വം ബാധകമാണ്. ഭോഗം:- ജീവിതദശയിലെ അനുഭവങ്ങളാണ് ഭോഗം. അഥവാ സുഖപ്രാപ്തിക്കുള്ള സാധനങ്ങളായ ധനം, സമ്പത്ത്, അന്നം, വസ്ത്രം, പുത്രപൗത്രാദികള്‍ എന്നിവ. അനേക കര്‍മ്മങ്ങളാണ് ഒരു ജന്മത്തിന് കാരണമായിത്തീരുന്നത്. ഇപ്പോള്‍ നടക്കുന്ന ജീവിതത്തിലെ പ്രബല കര്‍മ്മങ്ങള്‍ സഞ്ചിതകര്‍മ്മങ്ങളുമായി ചേര്‍ന്ന് അടുത്തജന്മത്തിന് കാരണമായിത്തീരുന്നു. ഇതില്‍ ശക്തമായ കര്‍മ്മാശയങ്ങളെ ആശ്രയിച്ചാണ് അടുത്ത ജന്മം എടുക്കുന്നത്. കര്‍മ്മാശയങ്ങള്‍ രണ്ടുതരത്തിലുണ്ട്. ഒന്ന് ഈ ജന്മത്തില്‍ത്തന്നെ ഫലം തരുന്നവ ഇവയെ ദൃഷ്ടജന്മ വേദനീയം എന്നുപറയുന്നു. മറ്റൊന്ന് അടുത്ത ജന്മത്തില്‍ ഫലം തരുന്നവയാണ്. ഇവയെ അദൃഷ്ടജന്മ വേദനീയം എന്നുപറയുന്നു. ഇതില്‍ തന്നെ ചില കര്‍മ്മങ്ങള്‍ വളരെക്കാലം കഴിഞ്ഞുമാത്രം ഫലം നല്‍കുന്നവയാണ്. ചിലത് പ്രധാന കര്‍മ്മങ്ങളോടുചേര്‍ന്നു ഫലം നല്‍കുന്നു. (ദുഃഖത്തോടൊപ്പം സുഖവും, സുഖത്തോടൊപ്പം ദുഃഖവും) മറ്റു ചിലത് അനുകൂല അവസരത്തില്‍ കര്‍മ്മഗതിയെ പ്രാപിക്കുന്നു. തുടര്‍ന്നുള്ള സൂത്രത്തില്‍ സുഖരൂപത്തിലും ദുഃഖരൂപത്തിലുമുള്ള കര്‍മ്മഫലങ്ങളെക്കുറിച്ചാണ് മഹര്‍ഷി പറയുന്നത്. ''തേ ഹ്ലാദ പരിതാപഫലാഃ പുണ്യാപുണ്യഹേതു ത്വാത്'' (പാ.യോ.സൂ. 2:14) ജാതി, ആയുസ്സ്, ഭോഗം എന്നിവ ശുഭവും, അശുഭവുമായ കര്‍മ്മങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നതിനാല്‍ അത് സുഖ, ദുഃഖ രൂപത്തിലുള്ള ഫലങ്ങളെ തരുന്നു. നാം ചെയ്യുന്ന കര്‍മ്മം ഏതുവിധത്തില്‍ ഉള്ളതാണോ അതിനനുസരിച്ചുള്ള ഫലമാണ് നാം അനുഭവിക്കുന്നത്. പുണ്യകര്‍മ്മങ്ങളിലൂടെ മനുഷ്യര്‍ക്ക് സുഖമുള്ള ജാതിയും ആയുസ്സും, ഭോഗങ്ങളും ലഭിക്കുന്നു. എന്നാല്‍ പാപകര്‍മ്മങ്ങളുടെ ഫലമായി നീച ജാതിയില്‍ ദുഃഖാനുഭവങ്ങളോടെ പിറന്ന് അല്‍പ്പായുസ്സിലും ജാതിയനുസരിച്ചുള്ള ഭോഗങ്ങള്‍ അനുഭവിച്ച് ജീവിക്കുന്നതിനും കാരണമാകുന്നു. ഭോഗങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്ക് തൃപ്തിയും ശാന്തിയും ഉണ്ടാകുന്നതിനെ സുഖം എന്നും ഇന്ദ്രിയങ്ങളുടെ ചഞ്ചലതകൊണ്ട് അശാന്തി ഉണ്ടാകുന്നതിനെ ദുഃഖം എന്നും പറയുന്നു. സുഖവും ദുഃഖവും ഇന്ദ്രിയവിഷയങ്ങളായതിനാല്‍ യോഗികള്‍ ഇതിനെ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതകയെക്കുറിച്ചാണ് അടുത്ത സൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി സൂചിപ്പിക്കുന്നത്. പരിണാമ താപ സംസ്‌കാരദുഃഖൈര്‍ ഗുണവൃത്തിവിരോധാച്ച ദുഃഖമേവ സര്‍വ്വം വിവേകിനഃ (പാ.യോ.സൂ. 2:15) പരിണാമ ദുഃഖം, താപ ദുഃഖം, സംസ്‌കാരദുഃഖം, ത്രിഗുണാദികളുടെ സ്വഭാവങ്ങളുടെ പരസ്പര വിരോധം എന്നിവ കാരണം വിവേകികളായ യോഗികള്‍ക്ക് ഈ ലോകത്തിലെ സര്‍വ്വ പദാര്‍ത്ഥങ്ങളും ദുഃഖമയം ആകുന്നു. രാഗദ്വേഷങ്ങളുടെ പിന്നാലെയുള്ള യാത്ര ദുഃഖത്തിലാണ് അവസാനിക്കുന്നത്. രാഗത്തില്‍നിന്നും താല്‍ക്കാലിക സുഖം ലഭിക്കുമ്പോള്‍ സുഖാനുഭൂതി പൂര്‍ത്തിയാകുന്നില്ലെങ്കില്‍ ആ സുഖം ദുഃഖമായി മാറുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം വേണ്ടത്ര കഴിക്കാന്‍ കഴിയാതെ വരുമ്പോള്‍, കഴിച്ചപ്പോള്‍ കിട്ടിയ സുഖം ദുഃഖമായി മാറുന്നതുപോലെ. ദുഃഖചിന്തകളുടെ പര്യവസാനവും ദുഃഖം തന്നെയാണ്. ഈ ദുഃഖങ്ങളെ മൂന്നായി തിരിച്ച് മഹര്‍ഷി പറഞ്ഞിരിക്കുന്നു. 1) പരിണാമ ദുഃഖം:- അനുഭവിക്കുന്ന അവസരത്തില്‍ സുഖമുള്ളതായി തോന്നുകയും, അനുഭവിച്ചു കഴിയുമ്പോള്‍ ദുഃഖത്തെ പ്രദാനം ചെയ്യുന്നതുമായ ഭോഗാനുഭവത്തെ പരിണാമ ദുഃഖം എന്നുപറയുന്നു. ലോകത്തിലെ എല്ലാ വസ്തുക്കള്‍ക്കും പരിണാമം സംഭവിക്കുന്നതാണ്. വസ്ത്രം കാലാന്തരത്തില്‍ പഴകി മുഷിയുന്നതുപോലെയും ഓരോ നിമിഷവും നമ്മള്‍ ബാല്യത്തില്‍നിന്നും യൗവ്വനത്തിലേക്കും യൗവ്വനത്തില്‍നിന്നും വാര്‍ദ്ധക്യത്തിലേക്കും നീങ്ങുന്നതുപോലെയും സ്ത്രീസൗന്ദര്യം ക്ഷയിച്ച് ഇല്ലാതാകുന്നതുപോലെയും സകലസുഖ സാമഗ്രികളും ദുഃഖകരമായി പര്യവസാനിക്കുന്നതാണ് പരിണാമ ദുഃഖം. 2) താപ ദുഃഖം:- സുഖാനുഭവ കാലത്തില്‍ വന്നേക്കാവുന്ന വിഘ്‌നങ്ങളില്‍നിന്നും ദ്വേഷവും തുടര്‍ന്നു ദുഃഖവും ഉണ്ടാകുന്നതാണ് താപ ദുഃഖം. സുഖം നല്‍കുന്ന ഭോഗവസ്തുവിന്റെ അപര്യാപ്തതകൊണ്ടും, മറ്റുള്ളവര്‍ക്കുള്ളതുപോലെ ആയില്ല എന്ന തോന്നലുകൊണ്ടും, അനുഭവിക്കുമ്പോള്‍ തന്നെ ദുഃഖത്തിനിടവരുത്തുന്ന ദുഃഖങ്ങളെ താപദുഃഖങ്ങളെന്ന് പറയുന്നു. 3) സംസ്‌കാര ദുഃഖം:- വസ്തുക്കളില്‍ നിന്നും ലഭിക്കുന്ന സുഖ പ്രതീതി സംസ്‌കാര രൂപത്തില്‍ ചിത്തത്തില്‍ ലയിക്കുകയും വസ്തുവിന്റെ അഭാവത്തിലും വാസന നിലനില്‍ക്കുകയും ചെയ്യുന്നതിനെ സംസ്‌കാര ദുഃഖം എന്നുപറയുന്നു. പുണ്യകര്‍മ്മങ്ങളുടെ ഫലമായി കിട്ടുന്ന സുഖത്തില്‍നിന്നും വാസനയും അതിന്റെ ഓര്‍മ്മയില്‍ നിന്ന് രാഗവും രാഗത്തില്‍നിന്ന് പ്രവൃത്തിയും പ്രവൃത്തിയില്‍നിന്ന് വീണ്ടും വാസനയും ഉണ്ടാകുന്നു. ഇത് ഇങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മുക്തി ലഭിക്കാത്തിടത്തോളം ബന്ധനവും ദുഃഖവും ഉണ്ടാകുന്നു. ഗുണവൃത്തി വിരോധം:- ഗുണങ്ങളുടെ അന്യോന്യ വിരോധം കൊണ്ടുണ്ടാകുന്ന ദുഃഖത്തെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ത്രിഗുണങ്ങളുടെ ഗുണം, കാര്യം, വ്യാപാരം ഇവ മനസ്സില്‍ സുഖദുഃഖാദി വികാരങ്ങളെ മാറി മാറി പ്രതിഫലിപ്പിക്കുന്നു. അനുഭവ കാലത്തില്‍ ത്തന്നെ സുഖമെന്ന് തോന്നിയത് ദുഃഖമായും, ദുഃഖമെന്ന് തോന്നിയത് സുഖമായും മാറിക്കൊണ്ടിരിക്കുന്നതിനെയാണ് ഗുണവൃത്തിവിരോധം എന്നുപറയുന്നത്. ത്രിഗുണങ്ങളില്‍ സത്വം സന്തോഷത്തെ നല്‍കുന്നുവെങ്കില്‍ രജസ്സ് ദ്വേഷവും, തമസ്സ് വിഷാദവും നല്‍കുന്നതാണ്. മനസ്സില്‍ ഈ ഗുണങ്ങള്‍ക്ക് വ്യത്യാസമുണ്ടാകുമ്പോള്‍ അതിനനുസരിച്ചുള്ള സ്വഭാവ മാറ്റവും നമുക്കുണ്ടാകുന്നു. അതിനാല്‍ തന്നെയാണ് സുഖത്തിന് പിന്നാലെ ദുഖമോ വിഷാദമോ ഒക്കെ നമുക്കുണ്ടാകുന്നത്. സത്വഗുണം മനുഷ്യനെ സുഖത്തിലും രജസ്സ് കര്‍മ്മത്തിലും തമസ്സ് അജ്ഞാനത്തിലും ബന്ധിപ്പിച്ചു നിര്‍ത്തുന്നു. യോഗികള്‍ക്ക് പരിണാമ, താപ സംസ്‌കാര ദുഃഖങ്ങളും ഗുണവൃത്തി വിരോധവും മോക്ഷത്തിന് തടസ്സവും പുനര്‍ജന്മവുമായി മാറുന്നു. അതിനാല്‍ വിവേകികള്‍ ഇതിനെ ഒഴിവാക്കേണ്ടതാണ്. അഷ്ടാംഗയോഗ പരിശീലനം യോഗികള്‍ക്ക് ത്രിഗുണാദികളുടെ സമാവസ്ഥയും സമ്യക് ജ്ഞാനവും നല്‍കി യോഗിയെ മോക്ഷത്തിലേക്ക് നയിക്കുന്നു. കോളെജ് ഓഫ് യോഗ,9496332058

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.