വെടിക്കെട്ടില്‍ ആശങ്ക തീരുന്നു: അനുമതിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

Tuesday 28 March 2017 9:32 pm IST

തൃശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് സംബന്ധിച്ച ആശങ്ക തീരുന്നു. വെടിക്കെട്ടുള്‍പ്പെടെയുള്ള പൂരം ചടങ്ങുകള്‍ നിയമപരമായി നടത്താന്‍ അനുമതി നല്‍കുമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. ഡല്‍ഹിയിലുള്ള മന്ത്രി വി.എസ്.സുനില്‍കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയത്. മെയ് അഞ്ചിനാണ് തൃശൂര്‍ പൂരം. നേരത്തെ ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് പോലീസ് അനുമതി നല്‍കാത്തത് ഏറെ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. കേന്ദ്രനിയമമാണ് വെടിക്കെട്ടിന് തടസമെന്ന് പറഞ്ഞാണ് സംസ്ഥാന സര്‍ക്കാരും പൊലീസും ഉത്രാളിക്കാവില്‍ തടസം സൃഷ്ടിച്ചത്. കേന്ദ്രമന്ത്രിയുടെ ഉറപ്പോടെ ഇനി ആപ്രചരണം നടപ്പില്ല. പ്രത്യേകാനുമതിയോടെയും കര്‍ശന നിര്‍ദ്ദേശങ്ങളോടെയും ഉപാധികളോടെയുമായിരുന്നു ഉത്രാളിക്കാവില്‍ പിന്നീട് വെടിക്കെട്ട് നടത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തൃശൂരിലെത്തി പൂരം മുഖ്യ സംഘാടകരായ പാറമേക്കാവ്-, തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിക്കെട്ട് നടത്താനാകില്ലെന്ന നിലപാടിലായിരുന്നു ഡിജിപി. തുടര്‍ന്ന് കോടതിയെ സമീപിച്ച് ഇളവ് നേടാനൊരുങ്ങുകയായിരുന്നു ദേവസ്വങ്ങള്‍. തൃശൂരില്‍ മാത്രം വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനും തടസമുണ്ടാക്കുന്നുവെന്നാണ് ഫെസ്റ്റിവെല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിചൂണ്ടിക്കാണിക്കുന്നത്. ഇതിന് കേന്ദ്രത്തിന്റെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു. പൂര സംഘാടകര്‍ നേരത്തെ മന്ത്രി നിര്‍മ്മല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടതു പ്രകാരം ജനുവരി 23ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഇന്‍സ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമേഷന്‍ ജോയിന്റ്‌സെക്രട്ടറി ഷൈലേന്ദ്രസിങ്ങിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയ റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിക്കുകയാണ്. നിലവിലുണ്ടായിരുന്ന ആശങ്ക തീരുന്നതാണ് കേന്ദ്രനടപടി. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചെന്നെയിലെയും കൊച്ചിയിലെയും കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഉടനെ ചര്‍ച്ച’നടത്തുമെന്ന് മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.