നിള ദേശീയ നൃത്തസംഗീതോത്സവത്തിന് കലാമണ്ഡലത്തില്‍ തിരി തെളിഞ്ഞു

Tuesday 28 March 2017 9:37 pm IST

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന നിള ദേശീയ നൃത്തസംഗീതോത്സവത്തിനു പ്രൗഢമായ തുടക്കം. കലാമണ്ഡലം കൂത്തമ്പലത്തില്‍ പത്മ അവാര്‍ഡ് ജേതാക്കളായ മടവൂര്‍ വാസുദേവന്‍ നായര്‍, കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കലാമണ്ഡലം ക്ഷേമാവതി എന്നിവര്‍ ദീപം കൊളുത്തിയാണ് നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്തത്. കലാമണ്ഡലം കൂത്തമ്പലത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പത്മജ,'ഭരണസമിതിയംഗങ്ങളായ ടി.കെ. വാസു, വാസന്തി മേനോന്‍, കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം പ്രഭാകരന്‍, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി സജീവ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉദ്ഘാടകരെ വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഭരണസമിതിയംഗം ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് സ്വാഗതവും രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്നു കൂത്തമ്പലത്തില്‍ ഡോ. സുനന്ദാ നായരുടെ മോഹിനിയാട്ടവും രാത്രി എട്ടിന് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ ഗസല്‍ ഗായകന്‍ ഉംബായിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറി. മാര്‍ച്ച് 31 വരെ നീളുന്ന സംഗീതോത്സവത്തില്‍ ഇന്നു വൈകീട്ട് 6.30ന് ഡോ. പാട്ടത്തില്‍ ധന്യാമേനോന്റെ നൃത്തശില്‍പം - ഭാമാകലാപം, രാത്രി എട്ടിന് ദത്താത്രേയ വെലങ്കര്‍ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി കച്ചേരി, 9.30ന് ഊരാളി ബാന്റിന്റെ സംഗീത നിശ എന്നിവ അരങ്ങേറും. മാര്‍ച്ച് 30ന് വൈകീട്ട് ആറിന് കൂത്തമ്പലത്തില്‍ കുമാരി മീര ശ്രീനാരായണന്റെ ഭരതനാട്യം, രാത്രി 7.30ന് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കര്‍ണാടക സംഗീത കച്ചേരി, 9.30ന് കഥകളി നളചരിതം നാലാം ദിവസം എന്നിവ അരങ്ങേറും. 31ന് വൈകീട്ട് അഞ്ചിന് കൂത്തമ്പലത്തില്‍ ചേരുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു വൈകീട്ട് 6.30ന് ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ ഷഹബാസ് അമന്റെ ഗസല്‍, 8.30ന് ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്യുന്ന നാടകം മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകള്‍, രാത്രി 10ന് കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ട് എന്നിവയോടെ നിള ദേശീയ നൃത്തസംഗീതോത്സവത്തിനു കൊടിയിറങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.