ലഹരി ഉപയോഗം എയ്ഡ്‌സ് വ്യാപനത്തിന് കാരണമാകുന്നു: ഋഷിരാജ്‌സിംഗ്

Thursday 25 May 2017 8:25 pm IST

കോഴിക്കോട്: എയിഡ്‌സ് പോലുള്ള രോഗങ്ങള്‍ വ്യാപിക്കുന്നത് ലഹരി ഉപയോഗത്തിലൂടെയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാന ലഹരി വര്‍ജ്ജനമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിമുക്തി മിഷന്റെ ജില്ലാ തല ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മരുന്ന് കുത്തിവെക്കുമ്പോള്‍ ഉപയോഗിക്കുന്ന സിറിഞ്ച് പലരും മാറി ഉപയോഗിക്കുന്നതിലൂടെയാണ് എയ്ഡ്‌സ് വ്യാപിക്കുന്നത്. യുവാക്കള്‍ക്കിടയില്‍ രാജ്യത്ത് ലഹരി ഉപഭോഗത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. വ്യാജവാറ്റുള്‍പ്പെടെയുള്ള 22,000 കേസുകളാണ് കഴിഞ്ഞ എട്ടുമാസത്തിനകം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ലഹരി ഉപയോഗത്തിനെതിരെ 3700 കേസുകളുണ്ടായി. 280 ടണ്‍ പാന്‍മസാലയാണ് സംസ്ഥാനത്ത് നിന്ന് ഈ കാലയളവില്‍ പിടികൂടിയത്. അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഓരോ വര്‍ഷവും രണ്ടരലക്ഷം ആളുകളാണ് വായില്‍ ക്യാന്‍സര്‍ വന്ന് ചികിത്സ തേടുന്നത്. പൊലീസിനും എക്‌സൈസിനും ലഹരി ഉപയോഗം കുറയ്ക്കാനേ കഴിയൂവെന്നും അതു പൂര്‍ണമായും നിര്‍ത്തണമെങ്കില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 8 മുതല്‍ 18 വരെ പ്രായത്തിലുള്ള 70 ശതമാനം കുട്ടികളും ഒരിക്കലെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബങ്ങള്‍ തകര്‍ക്കുന്ന ലഹരി ഉപഭോഗം സമൂഹത്തെ വഴിതെറ്റിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊയിലാണ്ടി നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ വിമുക്തി ലോഗോ പ്രകാശനം ചെയ്തു. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ സന്ദേശം അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. സലീം വായിച്ചു. ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി. ജയരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത ഘോഷയാത്രയും ഉണ്ടായി. മാതാ പേരാമ്പ്ര അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ ദൃശ്യ-ശ്രാവ്യ പരിപാടി ജ്യോതിര്‍ഗമയ, മാവൂര്‍ നവധാര തിയറ്റര്‍ അവതരിപ്പിച്ച നാടകം 'സുല്ലുചൊല്ലാതെ ലഹരിയോട്' എന്നിവയും അരങ്ങേറി. കായണ്ണ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.