കഞ്ചാവുമായി പിടിയിലായ സംഘത്തിലെ മുഖ്യപ്രതി പാലക്കാട്ട് അറസ്റ്റില്‍

Tuesday 28 March 2017 10:27 pm IST

തൃശൂര്‍: ഓമ്‌നി വാനിലെ രഹസ്യ അറയില്‍ ഒന്നരകിലോ കഞ്ചാവുമായി എടമുട്ടത്ത് പിടിയിലായ സംഘത്തിലെ മുഖ്യപ്രതിയെ പാലക്കാട് കോടതി പരിസരത്ത് നിന്ന് വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തു. ചാവക്കാട് അകലാട് മൂന്നേനി സ്വദേശി കൊട്ടിലില്‍ വീട്ടില്‍ നെയ്യൂരാന്‍ ഷറഫു എന്ന അഷ്‌റഫാണ് അറസ്റ്റിലായത്. 2016 നവംബര്‍ പതിമൂന്നിന് രാത്രിയിലാണ് എടമുട്ടത്ത് വാഹന പരിശോധനക്കിടെ ഒന്നരകിലോ കഞ്ചാവുമായി മൂന്നംഗ സംഘത്തെ വലപ്പാട് എസ്.ഐ മഹേഷ്‌കുമാര്‍ കണ്ടമ്പേത്തും സംഘവും പിടികൂടുന്നത്. വാനിന്റെ പെട്രോള്‍ ടാങ്കിന് കീഴില്‍ നിര്‍മ്മിച്ച രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് പോലിസ് കണ്ടെടുത്തത്. കഞ്ചാവിനൊപ്പം മറ്റ് ലഹരി വസ്തുക്കളും മദ്യവും രഹസ്യ അറരയിലാക്കി കടത്തുന്ന സംഘമാണ് അന്ന് പിടിയിലായത്. എന്നാല്‍ പോലിസിന്റെ നീക്കം മുന്നില്‍്കണ്ട് സംഘ തലവനായ അഷ്‌റഫ് മറ്റൊരു വാഹനത്തില്‍ അന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വലപ്പാട് സി.ഐ സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നാലരമാസം നീണ്ട അന്വേഷണത്തിനിടയിലാണ് അഷ്‌റഫിനെ പാലക്കാട് കോടതി പരിസരത്ത് നിന്ന് എസ്.ഐ മഹേഷ്‌കുമാര്‍ കണ്ടമ്പേത്തും സംഘവും പിടികൂടിയത്. അഷ്‌റഫ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് മനസിലാക്കിയ പോലിസ് ഇയാള്‍ക്ക് ഏതെല്ലാം പോലിസ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ ഉള്ളതെന്ന് നേരത്തേ അന്വേഷിച്ചറിഞ്ഞിരുന്നു. ബന്ധപ്പെട്ട കേസുകളില്‍ ഇയാള്‍ കോടതികളില്‍ ഹാജരാകുന്നുണ്ടോയെന്നും പോലിസ് നിരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫ് പാലക്കാട് കോടതിയില്‍ ഹാജരാകുമെന്ന വിവരം പോലിസിന് ലഭിച്ചത്. പതിവുപോലെ നാലംഗ സംഘത്തിന്റെ അകമ്പടിയോടെയാണ് അഷ്‌റഫ് കോടതിയിലെക്കെത്തിയത്. അഷ്‌റഫിനെ മല്‍പ്പിടുത്തത്തിലൂടെ പിടികൂടാന്‍ ശ്രമിക്കുന്നത് പോലിസാണെന്ന് തിരിച്ചറിഞ്ഞതോടെ സംഘാംഗങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. മുമ്പ് ഒന്നരകിലോ കഞ്ചാവുമായി കൂട്ടാളികള്‍ പിടിക്കപെട്ടതിന് പിന്നാലെ രക്ഷപ്പെട്ട ഇയാള്‍ സിം നമ്പറും മൊബൈല്‍ നമ്പറും മാറി മാറി ഉപയോഗിച്ചാണ് പോലിസ് നീക്കത്തെ പ്രതിരോധിച്ചിരുന്നത്. ഒളിവില്‍ പോയതിന് പിന്നാലെ അര്‍ദ്ധരാത്രിയില്‍ അകലാടുള്ള വീട്ടിലും തന്റെ സംഘാംഗങ്ങളുടെ വീടുകളിലുമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. കൂടാതെ അഗളി, അട്ടപ്പാടി, തമിഴ്‌നാട്, പാലക്കാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിലും അഷ്‌റഫ് സുരക്ഷിതനായിരുന്നു. കാറുകള്‍ വാടകക്ക് നല്‍്കുന്ന ആളുകളുമായുള്ള ബന്ധം മുതലെടുത്ത് ഇവരില്‍ നിന്ന് വാടകക്കെടുക്കുന്ന വാഹനങ്ങളിലായിരുന്നു അഷ്‌റഫ് സഞ്ചരിച്ചിരുന്നത്.അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒമാരായ റഫീഖ്,ജലീല്‍,ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ടി ആര്‍ ഷൈന്‍,അനന്തകൃഷ്ണന്‍,രാജേഷ് എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.