അരുവിക്കര ഡാം വറ്റിവരണ്ടു, നഗരം കുടിവെള്ള ക്ഷാമത്തിലേക്ക്

Tuesday 28 March 2017 11:25 pm IST

ശിവാകൈലാസ് വിളപ്പില്‍: നഗരത്തിന്റെ ദാഹമകറ്റുന്ന അരുവിക്കര ഡാം വറ്റിവരണ്ടു. ദിവസങ്ങള്‍ക്കുള്ളില്‍ പമ്പിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് അരുവിക്കര ജലസംഭരണിയിലുള്ളത്. ഇതോടെ നഗരം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തും. കരമനയാറിന് കുറുകെ 1934 ലാണ് ആര്‍ച്ച് ഡാം സ്ഥാപിച്ച് നഗര പ്രദേശത്തേക്ക് കുടിവെള്ള വിതരണം ആരംഭിച്ചത്. കഴിഞ്ഞ എണ്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് അരുവിക്കര ഡാമില്‍ ഇപ്പോഴുണ്ടായതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 74 എംഎല്‍ഡി സംഭരണശേഷിയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി പ്ലാന്റ്, 72 എംഎല്‍ഡി ശേഷിയുള്ള പ്ലാന്റ്, 86 എംഎല്‍ഡിയുടെ ചിത്തിരകുന്ന് പ്ലാന്റ് എന്നിവയില്‍ ശുദ്ധീകരിച്ച ജലം സംഭരിച്ചാണ് നഗരത്തില്‍ കുടിവെള്ള വിതരണം നടത്തുന്നത്. പത്തു മോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന സ്ഥാനത്ത്് ജലനിരപ്പ് താഴ്ന്നതോടെ അഞ്ച് മോട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അരുവിക്കര ജലസംഭരണിയില്‍ പമ്പിംഗ് നടത്താന്‍ 46.6 മീറ്റര്‍ വെള്ളമാണ് ആവശ്യം. ഇന്നലെ 45.6 ആണ് ജലനിരപ്പ്. ഈ അവസ്ഥയില്‍ പമ്പിംഗ് നടത്തിയാല്‍ സംഭരണിയിലെ ചേറും മാലിന്യങ്ങളും മോട്ടറില്‍ കയറാന്‍ സാധ്യതയുണ്ട്. മാത്രവുമല്ല വെള്ളത്തിന്റെ ഓരുചുവ മാറില്ല. അരുവിക്കര ജലസംഭരണി ചെളിയും മാലിന്യവും നിറഞ്ഞ് ശേഷി കുറഞ്ഞതാണ് ഈ പ്രതിസന്ധികള്‍ക്ക് കാരണം. മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ച് പായല്‍ മാത്രം നീക്കി ഡാം ശുചീകരണമെന്ന പ്രഹസനം എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അടിത്തട്ടിലെ മാലിന്യം നീക്കാതെ സംഭരണശേഷി ഉയര്‍ത്താനായില്ല. പേപ്പാറ ഡാമില്‍ സംഭരിക്കുന്ന ജലം അരുവിക്കരയിലേക്ക് തുറന്നുവിട്ടാണ് നഗരത്തില്‍ കുടിവെള്ള വിതരണം ഭാഗികമായെങ്കിലും നടത്തിയിരുന്നത്. എന്നാല്‍ പേപ്പാറയിലും ജലനിരപ്പ് താഴ്ന്നതോടെ നീരൊഴുക്ക് നിലച്ച മട്ടാണ്. 110.5 മീറ്റര്‍ സംഭരണ ശേഷിയുള്ള പേപ്പാറയില്‍ ഇപ്പോള്‍ ജലനിരപ്പ് 96.25 ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറന്നാലും അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയില്ല. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തമായ മഴ കിട്ടിയില്ലെങ്കില്‍ അരുവിക്കരയില്‍ പമ്പിംഗ് മുടങ്ങും. അതോടെ നഗരവാസികള്‍ കുടിനീരിനായി നെട്ടോട്ടമോടുന്ന കാഴ്ചയാവും കാണേണ്ടി വരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.