നഗരസഭാ ബജറ്റ് ചര്‍ച്ച, ഭരണസമിതി മുതലാളിമാര്‍ക്ക് വേണ്ടിയെന്ന് പ്രതിപക്ഷം

Tuesday 28 March 2017 11:32 pm IST

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ ഭരണസമിതി മുതലാളിമാരെ സാഹായിച്ച് നിര്‍ദ്ധനരെ ചൂഷണം ചെയ്യുന്നതായി ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ക്കും, ഹോട്ടലുകള്‍ക്കും നികുതിയിളവ് നല്‍കുമ്പോള്‍ സാധാരണക്കാരുടെ വീട് നിര്‍മ്മാണത്തിനോ പുതുക്കി പണിയുന്നതിനോ അനുമതി നല്‍കുന്നില്ല. കോടിക്കണക്കിന് രൂപ വന്‍കിട വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി നികുതി പിരിക്കുന്നില്ല. നികുതി ഇനത്തില്‍ അടുത്ത വര്‍ഷം 50 കോടി പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നത്. രണ്ടു പതിറ്റാണ്ടായി ഒരു നികുതിയും പിരിക്കാത്ത കെട്ടിടങ്ങള്‍ ഉണ്ട്. ഇക്കൂട്ടര്‍ ചട്ടം ലംഘിച്ച് കെട്ടിടങ്ങളുടെ വിപുലീകരണം നടത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല. നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ് പറ്റിയെന്ന് സിപിഎമ്മിലെ അംഗങ്ങളും ആരോപിച്ചു. ഇതിനിടയില്‍ നികുതി കാര്യ സ്റ്റാന്റിംഗ് അപ്പലേറ്റ് കമ്മറ്റി ടെക്‌നോപാര്‍ക്കിലെ കെട്ടിടത്തിന് നികുതിയിളവ് നല്‍കിയത് കൗണ്‍സില്‍ അറിയാതെയാണെന്നും കൈക്കൂലി വാങ്ങിയെന്നും ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞത് ബഹളത്തിനിടയാക്കി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴസണ്‍ ബിജെപി അംഗമായതിനാലാണ് ഭരണ പക്ഷം ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. 1.82 കോടി രൂപ സ്റ്റാന്റിംഗ് കമ്മറ്റിയുടെ ഇടപെടല്‍ മൂലം നഗരസഭക്ക് ലഭിച്ചു. കാലങ്ങളായി കുടിശ്ശികയായി കിട്ടാതെ കിടന്ന തുകയാണിത് കൈക്കൂലി നല്‍കിയെങ്കില്‍ അത് ഐടി സെക്രട്ടറിയായിരിക്കണം. ഇത് അന്വേഷിക്കാന്‍ മേയര്‍ തയ്യാറാകുമോ എന്നും അംഗങ്ങള്‍ ചോദിച്ചു. കാലങ്ങളായി തീര്‍പ്പിലാക്കാന്‍ കഴിയാതെ കിടക്കുന്ന നികുതി ഫയലുകളില്‍ തീരുമാനം എടുക്കാന്‍ നികുതി കാര്യഅപ്പീല്‍ കമ്മറ്റിക്ക് അധികാരം ഉണ്ടെന്ന് യുഡിഎഫ് അംഗങ്ങളും പറഞ്ഞു. ഉള്ളൂരിലെ നഗരസഭാ റെസ്റ്റ് ഹൗസ് ഇ.കെ. നായനാര്‍ സംസ്‌ക്കാരിക ക്ലബ്ബിന് നല്‍കിയത് വിജിലന്‍സ് അന്വേഷിക്കണം. ലാ അക്കാദിമിക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇളവ് നല്‍കിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കെതിരെ നടത്തിയ പാരാമര്‍ശം രേഖകളില്‍ നിന്ന് നീക്കം ചെയ്തു. സിപിഎം അംഗങ്ങളും ഡെപ്യൂട്ടി മേയറെ വിമര്‍ശിച്ച് സംസാരിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ഗിരികുമാര്‍, ഡപ്യൂട്ടി ലീഡര്‍ എം.ആര്‍.ഗോപന്‍, പാര്‍ട്ടി സെക്രട്ടറി തിരുമല അനില്‍, സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ്, പാപ്പനം കോട് സജി, കരമന അജിത്, എസ്.കെ.പി.രമേശ്, ഗിരി, പാളയം രാജന്‍, ജോണ്‍സന്‍ ജോസഫ്, സിനി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.