സക്കീര്‍ ഹുസൈന് വേണ്ടി സിപിഎം കളമശേരി ഏരിയാ കമ്മറ്റി വിഭജിക്കും

Thursday 25 May 2017 7:39 pm IST

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം മുന്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ ഹുസൈനെ വീണ്ടും ഏരിയാ സെക്രട്ടറിയാക്കാന്‍ കളമശേരി ഏരിയാ കമ്മറ്റി വിഭജിക്കുന്നു. സക്കീറിനെ വീണ്ടും ഏരിയാ സെക്രട്ടറിയാക്കുന്നതില്‍ ഏരിയാ കമ്മറ്റിക്ക് കടുത്ത അമര്‍ഷമുണ്ട്. 18 അംഗ ഏരിയാ കമ്മറ്റിയില്‍ 16 പേരും സക്കീറിന് എതിരാണ്. ഈ സാഹചര്യത്തിലാണ് ഏരിയാ കമ്മറ്റി വിഭജിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നത്. കളമശ്ശേരി ഏരിയാ കമ്മറ്റി രണ്ടാക്കി തൃക്കാക്കര ഏരിയാ കമ്മറ്റി രൂപീകരിക്കാനാണ് നീക്കം. വ്യവസായ മേഖല മാത്രം ഉള്‍പ്പെടുന്ന കളമശ്ശേരി ഏരിയയില്‍ സക്കീറിനെ സെക്രട്ടറിയാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായി. ഏപ്രില്‍ അവസാനത്തോടെ പുതിയ ഏരിയാ കമ്മറ്റി രൂപീകരിച്ചേക്കും. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീറിനെ ഗുണ്ടാനിയമപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പാര്‍ട്ടി കോടതി സക്കീറിനെ കുറ്റവിമുക്തനാക്കി. ഈ കേസില്‍ സക്കീര്‍ കുറ്റം ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് ഉണ്ടാവുക മാത്രമാണ് ഉള്ളതെന്നുമാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. കേസില്‍ ആഴ്ചകളോളം സക്കീര്‍ ജയിലില്‍ കിടന്നു. ജില്ലാ സെക്രട്ടറി പി. രാജീവിനോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന സക്കീര്‍ ഗുണ്ടാക്കേസില്‍ അറസ്റ്റിലായിട്ടും ജില്ലാ കമ്മറ്റിയില്‍നിന്നും ഒഴിവാക്കിയിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.