ചോദ്യപേപ്പര്‍ ചോര്‍ച്ച പോലീസ് അന്വേഷിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

Thursday 25 May 2017 6:59 pm IST

തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഗുരുതര വീഴ്ചയുണ്ടായ സാഹചര്യത്തില്‍ പോലീസ് അന്വേഷണം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ്. അതേസമയം ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നതില്‍ നിന്ന് അധ്യാപകസംഘടനകളെ ഒഴിവാക്കണമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍. കണക്കുപരീക്ഷയില്‍ ചോദ്യം തയ്യാറാക്കിയവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്ന് വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ചോദ്യപ്പേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ സുജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ വാസുവിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ചോദ്യങ്ങള്‍ പകര്‍ത്തിയതില്‍ സ്വകാര്യ ഏജന്‍സിക്ക് പങ്കുണ്ടെന്ന് വ്യക്തമായതിനാലും ഗുരുതര കൃത്യവിലോപമുളളതിനാലും പോലീസോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എന്നാല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷനിലപാട്. പ്ലസ്‌വണ്‍ ഭൂമിശാസ്ത്രപരീക്ഷക്ക് മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചെന്ന പരാതി ഗൗരവതരമല്ലെന്നാണ് ഹയര്‍ സെക്കണ്ടറി ഡയറക്ടറായ എം.എസ്.ജയയുടെ നിലപാട്. അത് യാദൃച്ഛികമായതിനാല്‍ പരീക്ഷ വീണ്ടും നടത്തേണ്ടതില്ല. 11 മാര്‍ക്കിന്റെ അഞ്ചു ചോദ്യങ്ങളാണ് മോഡല്‍ ചോദ്യപേപ്പറില്‍ നിന്ന് ആവര്‍ത്തിച്ചത്. ആറുമാര്‍ക്കിന്റെ സമാന ചോദ്യവുമുണ്ട്. ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ പോര്‍ട്ടലിലെ ചോദ്യങ്ങള്‍ പകര്‍ത്തിയതിലൂടെ സംഭവിച്ചതാണിത്. കെഎസ്ടിഎ എന്ന ഇടതുപക്ഷ അധ്യാപകസംഘടനയാണ് മോഡല്‍ പരീക്ഷയ്ക്ക് ചോദ്യം തയ്യാറാക്കിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്കു കൈമാറും. ഇതിനിടെ എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പറുകളെകുറിച്ചുള്ള പരാതികള്‍ വ്യാപകമാവുകയാണ്. പ്ലസ്ടു ജേര്‍ണലിസം പരീക്ഷയാണ് പുതുതായി വിവാദത്തിലായത്. 20ന് നടന്ന പ്ലസ്ടു ജേര്‍ണലിസം പരീക്ഷയില്‍ 14 മാര്‍ക്കിന്റെ ഒമ്പത് ചോദ്യങ്ങള്‍ പ്ലസ്‌വണ്‍ സിലബസില്‍ നിന്നായിരുന്നു. ഇതിന് പുറമെ 11ന് മാര്‍ക്കിനുള്ള മൂന്ന് ചോദ്യങ്ങള്‍ സിലബസിന് പുറത്തുനിന്നുമാണ്. പ്ലസ്ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇംഗ്ലീഷിലുള്ള ചോദ്യം ഉള്‍പ്പെടുത്തിയതും വിവാദമായി. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഇംഗ്ലീഷില്‍ നല്‍കിയ ശേഷം അതിനെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങള്‍ എഴുതാനായിരുന്നു ചോദ്യം. മലയാളം പരീക്ഷയില്‍ ഇംഗ്ലീഷിലുള്ള ഭാഗം നല്‍കി ചോദ്യം ചോദിക്കുന്നത് ആദ്യ സംഭവമാണെന്ന് ചൂണ്ടികാട്ടപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.