നമുക്ക് കാടുവേണം

Thursday 25 May 2017 2:55 pm IST

കാടെവിടെ മക്കളേ, മേടെവിടെ മക്കളേ, കാട്ടുപുല്‍ത്തകിടിയുടെ വേരെവിടെ മക്കളേ, കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ എന്നുപാടിയ കവി അയ്യപ്പപ്പണിക്കരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ കാടെന്തിനാ മക്കളേ, മേടെന്തിനാ മക്കളേ, കാട്ടുപൂഞ്ചോലയുടെ കുളിരെന്തിനാ മക്കളേ എന്നാണ് പാടിക്കേള്‍ക്കുന്നത്. പാടുന്നത്പു രോഗമനസാഹിത്യകാരന്‍മാരായതിനാല്‍ ആര്‍ക്കും മറുമൊഴിയില്ല. പണ്ടൊരു സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നൊരു ഡയലോഗുണ്ട്. ഗോവിന്ദന്‍കുട്ടീ, കുട്ടി മിണ്ടുന്നില്ല എന്ന്. അതേപോലെയായിരിക്കുന്നു നമ്മുടെ കേരളസാംസ്‌കാരികരംഗവും. ഒരു കുട്ടികളും, രക്ഷിതാക്കളും മിണ്ടുന്നില്ല. പണ്ടൊരാള്‍ നമ്മുടെ നിയമസഭയില്‍ ഉന്നയിച്ച ഗൗരവകരമായ സംശയം, അറബിക്കടലില്‍ മഴപെയ്യുന്നത് മരങ്ങളുണ്ടായിട്ടാണോ എന്നതായിരുന്നു. അന്ന് എല്ലാവരും ആ ചോദ്യകര്‍ത്താവിനെ കളിയാക്കിച്ചിരിച്ചിരുന്നു. ഇന്നിതാ സമാനമായൊരു സംശയം മറ്റൊരു മന്ത്രി ഉന്നയിച്ചിരിക്കുന്നു. കുറച്ചു വനം പോയാലെന്താ എന്നാണ് പുതിയ സംശയം. പഴയചോദ്യം മണ്ടന്‍ചോദ്യമായാണ് കണക്കാക്കിയിരുന്നതെങ്കില്‍ പുതിയ ചോദ്യം പുരോഗമനചോദ്യമായാണ് കണക്കാക്കപ്പെടുന്നത്. കുറച്ചു വനം പോയാലെന്താ, നമുക്ക് വൈദ്യുതി വേണ്ടേ? കേരളം കൊടുംവരള്‍ച്ച നേരിടുന്ന ഘട്ടത്തില്‍, ചൂടുകൊണ്ട് വലയുന്ന ഘട്ടത്തില്‍, നമുക്ക് വൈദ്യുതിവേണ്ടേ എന്ന ചോദ്യം പ്രസക്തമാണല്ലോ. പവര്‍ക്കട്ടില്ലാതെ, ലോഡ് ഷെഡ്ഡിംഗില്ലാതെ, തടസ്സമില്ലാതെ വൈദ്യുതി കിട്ടണമെങ്കില്‍ അതിരപ്പിള്ളിപോലുള്ള ജലവൈദ്യുത പദ്ധതികള്‍ വേണ്ടിവരും. അതിനുവേണ്ടി കുറച്ചു വനമൊക്കെ നഷ്ടപ്പെടേണ്ടിവരും, അതിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നൊക്കെയാണ് ഭാഷ്യം. പശ്ചിമഘട്ടത്തില്‍നിന്നും പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന നമ്മുടെ മലഞ്ചെരിവിലൂടെ 44 നദികളാണൊഴുകുന്നത്. നാല്‍പത്തിയൊന്നെണ്ണം പടിഞ്ഞാറോട്ടും, മൂന്നെണ്ണം കിഴക്കോട്ടും. ഇതില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ കബനി പൂര്‍ണ്ണമായും വറ്റിവരണ്ടുകഴിഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും അപൂര്‍വ്വമായ സസ്യലതാദികളുള്ള, അത്യപൂര്‍വ്വ ജൈവികാവാസവ്യവസ്ഥയുള്ള പശ്ചിമഘട്ടത്തിലേക്ക് കുറച്ചു വനംപോയാലെന്താ, എന്ന ചോദ്യത്തോടെ നമ്മള്‍ അതിക്രമിച്ചുകടന്നതിന്റെ ഫലമാണ് നമ്മളിന്നനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനവും കനത്ത ചൂടും വരള്‍ച്ചയും. ഒരുകാലഘട്ടത്തില്‍ ജലസമൃദ്ധമായിരുന്ന ഭാരതപ്പുഴയുടെ അവസ്ഥയെന്താണെന്ന് നമുക്കറിയാം. ഷൊര്‍ണ്ണൂര്‍ റെയില്‍പ്പാലത്തിലൂടെ കടന്നുപോകുമ്പോള്‍ തീവണ്ടിയാത്രക്കാര്‍ ആവേശപൂര്‍വ്വം മരുഭൂമിയുടെ ഫോട്ടോ, മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്ന കാഴ്ചകള്‍ കാണാം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണല്‍ക്കൂനകളുള്ള കേരളത്തിലെ പ്രധാനമരുഭൂമിയായി നിളാനദി മാറിയത്, അതിന്റെ വൃഷ്ടിപ്രദേശത്തുള്ള മനുഷ്യന്റെ കൈയ്യേറ്റംകാരണമാണ്. സ്വാഭാവിക വനം വെട്ടിമാറ്റി, തോട്ടവിളകള്‍ കൃഷിചെയ്തതുകൊണ്ടാണ്. ഉയരംകൂടുന്തോറും, ചായയുടെ കടുപ്പംകൂടും എന്ന പരസ്യവാചകത്തോടൊപ്പം നമ്മുടെമുന്നില്‍ പ്രത്യക്ഷപ്പെടുന്ന നയനമനോഹരമായ തേയിലപ്പച്ചപ്പിന് പെയ്യുന്ന മഴവെള്ളത്തെ മണ്ണില്‍ സംഭരിച്ചുനിര്‍ത്തി ഭൂഗര്‍ഭജലമാക്കിമാറ്റാനും, ഭൂഗര്‍ഭജലനിരപ്പുയര്‍ത്താനും, പുഴകളുടെ പിറവിക്കും, ജീവനുമാവശ്യമായ നീരൊഴുക്കുകള്‍ സൃഷ്ടിക്കാനും കഴിയില്ല. അതിന് സ്വാഭാവിക വനങ്ങള്‍തന്നെ വേണം. പോഷകനദികളിലൊന്നായ കുന്തിപ്പുഴ ജലസമൃദ്ധമായതുകൊണ്ടാണ് ഭാരതപ്പുഴയിലൂടെ ചെറിയൊരു കണ്ണീരൊഴുക്കെങ്കിലും കാണാനാകുന്നത്. വൃഷ്ടിപ്രദേശം സംരക്ഷിത വനപ്രദേശമായ സൈലന്റ്‌വാലിയായതുകൊണ്ടും, അവിടെ വനംകൈയ്യേറ്റം അനുവദിക്കാത്തതുകൊണ്ടുമാണ് കുന്തിപ്പുഴയിലൂടെ വെള്ളമൊഴുകുന്നത്. പണ്ട് സൈലന്റ്‌വാലിയിലും ഇന്ന് അതിരപ്പിള്ളിയില്‍ചെയ്യുന്നതുപോലെ വൈദ്യുതപദ്ധതിക്കുവേണ്ടിയുള്ള ശ്രമം നടന്നതും, ശക്തമായ സമരത്തിലൂടെ വനം സംരക്ഷിച്ചെടുക്കാന്‍ സാധിച്ചതും നമ്മള്‍ മറന്നുപോകരുത്. അന്ന് സൈലന്റ്‌വാലി പദ്ധതി വന്നിരുന്നുവെങ്കില്‍, കുറച്ചു വനംപോയാലെന്തെന്ന് അന്ന് ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് കുന്തിപ്പുഴയുണ്ടാകുമായിരുന്നില്ല. ജലസമൃദ്ധമായ മറ്റൊരു നദിയാണ് പമ്പ. ശബരിമലയിലൂടെയാണ് പമ്പാനദിയുടെ ഒഴുക്ക്. ശ്രീധര്‍മ്മശാസ്താവിന്റെ പൂങ്കാവനമായി ശബരിമലക്കാടുകള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ സംരക്ഷിച്ചുനിര്‍ത്തപ്പെടുന്നതുകൊണ്ടാണ് പമ്പാനദി ജലസമൃദ്ധമായിത്തുടരുന്നത്. പില്‍ഗ്രിം ടൂറിസത്തിന്റെപേരില്‍ ശബരിമലവികസനമെന്ന തത്വംപറഞ്ഞ്, ശബരിമലയിലും വനനശീകരണത്തിനൊരുങ്ങുകയും, ഇന്നത്തെ അയ്യന്റെ പൂങ്കാവനത്തിനുപകരം, കോണ്‍ക്രീറ്റ് പൂങ്കാവനങ്ങള്‍ ദേവസംബോര്‍ഡ് സൃഷ്ടിക്കുകയുമാണെങ്കില്‍ പമ്പാനദിയും അപ്രത്യക്ഷമാകും. എന്തിനേയും ഉപഭോഗതൃഷ്ണയോടെ കാണുന്ന നമ്മുടെ പുരോഗമനം അപകടമാണ് ക്ഷണിച്ചുവരുത്തുക. 44 നദികളേയും നമ്മുടെ അനുഗ്രഹമായും അവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമായും കാണണം. നമുക്ക് ജലവൈദ്യുതപദ്ധതികള്‍ വേണ്ടെന്നോ, വൈദ്യുതി വേണ്ടെന്നോ അല്ല പറയുന്നത്. നദികളെ കൊന്നു കൊണ്ടുള്ള പദ്ധതികള്‍ ധൈര്യപൂര്‍വ്വം ഉപേക്ഷിക്കണം. ചാലക്കുടിപ്പുഴയില്‍ നിലവില്‍ അപ്പര്‍ ഷോളയാര്‍ മുതല്‍ പെരിങ്ങല്‍ക്കുത്ത് വരെ ആറ് ജലവൈദ്യുതപദ്ധതികളുണ്ട്. ഏഴാമത്തെ പദ്ധതിയായിട്ടാണ് അതിരപ്പിള്ളി വിഭാവനം ചെയ്യുന്നത്. അത് ആ നദിയെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്നതുകൊണ്ടാണ് പ്രകൃതിസ്‌നേഹികള്‍ പദ്ധതിയെ എതിര്‍ക്കുന്നത്. നമ്മുടെ ഓരോ നദിയുടെയും വൃഷ്ടിപ്രദേശങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുകയാണ് വേണ്ടത്. വൃഷ്ടിപ്രദേശങ്ങളില്‍ കാടുകയ്യേറി നടത്തിയിട്ടുള്ള തോട്ടവിളകള്‍ വന്‍കിട കമ്പനികളില്‍നിന്നും ഒഴിപ്പിച്ചെടുത്ത്, വിശാലവനവത്കരണംനടത്താനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. എങ്കില്‍ മാത്രമേ 44 നദികളും ജലസമൃദ്ധമായിത്തീരുകയുള്ളൂ. ഈ നദികള്‍ ജലസമൃദ്ധമായെങ്കില്‍ മാത്രമേ, ഇപ്പോള്‍ നിലവിലുള്ള ജലവൈദ്യുതപദ്ധതികള്‍ക്കെങ്കിലും ആവശ്യമായ ജലസംഭരണം സാധ്യമാകുകയുള്ളൂ. വര്‍ഷാവര്‍ഷങ്ങളില്‍ വേനല്‍ക്കാലമാകുമ്പോള്‍ ജലസംഭരണികളിലെ ജലനിരപ്പ് കുറഞ്ഞുവെന്നും വൈദ്യുതനിര്‍മ്മാണം തടസ്സപ്പെട്ടുവെന്നും ആവലാതിയുയര്‍ത്തുന്ന നമ്മള്‍ എന്തുകൊണ്ടാണ് ഈ ജലസംഭരണികളിലേക്ക് വര്‍ഷംമുഴുവന്‍ ഒരേപോലെ ജലമൊഴുകിയെത്താനുള്ള ശേഷി പുഴകള്‍ക്കുണ്ടാകണമെന്ന് ചിന്തിക്കാത്തത്? പുഴകള്‍ക്കതിനുള്ള ശേഷിയുണ്ടാകണമെങ്കില്‍ മരങ്ങളുണ്ടാകണമെന്നും, സ്വാഭാവികവനമുണ്ടാകണമെന്നും നമുക്ക് ചിന്തിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? മഴക്കാലം മാറുമ്പോഴേക്കും പുഴകളിലെ ജലം വറ്റിപ്പോകുന്നതെന്താണെന്നും, അതിനുള്ള പ്രതിവിധിയെന്താണെന്നുമൊക്കെ നമ്മുടെ സര്‍ക്കാര്‍ ചിന്തിക്കാത്തതെന്തുകൊണ്ടാണ്? അത്രയും ചിന്താശേഷിയില്ലാത്ത ഭരണാധികാരികളും ഉദ്യോഗസ്ഥവൃന്ദവുമാണോ നമുക്കുള്ളത്? വര്‍ഷാവര്‍ഷം വരള്‍ച്ചവരുമ്പോള്‍ മാത്രം മഴവെള്ളക്കൊയ്ത്ത്, ഉപരിതലജലനീരൊഴുക്കിന്റെ സംരക്ഷണം, നീര്‍ത്തടസംരക്ഷണമെന്നൊക്കെപ്പറഞ്ഞ് കോടികള്‍ ചെലവഴിക്കുന്ന സമയത്തും, ഈ മഴപെയ്യാന്‍ സഹായിക്കുന്നതും, മഴവെള്ളത്ത സംരക്ഷിക്കുന്നതും, ഉപരിതലജലനീരൊഴുക്കിനെ നിശ്ചയിക്കുന്നതും, കേരളത്തിലെ 44 പ്രധാന തണ്ണീര്‍ത്തടങ്ങളെ നിലനിര്‍ത്തുന്നതുമൊക്കെയായ വനത്തെ സംരക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവാത്തതെന്തുകൊണ്ടാണ്? അയ്യപ്പപ്പണിക്കരുടെ കവിതയില്‍തന്നെ അവസാനിപ്പിക്കാം. കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത / കുടിലിന്റെ പൂക്കളുടെ മാനം കെടുത്താത്ത / കുലടയുടെ വേദാന്തപടുമൊഴികളോതാത്ത / തളരും മനുഷ്യരുടെ തലവെട്ടിവില്‍ക്കാത്ത / കുതറും മനുഷ്യന്റെ കുടല്‍മാല കീറാത്ത / നാടെവിടെ മക്കളേയെന്ന് കവി ചോദിക്കുമ്പോള്‍, അത്തരമൊരു കേരളം നമുക്കുണ്ടാകണമെങ്കില്‍, നമ്മുടെ സാംസ്‌കാരികലോകം അക്ഷന്തവ്യമായ മൗനം വെടിയാന്‍ തയ്യാറാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.