ഒബ്രോയി സഹായിച്ചു, ആ പത്തു ചെറുപ്പക്കാര്‍ തൂക്കുകയറില്‍ നിന്ന് ജീവിതത്തിലേക്ക്

Thursday 25 May 2017 1:27 pm IST

എസ്പിഎസ് ഒബ്രോയി

ചണ്ഡീഗഡ്: അറുപതു ലക്ഷം രൂപ കെട്ടിവച്ചപ്പോള്‍ തൂക്കുകയറില്‍ നിന്നു രക്ഷപ്പെട്ടത് പത്ത് ചെറുപ്പക്കാര്‍. വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ തലപ്പത്തിരിക്കുമ്പോഴും എസ്പിഎസ് ഒബ്രോയി എന്ന പഞ്ചാബുകാരന് പണം എന്നാല്‍ ആഡംബരത്തിനുള്ള ഉപാധിയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

യുഎഇയില്‍ ഒരു പാക്കിസ്ഥാന്‍കാരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പഞ്ചാബില്‍ നിന്നുള്ള പത്ത് ചെറുപ്പക്കാരെ വധശിക്ഷയ്ക്കു വിധിച്ചത്. കൊല്ലപ്പെട്ട ആളുടെ അച്ഛന്‍ മാപ്പു നല്‍കാന്‍ സമ്മതിച്ചതോടെ പണം കെട്ടിവെച്ചാല്‍ വധശിക്ഷയില്‍ നിന്ന് ഇവരെ ഒഴിവാക്കാം എന്നു കോടതി അറിയിച്ചു. മുന്‍പു പലപ്പോഴും എന്നതു പോലെ ഒബ്രോയി രംഗത്തു വന്നു. അറുപതു ലക്ഷം രൂപ കെട്ടിവെച്ച് ചെറുപ്പക്കാരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നു.

ഇപ്പോള്‍ രക്ഷിച്ച പത്തു ചെറുപ്പക്കാരേയും നാട്ടില്‍ തിരിച്ചുകൊണ്ടുവരും. ഇവിടെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനത്തിനായി രൂപീകരിച്ചിട്ടുള്ള സര്‍ബാത് ദാ ഭലാ ട്രസ്റ്റില്‍ എല്ലാവര്‍ക്കും ജോലി നല്‍കും. കോടതി നടപടികളില്‍ നിന്ന് ഇതുവരെ 88 പേരെ ഒബ്രോയി രക്ഷിച്ചിട്ടുണ്ട്.
ദുബായ് ആസ്ഥാനമായുള്ള ബിസിനസ് ശൃംഖലയുടെ മേധാവിയായ ഈ 59കാരന്റെ ആദ്യത്തെ മനുഷ്യത്വപരമായ ഇടപെടലല്ല ഇത്. ഒരു വര്‍ഷം 36 കോടി രൂപ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നുണ്ട് ഒബ്രോയി.

പട്യാലക്കാരനായ ഒബ്രോയി 1992ലാണ് ദുബായില്‍ എത്തിയത്. കണ്‍സ്ട്രക്ഷന്‍ ബിസിനസില്‍ നിന്ന് കോടികള്‍ സമ്പാദിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നു വിശേഷണമുള്ള ബുര്‍ജ് ഖലീഫയുള്‍പ്പെടുള്ളവയുടെ നിര്‍മാണത്തില്‍ ഒബ്രോയിയുടെ കമ്പനി പങ്കു വഹിച്ചിട്ടുണ്ട്. ഭക്ഷ്യോത്പാദന രംഗത്ത് ഹര്‍നാം എന്ന ബ്രാന്‍ഡ് അവതരിപ്പിച്ച് വിജയിപ്പിച്ചതും ഒേബ്രായിയാണ്. ബിസിനസില്‍ നിന്നുള്ള വരുമാനം വര്‍ധിക്കുമ്പോള്‍ ചാരിറ്റിക്കു വകയിരുത്തുന്ന പണവും കൂട്ടിക്കൊണ്ടിരിക്കും എന്നതാണ് തന്റെ നയമെന്ന് ഒബ്രോയി പറയുന്നു.

സാമൂഹ്യക്ഷേമത്തെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രശാഖയായ ഫിലാന്ത്രോപ്പിയില്‍ ഡോക്റ്ററേറ്റു സ്വന്തമാക്കിയിട്ടുണ്ട് ഒബ്രോയി. പഞ്ചാബിലെ തന്റെ ഗ്രാമത്തില്‍ തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു നേരത്തെ ആഹാരത്തിനും മരുന്നിനും കുഞ്ഞുങ്ങളെ പഠിപ്പിക്കാനും പണമില്ലാതെ അലയുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്. അവരുടെ എണ്ണം കണക്കാക്കുമ്പോള്‍ താന്‍ ചെയ്യുന്നതൊക്കെ എത്രയോ നിസ്സാരം, ഒബ്രോയി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.