കുടിവെള്ള ടാങ്ക് നിറഞ്ഞ് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു

Wednesday 29 March 2017 9:28 pm IST

പീരുമേട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കുടിവെള്ള ടാങ്ക് നിറഞ്ഞ് പതിനായിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നു. ഹെലുബറിയയിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ടാങ്കാണ് പമ്പ് ഓപ്പറേറ്ററുടെ അനാസ്ഥ മൂലം ദിവസവും നിറഞ്ഞ് ഒഴുകുന്നത്. കൊക്കയാര്‍ അടക്കം അഞ്ച് പഞ്ചായത്തുകളിലായി പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന കുടിവെള്ള പദ്ധതിയാണിത്. നാല് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഇവിടെ നിന്നും വിവിധ പഞ്ചായത്തുകളിലെ ടാങ്കുകളിലേയ്ക്ക് വെള്ളം എത്തിക്കുകയാണ് പതിവ്. രാത്രികാലങ്ങളിലാണ് ഹെലുബറിയയില്‍ പമ്പിങ് നടക്കുന്നത്. സമീപത്തെ പെരിയാറില്‍ നിന്നും വെള്ളം എത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം. എന്നാല്‍ പതിവായി ഇവിടെ ടാങ്ക് നിറഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകുകയാണ്. പെരിയാറില്‍ കടുത്ത ജലക്ഷാമം നേരിടുന്ന സമയത്ത് ഇത്തരത്തില്‍ വെള്ളം പാഴാക്കുന്നതിനെതിരെ കടുത്ത ജനരോക്ഷമാണ് ഉയരുന്നത്. സമീപവാസികൂടിയായ പമ്പ് ഓപ്പറേറ്റര്‍ മോട്ടോര്‍ പമ്പ് ഓണ്‍ ചെയ്ത ശേഷം വീട്ടില്‍പോയി കിട ന്നുറങ്ങു കയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ ഓണ്‍ ആക്കിയിട്ടതിനെ തുടര്‍ന്ന് നിരവധിതവണ മോട്ടോര്‍ കത്തിപോയിട്ടുമുണ്ട്. വെള്ളം പാഴാകുന്നത് സംബന്ധിച്ച് പീരുമേട് എഇയ്ക്ക് അടക്കം വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.