മാവേലിക്കര സഹകരണ ബാങ്ക് അഴിമതി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Wednesday 29 March 2017 9:34 pm IST

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ നടന്ന കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ബാങ്ക് സെക്രട്ടറിയെ സസ്‌പെന്റു ചെയ്തു. സെക്രട്ടറി അന്നമ്മ മാത്യുവിനെയാണ് ഇന്നലെ സസ്‌പെന്റു ചെയ്തത്. ബാങ്കില്‍ സഹകരണ നിയമം 65-ാം വകുപ്പ് പ്രകാരം നടന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് രജിസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടതെന്ന ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കെ.ജെ. സുമയമ്മാള്‍ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവര്‍ക്കെതിരെ 66ബി പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മായാ കെ. നായര്‍ക്കാണ് പകരം ചുമതല. ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എന്ന നിലയില്‍ തഴക്കര ശാഖയില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന ക്രമക്കേടുകള്‍ യഥാസമയം കണ്ടെത്തുന്നതില്‍ ഗുരുതര വീഴ്ച സെക്രട്ടറിക്കു സംഭവിച്ചതായും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയതു കാരണം തഴക്കര ശാഖയില്‍ മാത്രം 62.57 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തഴക്കര ബ്രാഞ്ചില്‍ 34.82 കോടി രൂപയുടെ അപഹരണം കൂടാതെ 28 കോടിയോളം രൂപയുടെ ദുര്‍വ്വിനിയോഗവും കണ്ടെത്തിയിട്ടുണ്ട്. സുരക്ഷിതമായ വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കണമെന്ന് സോഫ്റ്റ് വെയര്‍ വെണ്ടറുടെ നിര്‍ദ്ദേശം ബാങ്ക്് സെക്രട്ടറി അവഗണിച്ചതു വഴി കോടികളുടെ ക്രമക്കേടുകള്‍ക്കു വഴിതുറക്കുകയായിരുന്നു വെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. തഴക്കര ബ്രാഞ്ചില്‍ നടന്ന പാസ്‌വേഡ് ദുരുപയോഗവുമായി ബന്ധപ്പെട്ട് സെക്രട്ടറിക്കെതിരെ ആരോപണം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. ഹെഡ് ഓഫീസില്‍ നിന്നും തഴക്കര ബ്രാഞ്ച് മാനേജരുടെ വ്യജ ഒപ്പിട്ട് കൈപ്പറ്റിയിരിക്കുന്ന ആറര കോടിയോളം രൂപയുടെ ഇടപാടും സെക്രട്ടറി അറിഞ്ഞാണ് നടന്നിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.