മോഷണ വാഹനത്തില്‍ സ്പിരിറ്റ് കടത്ത്; നാല് പ്രതികള്‍ക്ക് തടവും പിഴയും

Wednesday 29 March 2017 9:38 pm IST

ചെങ്ങന്നൂര്‍: മോഷ്ടിച്ച വാഹനം ഉള്‍പ്പെടെ രണ്ട് വാഹനങ്ങളിലായി 700 ലിറ്റര്‍ സ്പിരിറ്റ് കടത്തുന്നതിനിടയില്‍ പോലീസ് പിടിയിലായ അന്തര്‍ സംസ്ഥാന സ്പിരിറ്റ് കടത്ത് സംഘത്തിലെ നാല് പ്രതികള്‍ക്ക് നാല് വര്‍ഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെക്ഷന്‍ കോടതി ജഡ്ജി. പി.പി. പൂജയാണ് ശിക്ഷവിധിച്ചത്. കേസിലെ ഒന്നാം പ്രതി കോട്ടയം വൈക്കം കുലശേഖരമംഗലം പുത്തന്‍പുരയില്‍ അഭിലാഷ്(അഭി-41), രണ്ടാം പ്രതി വൈക്കം വടയാര്‍ പള്ളിക്കവല തലയോലപ്പറമ്പ് പുത്തന്‍പുരയില്‍ അമല്‍ബാബു(27), നാലാം പ്രതി ചേര്‍ത്തല കൊക്കോതമംഗലം മരുത്തൂര്‍ വട്ടം കളരിക്കല്‍ വട്ടച്ചിറവീട്ടില്‍ നിന്നും തണ്ണീര്‍മുക്കം മുട്ടത്തില്‍പറമ്പ് ഷാപ്പ് കവലയില്‍ ശിവശക്തിയില്‍ സജി രാജന്‍(സജി-34), അഞ്ചാം പ്രതി വടക്കന്‍പറവൂര്‍ കരിമാലൂര്‍ മനക്കപ്പടി ആലങ്ങാട് ചാങ്ങയില്‍ കോളനിയില്‍ സനില്‍(26)എന്നിവരെയാണ് ശിക്ഷിച്ചത്. വാഹന മോഷണത്തിന് ഇവര്‍ക്കെതിരെ പാലക്കാട് സൗത്ത് പോലീസ് സ്‌റ്റേഷനിലും കേസെടുത്തിട്ടുണ്ട്. കേസിലെ മൂന്നാം പ്രതി വയനാട് സുല്‍ത്താന്‍ബത്തേരി പൂതാടി കല്ലുവെട്ടിഭാഗം കോണിച്ചിറ താന്നിക്കുഴിയില്‍ സുരേഷ് ബാബു(കുട്ടന്‍-42)നെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടു. ആറാം പ്രതി എറണാകുളം വടക്കന്‍പറവൂര്‍ പരവൂര്‍ തറകരയില്‍ കരിയാംപള്ളി ക്ഷേത്രത്തിന് സമീപം നിധിന്‍(33)നെ ഹൈക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സ്പിരിറ്റ് കടത്താനായി ഇവര്‍ ഉപയോഗിച്ച ക്വാളിസ് വാഹനം പാലക്കാട്ട് വര്‍ക്ക്‌ഷോപ്പില്‍ നിന്നും മോഷടിച്ചതാണന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഉടമസ്ഥനായ പാലക്കാട് സ്വദേശി ഷണ്‍മുഖന് നിരികെ നല്‍കാനും, വാഗണര്‍ കാര്‍് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവായി. 2011 ജനുവരി ആറിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച ക്വാളിസ് വാഹനം, ആറാം പ്രതി ദിവസ വാടകക്ക് നല്‍കിയ കാറിലും പാലക്കാട്ടുനിന്നും മാവേലിക്കരയിലെ രഹസ്യ സങ്കേതത്തിലേക്ക് സ്പിരിറ്റ് കടത്തുന്നതിനിടെ, പുലര്‍ച്ചെ 6.30ന് ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിന് സമീപം വച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. ചെങ്ങന്നൂര്‍ മുന്‍ സിഐ: ആര്‍.ജോസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വെണ്മണി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. 35ലിറ്റര്‍ വീതം കൊള്ളുന്ന 20 കന്നാസുകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റഞ്ചി ചെറിയാന്‍ ഹാജരായി. കോടതി വിട്ടയച്ച മൂന്നാം പ്രതിക്കുവേണ്ടി അഡ്വ. അശോക് കുമാര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.