കേന്ദ്രം പണമനുവദിച്ചു ഉറുദു അദ്ധ്യാപകര്‍ക്ക് ഓണറേറിയം

Thursday 25 May 2017 3:35 pm IST

കോഴിക്കോട്: ഉറുദുഭാഷാ അധ്യാപകരുടെ 2010-2011 വര്‍ഷത്തെ ഓണറേറിയം അനുവദിച്ചതായി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ സിറ്റിംഗില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാറില്‍ നിന്നു ലഭിക്കുന്ന ഓണറേറിയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് യഥാസമയത്ത് വിതരണം ചെയ്യാതിരുന്നതിനാല്‍ നഷ്ടപ്പെടുകയായിരുന്നു. ഇക്കാര്യം കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും തുക അനുവദിച്ചത്. ഉറുദു ഭാഷയുടെ പുരോഗമനത്തിനായാണ് അധ്യാപകര്‍ക്ക് ഓണറേറിയം അനുവദിക്കുന്നത്. സംസ്ഥാനത്തെ 208 അധ്യാപകര്‍ക്ക് ഇക്കാലയളവിലെ വാര്‍ഷിക ഓണറേറിയമായ 10000 രൂപ വീതം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുവയല്‍ പഞ്ചായത്തില്‍ അടുത്തടുത്തായി സ്ഥാപിച്ച രണ്ട് അനധികൃത ബസ് സ്റ്റോപ്പുകള്‍ നീക്കം ചെയ്യുന്നതിനായി മൈനോറിറ്റി ആക്ട് 12 പ്രകാരം റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രണ്ടു വ്യക്തികളുടെ സ്മരണാര്‍ഥം അടുത്തടുത്തായി സ്ഥാപിച്ച ബസ് സ്റ്റോപ്പുകള്‍ക്കിടയില്‍പ്പെട്ടുപോയ കട ആരും വാടകയ്‌ക്കെടുക്കാത്തതുമൂലം വരുമാനം നഷ്ടപ്പെട്ട കെ. റുഖിയ നല്‍കിയ പരാതിയി•േലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. മുമ്പ് മൂന്ന് തവണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും റോഡ്‌സ് ആന്റ് ബ്രിഡ്ജ്‌സ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിനായി മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും ഇതിനായി ഒരു പ്രധാന കേന്ദ്രവും ഉപകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെല്ലാം ആറുമാസത്തെ പരിശീലനവും നല്‍കുന്നുണ്ടെന്നും യുവാക്കള്‍ ഇതുപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ 44 കേസുകള്‍ പരിഗണിച്ചു. പത്തു കേസുകള്‍ ഉത്തരവായി. ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസ് സിറ്റിംഗില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.