പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റില്‍

Thursday 25 May 2017 2:49 pm IST

കാളിയാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. എന്‍ഞ്ചിനീയറിങ് ബിരുദധാരിയും കൊല്ലം ഓയൂര്‍ സ്വദേശിയുമായ വിഷ്ണു(27)വാണ് പുതിയ ഭാര്യയുടെ വീട്ടില്‍ നിന്നു പിടിയിലായത്. നാലര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ചുരുളഴിയുന്നത് പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയും പെണ്‍കുട്ടിക്ക് 15 വയസുള്ളപ്പോള്‍ 2012 ല്‍ വിവാഹം കഴിക്കുകയും ആയിരുന്നു. വീട്ടുകാരെയടക്കം ഭയപ്പെടുത്തി 18 വയസെന്ന് കാട്ടിയായിരുന്നു അന്ന് വിവാഹം. ഇതിന് ശേഷം പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു. ശേഷം ജോലി അന്വേഷിച്ച് ചെന്നൈയ്‌ക്കെന്ന് പറഞ്ഞ് യുവാവ് മുങ്ങുകയായിരുന്നു. ജോലി കിട്ടിയില്ലെന്നും പണം വേണമെന്നും ആവശ്യപ്പെട്ട് നിരന്തരം ശല്യമായതോടെ പെണ്‍കുട്ടി വീട്ടുജോലിക്ക് പോയി പണം അയച്ച് നല്‍കിയിരുന്നു. 2 വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ കൂട്ടുകാരിയെ വിവാഹം കഴിച്ച് ഇളംദേശത്തുള്ള വീട്ടില്‍ പ്രതി താമസിച്ച് വരികയായിരുന്നു. മുമ്പ് ഹൈറേഞ്ചിലായിരുന്ന പെണ്‍കുട്ടി ഇതൊന്നും അറിയാതെ കാളിയാര്‍ സ്റ്റേഷന്‍ പരിധിയിലേക്ക് സ്ഥലം മാറി വരികയായിരുന്നു. തന്റെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചെന്നും രണ്ട് മാസം പ്രായം ഉള്ള കുട്ടി ഉണ്ടെന്നും അറിഞ്ഞതോടെ പെണ്‍കുട്ടി കാളിയാര്‍ എസ്‌ഐക്ക് കഴിഞ്ഞ ദിവസം നേരിട്ടെത്തി പരാതി നല്‍കി. ഇതേത്തുടര്‍ന്ന് എസ്‌ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇളംദേശത്ത വീട്ടിലെത്തി പ്രതിയെ ചൊവ്വാഴ്ച രാത്രി പിടികൂടി. പോക്‌സോ നിയമ പ്രകാരവും വീട്ടുകാരെ അടക്കം കബളിപ്പിച്ച് പണം തട്ടിയതിനും കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.